
മലയാള സിനിമയിലെ പല പ്രമുഖ താരങ്ങളെക്കുറിച്ചും കഴിഞ്ഞ കുറെ ദിവസങ്ങളായി ലൈംഗികരോപണങ്ങള് കേള്‍ക്കുന്നുണ്ട്. അക്കൂട്ടത്തില്‍ കഴിഞ്ഞ ദിവസം നടൻ നിവിൻ പോളിയ്ക്കെതിരെയും ഗുരുതര പീഡനാരോപണവുമായി യുവതി രംഗത്തെത്തിയിരുന്നു. ആരോപണത്തിന് പിന്നാലെ പീഡന പരാതിയില്‍ അടിസ്ഥാനമില്ലെന്ന് അറിയിച്ച് നിവിന്‍ പോളി രംഗത്തെത്തി. മാധ്യമങ്ങളിലൂടെയാണ് വാർത്ത അറിഞ്ഞതെന്നും പരാതിക്കാരിയായ പെണ്‍കുട്ടിയെ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ലെന്നും ആരോപണം അടിസ്ഥാന രഹിതമാണെന്നുമാണ് താരം പ്രതികരിച്ചത്.
ഇപ്പോഴിതാ സംഭവത്തില്‍ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് നടി പാർവതി ആർ. കൃഷ്ണ. പീഡനം നടന്നുവെന്ന് പറയുന്ന ദിവസം നിവിൻ പോളിക്കൊപ്പം ‘വർഷങ്ങള്‍ക്കു ശേഷം’ സിനിമയുടെ സെറ്റില്‍ താനുമുണ്ടായിരുന്നുവെന്നാണ് പാർവതി പറയുന്നത്.
‘‘ഞാനൊരു വിഡിയോ കാണിക്കാം. ഇത് ഡിസംബർ 14 നെടുത്ത വിഡിയോയാണ്. ആ വിഡിയോ കാണുമ്പോള്‍ നിങ്ങള്‍ക്കു മനസ്സിലാകും ഇത് ഏതിന്റെ ഷൂട്ട് ആയിരുന്നു എന്നത്. വിനീതേട്ടന്റെ ‘വർഷങ്ങള്‍ക്കുശേഷം’ എന്ന സിനിമയില്‍ ഞാനും ചെറിയൊരു വേഷം ചെയ്തിട്ടുണ്ടായിരുന്നു. ഡിസംബർ 14ന് നിവിൻ ചേട്ടന്റെ കൂടെയാണ് ഞാനത് ചെയ്തത്. ആ പറയുന്ന സ്റ്റേജിലെ ഷൂട്ടില്‍ ഞാനും അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു. ഇന്നലെ വാർത്ത കണ്ടിട്ട് പലരും എനിക്ക് മെസ്സേജ് അയച്ചിരുന്നു. അതുകൊണ്ടാണ് ഇക്കാര്യം ഞാൻ തുറന്നു പറഞ്ഞത്...’’ പാര്‍വ്വതി പറയുന്നു. ‘‘സത്യം എപ്പോഴും ലളിതമാണ്...’’ എന്ന ക്യാഷ്ഷന് നല്‍കിയാണ് പാര്‍വ്വതി വീഡിയോ പങ്കിട്ടിരിക്കുന്നത്.
കഴിഞ്ഞ ദിവസം നടൻ ഭഗത് മാനുവലും വിനീത് ശ്രീനിവാസനും നിവിൻ പോളി തങ്ങള്‍ക്കൊപ്പമുണ്ടായിരുന്നുവെന്ന് പറഞ്ഞ് രംഗത്തെത്തിയിരുന്നു. 2023 ഡിസംബർ 14ന് സിനിമയുടെ സെറ്റില്‍ ഉണ്ടായിരുന്ന നിവിൻ പോളി പിറ്റേദിവസം, അതായത് ഡിസംബർ 15ന്, പുലർച്ചെ മൂന്ന് മണി വരെ വിനീത് ശ്രീനിവാസനോടൊപ്പം ഉണ്ടായിരുന്നു എന്നായിരുന്നു ഭഗത് പറഞ്ഞത്. ഇതിന് തെളിവായി ചില ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്. വിനീതിനും നിവിൻ പോളിക്ക് ഒപ്പം ഭഗത് മാനുവല്‍ അന്ന് പകർത്തിയ ചിത്രത്തിന്റെ ഡിസ്ക്രിപ്ഷൻ സഹിതമാണ് പോസ്റ്റ് ചെയ്തിട്ടുള്ളത്. ‘‘ഈ ഫോട്ടോയുടെ വിവരങ്ങളില്‍ ഡിസംബർ 14നാണ് ഇത് പകർത്തിയത് എന്ന് കാണാം. ഡിസംബർ 14ന് രാവിലെ എട്ടു മുതല്‍ 15ന് പുലർച്ചെ മൂന്നുവരെ വിനീതേട്ടനും നിവിനും ഞാനും ഒരുമിച്ചായിരുന്നു. ചിത്രങ്ങള്‍ തെളിവായി ഉണ്ട്...’’ എന്നാണ് ഭഗത് നല്കിയ ക്യാപ്ഷൻ.
വിനീത് ശ്രീനിവാസനും കഴിഞ്ഞ ദിവസം ഇക്കാര്യം തെളിവു സഹിതം പറഞ്ഞിരുന്നു. പരാതിക്കാരിയുടെ ആരോപണം അനുസരിച്ച് പീഡനം നടന്നുവെന്ന് പറയുന്ന ദിവസം നിവിൻ തന്റെ കൂടെയായിരുന്നുവെന്നാണ് വിനീത് പറയുന്നത്. ചിത്രങ്ങള്‍ തെളിവായി ഉണ്ടെന്നും വനീത് പറയുന്നു. ‘‘പതിനാലാം തീയതി രാവിലെ തൊട്ടാണ് നിവിന്റെ രംഗങ്ങള്‍ ഷൂട്ട് ചെയ്യുന്നത്. രാവിലെ 7 മണിയോടെ ഞങ്ങള്എല്ലാവരും ഒത്തുകൂടി. 8. 30 ആയപ്പോള്‍ തിയേറ്ററിനകത്തെ ഭാഗങ്ങള്‍ ചിത്രീകരിക്കാൻ തുടങ്ങി.
എറണാകുളം ന്യൂക്ലിയസ് മാളിലായിരുന്നു ഷൂട്ടിംഗ്. അതിന് ശേഷം ഒരു ഉദ്ഘാടന രംഗമാണ് ചിത്രീകരിച്ചത്. ഏതാണ്ട് 300 ഓളം ജൂനിയർ ആർട്ടിസ്റ്റുകള്‍ അവിടെയുണ്ടായിരുന്നു. ആ രംഗങ്ങള്‍ ഉച്ച മൂന്ന് മണിയോടെ തീർന്നു. പിന്നീട് ക്രൗണ്‍ പ്ലാസയിലാണ് ചിത്രീകരിച്ചത്. അവിടെ ഇൻട്രോ സീൻ അടക്കം അവിടെയാണ് ചിത്രീകരിച്ചത്.
പതിനഞ്ചിന് രാവിലെ 3 മണിവരെ ഷൂട്ട് നീണ്ടു. പിന്നെ കുറേ നേരം ഞങ്ങളോട് സംസാരിച്ചതിന് ശേഷമാണ് നിവിൻ പോയത്. അത് എളുപ്പം തെളിയിക്കാൻ സാധിക്കും. കാരണം ഇത്രയേറെ ആർട്ടിസ്റ്റുകള്‍ അവിടെയുണ്ടായിരുന്നു. അതിന് ശേഷം ഫാർമ എന്ന വെബ് സീരീസിന്റെ ചിത്രീകരണത്തിനായാണ് നിവിൻ പോയത്. അതും കേരളത്തില്‍ തന്നെയായിരുന്നു...’’ എന്നാണ് വിനീത് ശ്രീനിവാസൻ പറഞ്ഞത്.






