
ചായ ഇഷ്ടമില്ലാത്തതായി ആരും തന്നെ ഉണ്ടാകില്ല. രാവിലെ കുടിക്കുന്ന ഒരു ഗ്ലാസ് ചായ മതി അന്നേ ദിവസം മുഴുവന്‍ ഊര്‍ജ്ജസ്വലതയോടെ നില്ക്കാന്. അതുകൊണ്ട് നാട് വിട്ട് മറ്റെവിടേക്കെങ്കിലും പോയാല്‍ പോലും ചായയുടെ വെറൈറ്റി അന്വേഷിച്ച് നാം പോകാറുണ്ട്. കാരണം ചായ ഒരു വികാരമായി മാറിക്കഴിഞ്ഞു. കട്ടന്‍ ചായ, പാലൊഴിച്ച ചായ, മസാല ചായ തുടങ്ങി എന്തെല്ലാം തരം ചായകളാണ്. ഇത്തരത്തില്‍ ചായയുമായി ബന്ധപ്പെട്ട ഒരുപാട് വീഡിയോകള്‍ ഓരോ ദിവസവുമെന്നോണം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. അതുപോലെ ഒരു വീഡിയോയാണ് ഇതും.
ഈ ചായ വൈറലാകാന്‍ കാരണം എന്താണന്നല്ലേ? ഈ ചായ കണ്ടാല്‍ ഇത് ചായയാണോ അതോ പായസമാണോ എന്ന് പോലും ആളുകള്‍ സംശയിച്ചുപോകും. അമൃത്സറിലെ തിരക്കേറിയ തെരുവോരത്താണ് ഈ ചായക്കട പ്രവര്‍ത്തിക്കുന്നത്. ബദാമും പനിനീര്‍പ്പൂവിന്റെ ഇതളുകളും അടക്കം ചേര്‍ന്നതാണ് ഈ ചായ. ഇത് ചായയാണോ അതോ അല്ലേ എന്ന സംശയത്തിലാണ് ഇപ്പോള്‍ നെറ്റിസണ്‍സ്. ഫുഡ് വ്ലോഗറായ സുകൃത് ജെയിനാണ് ഈ ചായയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. പാല്, പൊടിച്ച ബദാം, പനിനീര്‍പ്പൂവിന്റെ ഇതളുകള്‍, ഏലം, വെണ്ണ എന്നിവയുള്‍പ്പെടെയുള്ള ചേരുവകള്‍ ഉപയോഗിച്ചാണ് ചായക്കടക്കാരന് ഈ സ്പെഷ്യല്‍ ചായ തയ്യാറാക്കുന്നത്. ഓരോ ഗ്ലാസിനും വില എത്രയാണ് എന്നതാണ് അടുത്തതായി ഞെട്ടിക്കുന്ന കാര്യം. 100 രൂപയാണ് ഇവിടെ ഒരു ഗ്ലാസ് ചായയ്ക്ക് വില.
'അമൃത്സറിലെ ഏറ്റവും വിലയേറിയ ചായ, ?ഗ്ലാസ് ഒന്നിന് 100 രൂപ വില' എന്നാണ് വീഡിയോയുടെ കാപ്ഷനില്‍ കുറിച്ചിരിക്കുന്നത്. വീഡിയോ വളരെ പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെട്ടു. നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. അതില്‍ രസകരമായ കമന്റുകള്‍ നല്കിയവരും ഉണ്ട്. 'ഈ ചായയില്‍ ചായപ്പൊടി എവിടെ' എന്നാണ് ചിലര്‍ ചോദിച്ചത്. മറ്റൊരാള്‍ കമന്റ് നല്‍കിയത്, 'ഇനി ഇതില്‍ മട്ടണ്‍ മസാലയും തൈരും മാത്രമേ ചേര്‍ക്കാന്‍ ബാക്കിയുള്ളൂ' എന്നാണ്.






