
ഇന്ന് ലോകത്തിന്റെ പല ഭാഗത്തും ജോലി മേഖലയിലെ സമ്മര്‍ദ്ദം മൂലം ആളുകള്‍ മരിച്ചുവീഴുന്നത് പതിവ് സംഭവമായിമാറിക്കൊണ്ടിരിക്കുകയാണ്. ഇതിനെ തുടര്‍ന്ന് ജോലി സ്ഥലത്ത് അഭിമുഖീകരിക്കേണ്ടി വരുന്ന സമ്മര്‍ദ്ദങ്ങളെ കുറിച്ചും, അധിക മണിക്കൂറുകള്‍ ജോലി ചെയ്യുന്നതിനെ കുറിച്ചുമെല്ലാമുള്ള വലിയ ചര്‍ച്ചകള്‍ നടന്നു കൊണ്ടിരിക്കുകയാണ്. പൂനെയില്‍ ഏണസ്റ്റ് ആന്‍ഡ് യങ് കമ്പനിയിലെ ചാര്‍ട്ടേഡ് അക്കൗണ്ടന്റായിരുന്ന അന്ന സെബാസ്റ്റ്യന്റെ മരണത്തെ തുടര്‍ന്നാണ് ഇത്തരത്തിലുള്ള വലിയ ചര്‍ച്ചകള്‍ ഇവിടെ ഉയര്‍ന്നു വന്നത്. അന്നയുടെ മരണത്തെ തുടര്‍ന്ന് നിരവധിപ്പേരാണ് അവരവരുടെ തൊഴിലിടങ്ങളില്‍ അഭിമുഖീകരിക്കേണ്ടി വരുന്ന പ്രശ്നങ്ങളെ കുറിച്ച് തുറന്നു പറഞ്ഞുകൊണ്ട് മുന്നോട്ട് വന്നത്. അതുണ്ടാക്കുന്ന മാനസികവും ശാരീരികവുമായ ബുദ്ധിമുട്ടുകളെ കുറിച്ചാണ് പലരും തുറന്നെഴുതിയത്. എന്നാല്‍, ലോകത്ത് പല രാജ്യങ്ങളിലും ജോലി സംബന്ധമായി ആളുകള്‍ സമ്മര്‍ദ്ദം അനുഭവിക്കുന്നുണ്ട്. ഇപ്പോഴിതാ തായ്ലാന്ഡില് 30 വയസുള്ള ഒരു ഫാക്ടറി ജീവനക്കാരി അസുഖത്തെ തുടര്‍ന്ന് മരിച്ചതായിട്ടുള്ള വാര്‍ത്തയാണ് വീണ്ടും ചര്‍ച്ചയാകുന്നത്.
സൂപ്പര്‍വൈസര്‍ ഇവര്‍ക്ക് സിക്ക് ലീവ് (മെഡിക്കല്‍ ലീവ്) നിഷേധിച്ചതായിട്ടാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ബാങ്കോക്കിന്റെ തെക്ക് ഭാഗത്തുള്ള സമുത് പ്രകാന്‍ പ്രവിശ്യയിലാണ് സംഭവം നടന്നത്. ഡെല്‍റ്റ ഇലക്ട്രോണിക്സ് തായ്ലന്‍ഡിന്റെ ഉടമസ്ഥതയിലുള്ള ഒരു നിര്‍മ്മാണ പ്ലാന്റില്‍ ജോലി ചെയ്തിരുന്ന സ്ത്രീയാണ് മരിച്ചത്. മേയ് എന്നാണ് മരിച്ച യുവതിയുടെ പേര് എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇവര്‍ വന്‍കുടല്‍ വീക്കത്തിന് ചികിത്സയിലായിരുന്നു. സെപ്റ്റംബര്‍ 5 മുതല്‍ 9 വരെ മെഡിക്കല്‍ ലീവ് എടുത്തിരുന്നു. നാല് ദിവസം മേയ് ആശുപത്രിയിലും ആയിരുന്നു. സുഖം പ്രാപിക്കുന്നതിനായി രണ്ട് ദിവസം വീട്ടില്‍ വിശ്രമിക്കാന്‍ ആവശ്യപ്പെട്ടിരുന്നതായും ബാങ്കോക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. അങ്ങനെയാണ് സപ്തംബര്‍ 12 വരെ അവള് സിക്ക് ലീവ് ആവശ്യപ്പെടുന്നത്. എന്നാല്‍, സൂപ്പര്‍വൈസര്‍ ആ അഭ്യര്‍ത്ഥന നിരസിക്കുകയായിരുന്നു. ആരോഗ്യം മോശമായിരുന്നിട്ടും മേയ് ജോലിക്ക് ചെല്ലാന്‍ നിര്‍ബന്ധിതയായി എന്നാണ് ആരോപണം. എത്തി 20 മിനിറ്റിനുള്ളില്‍ തന്നെ അവള് ഫാക്ടറിയിലെ നിലത്ത് തളര്‍ന്നു വീഴുകയായിരുന്നു. പെട്ടെന്ന് തന്നെ അവളെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചു. സര്‍ജറി ചെയ്തെങ്കിലും ജീവന് രക്ഷിക്കാനായില്ല.
സംഭവത്തില്‍ ഡെല്‍റ്റ ഇലക്ട്രോണിക്സ് തായ്ലന്ഡ് പ്രതികരിച്ചിട്ടുണ്ട്. തങ്ങളുടെ ജീവനക്കാരിയെ നഷ്ടപ്പെട്ടതില്‍ അഗാധമായ ഖേദം പ്രകടിപ്പിക്കുന്നുവെന്നായിരുന്നു കമ്പനിയുടെ പ്രതികരണം. സിഇഒ വിക്ടര്‍ ചെങ് പറഞ്ഞത്, ''ഡെല്‍റ്റ ഇലക്ട്രോണിക്സിന്റെ വിജയത്തിന്റെ അടിത്തറ തങ്ങളുടെ ജോലിക്കാരാണ്. ഈ നഷ്ടം ഞങ്ങളെ തകര്‍ക്കും വിധത്തിലുള്ളതാണ്. ഈ ശ്രമകരമായ സമയത്ത് ജീവനക്കാരിയുടെ കുടുംബത്തിന് അചഞ്ചലമായ പിന്തുണ നല്‍കുക എന്നതിനാണ് തങ്ങള്‍ മുന്‍ഗണന നല്‍കുന്നത്. ഡെല്‍റ്റ ഇലക്ട്രോണിക്സ് സുതാര്യതയുടേയും ഉത്തരവാദിത്തത്തിന്റേയും കാര്യത്തില്‍ പ്രതിജ്ഞാബദ്ധമാണ്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുമ്പോള്‍ എല്ലാവരേയും അറിയിക്കും'' എന്നാണ്.






