
തിരുവനന്തപുരം: മുഖ്യമന്ത്രിയെ ലക്ഷ്യമിട്ട് പി.വി. അന്‍വര്‍ നടത്തിയ രൂക്ഷമായ വിമര്‍ശനത്തില്‍ പ്രതിരോധവുമായി സിപിഎം നേതാക്കള്‍. അന്‍വറിന്റെ പ്രതികരണം ഗൂഡാലോചനയുടെ ഭാഗമെന്ന് എ.കെ. ബാലന് പ്രതികരിച്ചപ്പോള്‍ അന്‍വര്‍ ഒറ്റുകാരന്റെ ജോലി ചെയ്യുന്നതായിട്ടാണ് സജി ചെറിയാന്റെ ആരോപണം.
പാര്‍ട്ടിസമ്മേളനങ്ങളിലെ ചര്‍ച്ചകള്‍ മുഖ്യമന്ത്രിക്ക് എതിരേയാക്കാനുള്ള ഗൂഡാലോചനയാണ് അന്‍വര്‍ നടത്തുന്നതെന്നാണ് എ.കെ. ബാലന് ആരോപിച്ചത്. ഇടതുപക്ഷത്തോട് ചേര്‍ന്നുനിന്നുകൊണ്ട് ഒറ്റുകാരന്റെ ജോലിയാണ് അന്‍വര്‍ ചെയ്യുന്നതെന്നാണ് സജി ചെറിയാന് ആരോപിച്ചത്. അന്‍വര്‍ പണിയെടുക്കുന്നത് വര്‍ഗ ശത്രുക്കള്‍ക്ക് വേണ്ടിയാണ്, നയിക്കുന്നത് നിക്ഷിപ്ത താല്പര്യങ്ങളാണ്. വലതുപക്ഷത്തിന്റെ അച്ചാരം വാങ്ങി പിണറായി വിജയനെ അധിക്ഷേപിച്ചുകളയാം എന്ന് കരുതിയാല്‍ ആ പരിപ്പ് ഇവിടെ വേവില്ലെന്നും സജി ചെറിയാന് പ്രതികരിച്ചു.
നേരത്തേ വിവാദങ്ങള്‍ക്കിടെ മുഖ്യമന്ത്രി പിണറായി വിജയനും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും കൂടിക്കാഴ്ച്ച നടത്തി. ഡല്‍ഹിയിലെ കേരള ഹൗസിലായിരുന്നു കൂടിക്കാഴ്ച്ച. എന്നാല്‍ വിഷയത്തില്‍ എംവി ഗോവിന്ദന് പ്രതികരിക്കാന്‍ തയ്യാറിയില്ല. അന്‍വര്‍ വിവാദത്തില്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തോട് ഉച്ചയ്ക്ക് വാര്‍ത്താ സമ്മേളനം വിളിക്കും. അപ്പോള്‍ പ്രതികരിക്കാമെന്നായിരുന്നു മറുപടി.
അന്‍വര്‍ പാര്‍ട്ടിക്കെതിരെ കടന്നാക്രമണം നടത്തിയത് ഏതോ കേന്ദ്രങ്ങളില്‍ നടത്തിയ ഗുഢാലോചനയുടെ ഫലമെന്നാണ് ടി പി രാമകൃഷ്ണന് പ്രതികരിച്ചത്. ഏതോ കേന്ദ്രങ്ങളില്‍ നടത്തിയ ആലോചനയിലാണ്. വ്യാപകമായ പ്രചാര വേല യുഡിഎഫും ബിജെപിയും മുന്നണിയുടെ ശത്രുക്കളും നടത്തിയിട്ടുണ്ട്. ടി പി രാമകൃഷ്ണന് പറഞ്ഞു. സിപിഐഎം പോളിറ്റ് ബ്യൂറോ യോഗം ഇന്ന് ഡല്‍ഹിയില്‍ നടക്കും. ഇന്നും നാളെയുമാണ് പോളിറ്റ് ബ്യൂറോ നടക്കുന്നത്. അതിനായി മുതിര്‍ന്ന സിപിഐഎം നേതാക്കളെല്ലാം ഡല്‍ഹിയിലാണ്.






