
കോട്ടയം: കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ പുകഴ്ത്തി എംഎല്‍എ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. കേരള ഗവര്‍ണറായി ആരിഫ് മുഹമ്മദ് ഖാന് തുടരണമെന്നാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് വ്യക്തമാക്കിയത്. എല്ലാ വിഘ്നങ്ങളും മാറി അടുത്ത അഞ്ചു വര്‍ഷം കൂടി ഈ കേരളത്തില്‍ തന്നെ ഗവര്‍ണറായി ആദ്ദേഹം വരട്ടെയന്ന് ആശംസിക്കുകയാണെന്നായിരുന്നു തിരുവഞ്ചൂരിന്റെ് പരാമര്‍ശം.
കഴിഞ്ഞ അഞ്ചുവര്‍ഷക്കാലം ഗവര്‍ണര്‍ -സര്‍ക്കാര്‍ പോര് കടന്നുപോകുന്നതിനിടെയും പ്രതിപക്ഷമായ കോണ്‍ഗ്രസ് ഉള്‍പ്പെടെ വിമര്‍ശനം ഉന്നയിക്കുന്നതിനിടെയുമാണ് കോണ്‍ഗ്രസ് നേതാവ് ഗവര്‍ണറെ പുക്ഴത്തി രംഗത്തയെത്തിയത് . കേരള ഗവര്‍ണറായി ആരിഫ് മുഹമ്മദ് ഖാന് ഇന്ന് അഞ്ചു വര്‍ഷം പൂര്‍ത്തിയാക്കും. വീണ്ടും കേരള ജനതയ്ക്ക് മുന്നില്‍ ഒരു ഹെഡ് ഓഫ് സ്റ്റേറ്റ് എന്ന നിലയില്‍ ഗവര്‍ണര്‍ക്ക് നില്‍ക്കാനാകുമെന്ന് ഉറച്ച് വിശ്വസിക്കുകയാണെന്നും പ്രസംഗത്തില്‍ തിരുവഞ്ചൂര്‍ പറഞ്ഞു. കോട്ടയത്ത് ഗവര്‍ണര്‍ പങ്കെടുത്ത പരിപാടിയില്‍ ആണ് തിരുവഞ്ചൂരിന്റെ് പ്രസംഗം.
അതേസമയം പ്രസംഗം വിമര്‍ശനത്തിനിടയാക്കിയതോടെ വിശദീകരണവുമായി തിരുവഞ്ചൂര്‍ രംഗത്തെത്തി. ഭരണപരമായ ആധിപത്യം ഉണ്ടാക്കാന്‍ ശ്രമിച്ചാല്‍ അതിനെ എതിര്‍ക്കണം. ഗവര്‍ണറുടെ പോസിറ്റീവ് കാര്യങ്ങളെ സ്വാഗതം ചെയ്യുകയാണ്. അദ്ദേഹം ചെയ്ത കാര്യങ്ങളില്‍ കുറെയേറെ ശരികള്‍ ഉണ്ട്. ഒപ്പം യോജിക്കാന്‍ കഴിയാത്ത കാര്യങ്ങളുണ്ട്. യോജിക്കാന്‍ കഴിയാത്ത കാര്യങ്ങളോട് വിയോജിപ്പ് അപ്പോള്‍ തന്നെ പറഞ്ഞിട്ടുണ്ട്. ഗവർണർ തുടരുന്നു എന്ന കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് രാഷ്ട്രപതിയാണെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ പറഞ്ഞു






