
കോട്ടയം: സഹകരണ ബാങ്ക് തെരഞ്ഞെടുപ്പുകളില്‍ കേരള കോണ്‍ഗ്രസ് (എം)നെ അടുപ്പിക്കാതെ സി.പി.എം. പ്രതിഷേധത്തിന്റെ ഭാഗമായി ഇടതു യോഗങ്ങളില്‍നിന്നു വിട്ടുനില്‍ക്കാന്‍ കേരള കോണ്‍ഗ്രസ് (എം) പ്രാദേശിക തലങ്ങളില്‍ തീരുമാനം. പാര്‍ട്ടിക്ക് സ്വാധീനമുള്ള കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പുകളില്നിന്നാണു കേരള കോണ്‍ഗ്രസി(എം)നെ മുന്നണിയില്‍നിന്ന് ഒഴിവാക്കിയത്.
കോട്ടയം ജില്ലയില്‍ പനച്ചിക്കാട് സഹകരണ ബാങ്കിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് രണ്ടു സീറ്റ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കേരള കോണ്‍ഗ്രസിന് പനച്ചിക്കാട്ട് പ്രവര്‍ത്തകരില്ലാത്തതിനാല്‍ സീറ്റ് നിഷേധിക്കുന്നുവെന്നാണ് സി.പി.എം. നേതൃത്വം അറിയിച്ചതെന്നു കേരള കോണ്‍ഗ്രസ് ജില്ലാ നേതൃത്വം പറയുന്നു. പിന്നീട് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച കാരപ്പുഴ സഹകരണ ബാങ്കിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിലും കേരള കോണ്‍ഗ്രസി(എം)നെ മുന്നണിയില്‍ കൂട്ടിയില്ല. ഏറ്റവും ഒടുവില്‍ കുമാരനെല്ലൂര്‍ സഹകരണ ബാങ്കിലേക്കുള്ള സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചപ്പോഴും സി.പി.എം.ഏകപഷീയമായി സ്ഥാനാര്‍ഥികളെ തീരുമാനിക്കുകയായിരുന്നു.
ഇതില്‍ പ്രതിഷേധിച്ച് ഇന്നലെ കേരള കോണ്‍ഗ്രസ് (എം) മണ്ഡലം കമ്മറ്റി യോഗം ചേര്‍ന്ന് ഇനി ഇടതുമുന്നണിയുമായി ഒരു സഹകരണവും വേണ്ടന്ന് തീരുമാനിച്ചു. പാലായിലടക്കം കേരള കോണ്‍ഗ്രസിന്റെ ഭൂരിപക്ഷത്തില്‍ ഭരിക്കുന്ന സഹകരണബാങ്കുകളില്‍ നടന്ന തെരഞ്ഞെടുപ്പുകളില്‍ സി.പിഎമ്മിനെ കൂടി ഉള്‍പ്പെടുത്തിയാണ് മത്സരിച്ചത്. ഈ സഹകരണം സി.പി.എം. കേരള കോണ്‍ഗ്രസിനോട് കാണിക്കുന്നില്ലെന്നാണ് കേരള കോണ്‍ഗ്രസ് ജില്ലാ നേതൃത്വത്തിന്റെ പരാതി. മാത്രമല്ല യു.ഡി.എഫിന്റെ ഭാഗമായി നിന്നപ്പോള്‍ എല്ലാ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസിനൊപ്പം തന്നെ കേരള കോണ്‍ഗ്രസി(എം)നും സീറ്റ് ലഭിച്ചിരുന്നു. എന്നാല്‍ ഇടതുപക്ഷത്ത് എത്തിയപ്പോള്‍ തീര്‍ത്തും അവഗണിക്കപ്പെടുകയാണെന്നാണ് പാര്‍ട്ടിയിലെ പ്രാദേശിക നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞ തദേശ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് നേട്ടം ഉണ്ടാക്കി കൊടുത്തത് കേരള കോണ്‍ഗ്രസ് എല്‍.ഡി.എഫിന്റെ ഭാഗമായതിനാലാണെന്നത് സി.പി.എം. വിസ്മരിക്കരുതെന്നാണ് കേരള കോണ്‍ഗ്രസ് നേതൃത്വം പറയുന്നത്.
ഇടതുമുന്നണി നടത്തുന്ന പ്രതിഷേധ പരിപാടികള്‍ക്കടക്കം കേരള കോണ്‍ഗ്രസ് (എം) ഉള്‍പ്പടെയുള്ള ഘടക കക്ഷികള്‍ വിഹിതം അടയ്ക്കണം. എന്നാല്‍ സീറ്റ് വിഭജനം വരുമ്പോള്‍ ഈ വിഹിതം സി.പി.എം. നേതൃത്വം മറക്കുകയാണെന്നാണ് കേരള കോണ്‍ഗ്രസിന്റെ പരാതി. തദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് ഇനി ഒരു വര്‍ഷം മാത്രം ബാക്കി നില്‍ക്കേ സഹകരണ ബാങ്കുകളിലേക്കുളള തെരഞ്ഞെടുപ്പില്‍ സ്വീകരിച്ച നയമാണ് സി.പി.എം. സ്വീകരിക്കുന്നതെങ്കില്‍ യു.ഡി.എഫുമായുള്ള ബന്ധം പുനസ്ഥാപിക്കുന്നത് ചര്‍ച്ച ചെയ്യണമെന്നാണു പാര്‍ട്ടിയിലെ പ്രാദേശിക നേതാക്കളുടെ പൊതുവികാരം.






