
കൊച്ചി: സാമൂഹ്യക്ഷേമ പെന്ഷന് നല്കാന് പോലും പണമില്ലാത്ത സര്‍ക്കാരാണ് പിആര്‍ ഏജന്‍സിക്ക് പണം നല്‍കുന്നതെന്നും കിങ്കരന്മാരെ കൊണ്ട് വിശദീകരിക്കാതെ മുഖ്യമന്ത്രി നേരിട്ട് മറുപടി പറയണമെന്നും മുന്‍ കേന്ദ്രമന്ത്രി വി. മുരളീധരന്. ലക്ഷകണക്കിന് രൂപ ശമ്പളം കൊടുത്ത് പി ആര് ഡി ഉദ്യോഗസ്ഥരെ വെച്ചിരിക്കുന്നത് എന്തിനാണെന്നും അവരെ പിരിച്ചു വിടണമെന്നും പറഞ്ഞു.
കഴിഞ്ഞ 8 വര്‍ഷകാലയളവില്‍ പി.ആര്. വര്‍ക്കുകള്‍ക്കായി ഇങ്ങിനെ എത്ര തുക ചിലവഴിച്ചു എന്ന് മുഖ്യമന്ത്രി വിശദമാക്കണം. രാജ്യദ്രോഹ കുറ്റം നടക്കുന്നു എന്ന് പൊതുവേദിയിലും മാധ്യമങ്ങളിലും പറയുന്നതിന് പകരം അതില്‍ എന്ത് നടപടി എടുത്തു എന്നതാണ് അറിയേണ്ടതെന്നും പറഞ്ഞു. കരിപ്പൂരിലായാലും തിരുവനന്തപുരത്ത് ആയാലും സ്വര്‍ണക്കടത്ത് എവിടെ നടന്നാലും മുഖ്യമന്ത്രിയുടെ ഓഫിസിനു ബന്ധം ഉണ്ട്. അത് വിശദീകരിക്കേണ്ടത് മുഖ്യമന്ത്രിയാണ്. ശിവശങ്കരന്റെ ശിഷ്യന്മാരാണ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഉള്ളത്.
മാര്‍ക്സിസ്റ്റ് പാര്‍ട്ടിയെ ഭൂരിപക്ഷ സമുദായം കൈവിട്ടിരിക്കുകയാണെന്നും അവരെ തിരിച്ചു കൊണ്ടുവരാനുള്ള ശ്രമമാണ് ഇത്തരം പി.ആര്. ഗിമ്മിക്കുകളെന്നും മുരളീധരന് പറഞ്ഞു് കഴിഞ്ഞ എട്ട് വര്‍ഷം മാര്‍ക്സിസ്റ് പാര്‍ട്ടി എടുത്തത് ഭൂരിപക്ഷ സമുദായത്തിനെതിരെയുള്ള നടപടികളാണ്. ശബരിമല മുതല്‍ തൃശൂര്‍ പൂരം കലക്കല്‍ വരെ അതിലുണ്ടെന്നും കുറ്റപ്പെടുത്തി.
ദേശീയതലത്തില്‍ കോണ്‍ഗ്രസും സിപിഎമ്മും തമ്മില്‍ ധാരണയിലാണ്. നിയമസഭയില്‍ എല്‍ഡിഎഫ്, പാര്‍ലമെന്റില്‍ യുഡിഎഫ് എന്നതാണ് ധാരണ. വയനാട് ദുരന്തത്തില്‍ ധനസഹായം നല്കാതിരിക്കാന് കേന്ദ്രം അവഗണന കാണിക്കുന്നില്ല. ഒരു പ്രക്രിയയില്‍ കൂടി മാത്രമേ അത് നടക്കുഎന്നത് സര്‍ക്കാരിന് അറിയാവുന്ന കാര്യമാണെന്നും ഇക്കാര്യം വിശദീകരിക്കേണ്ടത് സര്‍ക്കാരാണെന്നും പറഞ്ഞു.






