
പിന്നണി ഗായകനെന്ന നിലയില്‍ ഉയരങ്ങളിലേക്ക് എത്തിയ താരമാണ് വിജയ് യേശുദാസ്. ഗാനഗന്ധര്‍വ്വന്റെ മകന് എന്ന ലേബലിലാണ് വിജയ് സംഗീതലോകത്ത് അറിയപ്പെട്ട് തുടങ്ങിയതെങ്കിലും സ്വന്തം ശബ്ദമാധുര്യം കൊണ്ടും കഴിവു കൊണ്ടും ശ്രോതാക്കളുടെ പ്രിയ ഗായകനാകാന്‍ വിജയ് ക്ക് കഴിഞ്ഞു. കോലക്കുഴല്‍ വിളി കേട്ടോ എന്ന ഹിറ്റ് ഗാനമാണ് താരത്തിന്റെ കരിയറില്‍ വലിയ മുതല്‍ക്കൂട്ടായത്.
ഇപ്പോഴിതാ അച്ഛന് യേശുദാസിനെക്കുറിച്ചും ആ പേര് തന്ന പിന്ബലത്തെക്കുറിച്ചും തുറന്നു പറയുകയാണ് വിജയ് യേശുദാസ്. ആ പേര് ഒരിക്കലും മൈനസായി തോന്നിയിട്ടില്ലെന്നാണ് വിജയ് പറയുന്നത്. ‘‘സൂര്യന്റെ വെളിച്ചത്തിൽ നിന്ന് ഒതുങ്ങി നിൽക്കാന് ശ്രമിക്കുന്ന പോലെയാണത്. അപ്പയെപ്പോലെയൊരാളിന്റെ ഐഡന്റിറ്റിയില്‍ വരുക എന്നുള്ളത്, അതൊരിക്കലും ഒരു മൈനസായി എടുക്കാനേ പാടില്ലെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഏകദേശം എട്ടു വര്‍ഷമെടുത്തു ഞാന്‍ മലയാളത്തില്‍ തിളങ്ങാന്‍, കോലക്കുഴല്‍ എന്ന പാട്ടതിനു വേണ്ടി വന്നു. അപ്പ പറഞ്ഞു തന്ന കാര്യങ്ങളൊക്കെ മനസ്സില്‍ തെളിഞ്ഞു വരാന്‍ തുടങ്ങിയത് കഴിഞ്ഞ പത്തു വര്‍ഷങ്ങള്‍ കൊണ്ടാണ്. നീ നിന്റെ ക്രാഫ്റ്റില്‍ വര്‍ക്കു ചെയ്യുകയും അതില്‍ നീ റെഡിയാണെന്ന് തോന്നുകയും ചെയ്യുമ്പോഴാണ് നിനക്ക് ശരിക്കുള്ള ഐഡന്റിറ്റി വരുന്നത്. ആ സമയമാകുമ്പോള്‍ അത് തനിയെ നടക്കും’ എന്നാണ് അപ്പ പറഞ്ഞിട്ടുള്ളത്...’’ എന്നാണ് വിജയ് യേശുദാസ് പറഞ്ഞത്.






