
കാര്‍വാര്‍: നെഞ്ചുലഞ്ഞ കാത്തിരിപ്പുകള്‍ക്കും പ്രാര്‍ത്ഥനകള്‍ക്കും വിരാമമിട്ടുകൊണ്ട് അര്‍ജുന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നപടികള്‍ക്ക് ഇന്ന് തുടക്കമാകും. നടപടികള്‍ വേഗം പൂര്‍ത്തീകരിച്ച് മൃതദേഹം നാളെ ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കാനാണ് നീക്കം. ഇന്നലെ മൂന്നാം ഘട്ട തെരച്ചിലില്‍ അര്‍ജുന്റെ ലോറിയും മൃതദേഹവും കണ്ടെത്തിയിരുന്നു. ലോറിയുടെ ക്യാബിനില്‍ നിന്നുമാണ് മൃതദേഹാവശിഷ്ടങ്ങള്‍ സംസ്ഥാന ദുരന്ത പ്രതികരണ സേന കണ്ടെത്തിയത്. 71 ദിവസം നീണ്ട അന്വേഷണത്തിനൊടുവില്‍ 12 മീറ്റര്‍ ആഴത്തില്‍ നിന്നുമാണ് കണ്ടെത്തിയത്.
ലോറി പൂര്‍ണ്ണമായും കരകയറ്റാന്‍ ഇന്നും ശ്രമം നടക്കും. ഇന്നലെ ക്രെയിന്റെ വടം പൊട്ടിയതിനാല്‍ ദൗത്യം അവസാനിപ്പിച്ചിരുന്നു. അര്‍ജുനെയും ലോറിയെയും കണ്ടെത്താന്‍ രാപ്പകലില്ലാതെ കഷ്ടപ്പെട്ടവര്‍ക്ക് കുടുംബം നന്ദി പറഞ്ഞു. അര്‍ജുനെ അവിടെ ഇട്ടിട്ട് പോരില്ലെന്ന് ദൃഡനിശ്ചയം എടുത്തിരുന്നതായും മൂന്നാം ഘട്ടത്തില്‍ കണ്ടെത്താനാകുമെന്ന് പ്രതീക്ഷയുണ്ടായിരുന്നതായും അര്‍ജുന്റെ സഹോദരി അഞ്ജുവും സഹോദരനും മാധ്യമങ്ങളോട് പ്രതികരിച്ചു. ചേട്ടനെ ഓര്‍മ്മകളിലേക്കെങ്കിലും കിട്ടിയെന്നും നീണ്ട നാളത്തെ കാത്തിരിപ്പിനാണ് അവസാനമായതെന്നും അര്‍ജുന്റെ സഹോദരനും പ്രതികരിച്ചു. മൃതദേഹം ഇപ്പോള്‍ കാര്‍വാര്‍ ആശുപത്രിയിലാണ്. ഡിഎന്‍എ സാംപിള്‍ ശേഖരിച്ചിട്ടുണ്ട്.
എല്ലുകളുടെ ഒരുഭാഗം മംഗളുരുവിലെ എഫ്എസ്എല് ലാബിലേക്ക് അയച്ചിട്ടുണ്ട്. അതിന്റെ ഫലം ഇന്ന് പുറത്തുവരും. അര്‍ജുനെ കിട്ടാന്‍ ഒരുപാട് ബഹളമുണ്ടാക്കേണ്ടി വന്നെന്നും കുടുംബത്തിന് വേണ്ടി ജീവിച്ചയാളാണ് അര്‍ജുനെന്നും കുടുംബത്തിന് എല്ലാം നഷ്ടമായല്ലോ എന്നുമാണ് സങ്കടമെന്ന് ലോറി ഉടമ മനാഫ് പ്രതികരിച്ചു. ലോറി പുറത്തെടുക്കാന്‍ ഇന്നും തെരച്ചില്‍ തുടരും. കാണാതായ രണ്ടുപേര്‍ക്കായുള്ള തെരച്ചില്‍ ഗംഗാവാലി പുഴയില്‍ തുടരും. കാണാതായ ലോകേഷ്, ജഗന്നാഥന് എന്നിവര്‍ക്കായുള്ള തെരച്ചിലും ഇന്ന് നടക്കും.






