
ഇന്ന് സോഷ്യല്‍ മീഡിയയിലൂടെ വൈറലാകാന്‍ ശ്രമിക്കുന്ന ധാരാളം കണ്ടന്റ് ക്രിയേറ്റര്‍മാരുണ്ട്. പുതിയ പുതിയ കണ്ടന്റകള്ക്കായി ആരും ഇറങ്ങിച്ചെല്ലാന്‍ ധൈര്യം കാണിക്കാത്ത കാടുകളിലും ഗുഹകളിലും ഉപേക്ഷിക്കപ്പെട്ട വീടുകളിലും ഒക്കെ കയറിച്ചെല്ലുന്ന ഒരുപാട് വ്ളോഗര്‍മാരെ നാം കണ്ടിട്ടുണ്ട്. എന്നാലും അല്പം പോലും ഭയമില്ലാതെ ഇവര്‍ക്ക് എങ്ങനെയാണ് ഇതൊക്കെ സാധിക്കുന്നത് എന്ന് നാം ചിന്തിച്ചിട്ടുണ്ടാകും. അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
ഈ വീഡിയോയിലുള്ളത് വിചിത്രമായ ഒരു ടണലാണ്. അവസാനിക്കാത്ത അതിന്റെ പടിക്കെട്ടുകളാണ് കണ്ടന്റ് ക്രിയേറ്ററായ കാര്‍സ്റ്റണ്‍ റോബര്‍ട്ട് വീഡിയോയില്‍ പങ്കുവച്ചിരിക്കുന്നത്. റോബോര്‍ട്ടും സുഹൃത്തും ഒരു അടച്ചിട്ട വാതിലിന് മുന്നില്‍ നില്‍ക്കുന്നതാണ് വീഡിയോയില്‍ ആദ്യം കാണുന്നത്. ഗോവണിയിലൂടെ ഇറങ്ങുന്നതാണ് പിന്നെ കാണുന്നത്. പിന്നീട് വീണ്ടും ഒരു കോണിപ്പടിയിലൂടെ ഇറങ്ങുന്ന രംഗവും കാണാം.
വീഡിയോയില്‍ അധികം വീതിയില്ലാത്ത വളരെ ചെറിയ ചെറിയ പടികളാണ് കാണുന്നത്. ഇപ്പോള്‍ തീരും എന്ന് കാണുന്നവര്‍ക്ക് തോന്നുമെങ്കിലും പടിക്കെട്ടുകള്‍ അവസാനമില്ലാത്തതുപോലെ തുടരുന്നത് വീഡിയോയില്‍ കാണാം. അവസാനം ഒരു നിരപ്പുള്ള സ്ഥലത്തെത്തുന്നതും കാണാം.
എന്തായാലും റോബര്‍ട്ട് തന്നെ പങ്കുവച്ചിരിക്കുന്ന വീഡിയോ വളരെ പെട്ടന്നാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയത്. നിരവധിപ്പേര്‍ വീഡിയോയ്ക്ക് കമന്റുകളും നല്കി. 'ഇത് കണ്ടുതീര്‍ക്കാന്‍ പോലും ഓക്സിജന്‍ വേണം' എന്നാണ് ഒരാള്‍ കമന്റ് നല്‍കിയത്. ' ഇത് കാണുമ്പോള്‍ തനിക്ക് കാലിന്റെ മുട്ട് വേദനിക്കുന്നു' എന്ന് പറഞ്ഞയാളും ഉണ്ട്. ' ക്ലോസ്ട്രോഫോബിയ ഉള്ള ഒരാള്‍ക്ക് ഈ വീഡിയോ കാണാന്‍ പോലും സാധിക്കില്ല' എന്നാണ് മറ്റുചിലര്‍ കുറിച്ചത്.






