
ഫ്ലോറിഡയിൽ 225 കി.മീ വേഗതയിൽ വീശിയടിച്ച ഹെലീൻ ചുഴലിക്കാറ്റ്കനത്ത നാശം വിതച്ചു. ഫ്ലോറിഡയിലെ ചെറിയ പട്ടണമായ സ്റ്റെയ്ൻഹാച്ചിയിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായത്. ഇവിടങ്ങളിലെ കെട്ടിടങ്ങൾക്ക് വ്യാപക കേടുപാട് സംഭവിച്ചു.
"ഇത് ഹൃദയഭേദകമാണ്. ഞങ്ങൾ ഭൂപടത്തിൽ നിന്ന് തുടച്ചുനീക്കപ്പെട്ടു. ഒന്നും ബാക്കിയില്ല. ഇനി എല്ലാം പുനർനിർമിക്കണം"- വീട് പൂർണമായും നഷ്ടപ്പെട്ട ഡോണ ലാൻഡൻ എന്ന യുവതി പറഞ്ഞു. അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള വൈദ്യുതി ജീവനക്കാർ സ്റ്റെയിൻഹാച്ചിയിൽ എത്തി വൈദ്യുതി പുനസ്ഥാപിക്കാൻ ശ്രമം തുടരുകയാണ്. എന്നാൽ പൂർണമായി പുനസ്ഥാപിക്കാൻ ആഴ്ചകളെടുക്കുമെന്നാണ് പുറത്തുവരുന്ന വിവരം.
ഹെലീൻ ചുഴലിക്കാറ്റിൽ അമേരിക്കയിൽ മരണം 95 ആയി. സൗത്ത് കരോലിന, ജോർജിയ, ഫ്ലോറിഡ, നോർത്ത് കരോലിന, വിർജീനിയ, ടെന്നസി എന്നീ ആറ് സംസ്ഥാനങ്ങളിലാണ് ചുഴലിക്കാറ്റ് നാശം വിതച്ചത്. 600ഓളം പേരെ കാണാനില്ലെന്നും റിപ്പോർട്ടുണ്ട്.






