
ഇന്ന് ശരീര സൗന്ദര്യവും ആരോഗ്യവും കാത്തുസൂക്ഷിക്കുന്നവരാണ് ഭൂരിഭാഗം പേരും. അതുകൊണ്ട് തന്നെ പലതരത്തിലുള്ള ഡയറ്റുകളും നമ്മള് കണ്ടിട്ടുണ്ടാവും. ഇന്ന് നമ്മുടെ സംസ്കാരത്തിന്റെ ഭാഗം തന്നെയായി മാറിയിട്ടുണ്ട് ഡയറ്റുകളും വര്‍ക്കൗട്ടുകളുമെല്ലാം. മിക്കവാറും ആളുകള്‍ ഇന്ന് ഇതെല്ലാം പിന്തുടരുന്നവരാണ്. ഡയറ്റില്‍ മീനുകള്‍ ഉള്‍പ്പെടുത്തണം എന്ന് പലപ്പോഴും ഡോക്ടര്‍മാര്‍ പറയാറുണ്ട്. ശരീരഭാരം കുറക്കാനും കൃത്യമായ അളവില്‍ പച്ചക്കറികളും പഴങ്ങളും നട്സുകളും മുട്ടയും ഇറച്ചിയും മീനും ഒക്കെ ഉള്‍പ്പെടുത്തണം എന്നും പറയാറുണ്ട്. എന്നാല്‍, അതില്‍ ഒരിനം മാത്രം കഴിക്കാന്‍ ആരും അങ്ങനെ നിര്‍ദ്ദേശിക്കാറില്ല. ആരോഗ്യപ്രശ്നങ്ങളാണ് അതിന് കാരണമായി പറയാറ്.
എന്നാല്‍, ഫ്ലോറിഡയില്‍ നിന്നുള്ള ഒരു സ്ത്രീ പറയുന്നത്, താന്‍ മീന്‍ മാത്രം കഴിച്ചുകൊണ്ട് ശരീരഭാരം കുറച്ചു എന്നാണ്. കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് ഫ്ലോറിഡയില്‍ നിന്നുള്ള 62 -കാരിയായ ജെയ്ന്‍ ക്രമ്മെറ്റിന്റെ ഭാരം 240 പൗണ്ട് (109 കിലോഗ്രാം) ആയിരുന്നു. ഈ അമിതഭാരം കാരണം നടക്കുന്നത് അവള്‍ക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. അതിനാല്‍ തന്നെ അവര്‍ ഒരു ഡോക്ടറെ സമീപിച്ചു. ഡോക്ടര്‍ പറഞ്ഞതനുസരിച്ച് ഭക്ഷണം കഴിക്കുന്ന കാര്യത്തില്‍ മാറ്റങ്ങളും വരുത്തി. പക്ഷേ, അതുകൊണ്ട് വലിയ മാറ്റമൊന്നും തന്നെ ഉണ്ടായില്ല. തന്റെ കാലുകള്‍ എപ്പോഴും വേദനിക്കാറുണ്ടായിരുന്നു എന്നും നീര് വയ്ക്കാറുണ്ടായിരുന്നു എന്നും ജെയ്ന്‍ പറയുന്നു. അത് മാത്രമല്ല, തനിക്ക് എപ്പോഴും വിശന്നുവെന്നും കാണുന്നതെല്ലാം കഴിക്കുന്ന അവസ്ഥയായിരുന്നു എന്നും അവര്‍ പറയുന്നുണ്ട്.
ഒടുവിലാണ് അവള് ഡയറ്റീഷ്യനായ ഡോ. ആനെറ്റ് ബോസ്വര്ത്തിനെ കാണുന്നത്. ഡോ. ആനെറ്റാണ് മീന്‍ മാത്രം കഴിച്ചുകൊണ്ടുള്ള ഡയറ്റ് നിര്‍ദ്ദേശിക്കുന്നത്. മൂന്ന് മാസം ഡയറ്റ് പിന്തുടരാനാണ് പറഞ്ഞത്. അത് ദഹനം എളുപ്പത്തിലാക്കി മാറ്റുമെന്നും കൊഴുപ്പ് എരിച്ചുകളയുമെന്നും ഡയറ്റീഷ്യന് പറഞ്ഞിരുന്നു. ജെയ്ന്‍ പറയുന്നത്, ഒടുവില്‍ തന്റെ ശരീരഭാരം വളരെ അധികം കുറഞ്ഞു എന്നാണ്. മൊത്തം 15 കിലോ താന്‍ കുറഞ്ഞു എന്നാണ് ജെയ്നിന്റെ വാദം. എന്നാല്‍, അതേസമയം തന്നെ ഏതെങ്കിലും ഒരു പ്രത്യേകതരം ഭക്ഷണം മാത്രം കഴിച്ചുകൊണ്ടുള്ള ഡയറ്റ് പൊതുവെ വിദഗ്ദ്ധര്‍ പ്രോത്സാഹിപ്പിക്കാറില്ല. ഒപ്പം ഓര്‍ക്കുക, ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.






