
ലെബനനില്‍ 32 പേരുടെ മരണത്തിന് ഇടയാക്കുകയും 3000 ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവം മദ്ധ്യേഷ്യയില്‍ പുതിയ യുദ്ധ കാഹളം മുഴക്കിയിരിക്കുകയാണ്. കിലോമീറ്ററുകള്‍ക്ക് അപ്പുറത്ത് ഇരുന്നുകൊണ്ട് ഇസ്രായേല്‍ നടത്തിയ ആക്രമണം ലോകത്തെ മുഴുവന്‍ ഞെട്ടിക്കുകയും അമ്പരപ്പിലാക്കുകയും ചെയ്തിട്ടുണ്ട്. സംഭവത്തിന്റേതായി പുറത്തുവരുന്ന വിവരങ്ങളില്‍ ഒരു മലയാളി സാന്നിദ്ധ്യവും മണക്കുന്നു.
പേജര്‍ ആക്രമണത്തില്‍ ഇസ്രായേലിനെ സഹായിച്ചവരില്‍ റിന്സണ് ജോസ് എന്ന യുവാവിന്റെ പേരും കേള്‍ക്കുന്നുണ്ട്. സംഭവത്തില്‍ കേരളത്തില്‍ ജനിച്ച നോര്‍വേ പൗരത്വമുള്ള റിന്സണ് ജോസിന്റെ പങ്കിനെക്കുറിച്ച് നോര്‍വേ പോലീസ് അന്വേഷണം തുടങ്ങിയിട്ടുള്ളതായിട്ടാണ് വിവരം. സ്ഫോടനത്തിന് ഉപയോഗിച്ച പേജറുകള്‍ വാങ്ങാന്‍ ഇസ്രയേലിനെ സഹായിച്ചതില്‍ റിന്‍സന്റെ പങ്കാണ് അന്വേഷിക്കുന്നത്.
ഇസ്രയേലിന്റെ ഷെല്‍ കമ്പനിയെന്ന് സംശയിക്കുന്ന ഹംഗറിയിലെ ബിഎസി കണ്‍സള്‍ട്ടിങ്ങില്‍ നിര്‍മിച്ചുവെന്ന് കരുതപ്പെടുന്ന പേജറുകള്‍ ഹിസ്ബുള്ളയ്ക്ക് കൈമാറാന്‍ ഇടനില നിന്നത് ഒരു ബള്‍ഗേറിയന്‍ ഷെല്‍ കമ്പനിയുടെ ഉടമയായ റിന്സണ് ആണോയെന്നാണ് സംശയം. ബള്‍ഗേറിയന്‍ തലസ്ഥാനമായ സോഫിയയിലെ ഒരു റസിഡന്‍ഷ്യല്‍ വിലാസത്തില്‍ 2022 ഏപ്രിലില്‍ സ്ഥാപിതമായ നോര്‍ട്ട ഗ്ളോബല്‍ എന്ന കമ്പനിയുടെ ഉടമസ്ഥന് റിന്സണ് ജോസാണ്്. ഈ കമ്പനി വഴിയാണ് ഇസ്രായേലിന്റെ ഷെല്‍ കമ്പനിയെന്ന് സംശയിക്കുന്ന ഹംഗറിയിലെ ബിഎസ് സി കണ്‍സള്‍ട്ടിംഗില്‍ നിന്നുമാണ് പേജറുകള്‍ പോയത്. ബിഎസ്സി കണ്‍സള്‍ട്ടിങ് കടലാസ് കമ്പനി മാത്രമാണെന്നാണ് വിവരം.
ഹിസ്ബുള്ളയ്ക്ക് കൈമാറിയ പേജറുകളുടെ പണമിടപാടുകള്‍ നോര്‍ട്ട ഗ്ലോബല്‍ വഴിയാണ് നടന്നിട്ടുള്ളത്. പേജര്‍ സ്ഫോടന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്ന ശേഷം നോര്‍ട്ട ഗ്ലോബല്‍ വെബ്സൈറ്റും റിന്സണുമെല്ലാം അപ്രത്യക്ഷമായിരിക്കുകയാണ്. അതേസമയം ഇസ്രായേലിന്റെ നിഗൂഡ പദ്ധതിയായ പേജര്‍ സ്ഫോടനത്തെക്കുറിച്ചോ ഇസ്രായേലി ഏജന്റായി പ്രവര്‍ത്തിച്ച ക്രിസ്റ്റ്യാന ആര്‍സിഡിയാക്കോണോ-ബാര്സണിയെക്കുറിച്ചോ റിന്സണ് അറിവുണ്ടായിരുന്നില്ല എന്നാണ് വിവരം. അവരുടെ ലോജിസ്റ്റിക്സ് എല്ലാം കൈകാര്യം ചെയ്തിരുന്നത് നോര്‍ട്ട ഗ്ലോബലാണ്.
റിന്‍സന്റെ കമ്പനിയില്‍ ജീവനക്കാരില്ലെന്നും ബള്‍ഗേറിയന്‍ ഷെല്‍ കമ്പനി ഏജന്‍സിയായ ഏജന്റസ്യ സ നോവി ഫേമിയുമായി ബന്ധമുള്ള വിലാസത്തില്‍ നിന്നാണ് കമ്പനി പ്രവര്‍ത്തിക്കുന്നതെന്നുമാണ് റിപ്പോര്‍ട്ടുകള്‍.






