ജമ്മു കശ്മീരില്‍ എവിടെയെല്ലാം പ്രക്ഷോഭം പൊട്ടിപ്പുറപ്പെടുന്നോ അവിടെയെല്ലാം മാരകശേഷിയുള്ള പെല്ലറ്റ് ഗണ്‍ ഉള്‍പ്പെടെയുള്ള മാരകശേഷിയുള്ള ആയുധങ്ങള്‍ പോലീസും സുരക്ഷാ സേനയും പ്രയോഗിക്കാറുണ്ട്. കാഴ്ച ശക്തി പോലും നശിപ്പിക്കുന്ന പെല്ലറ്റ് ഗണ്‍ കശ്മീരില്‍ വ്യാപകമായി ഉപയോഗിക്കുന്നതിനെതിരെ മനുഷ്യാവകാശ പ്രവര്‍ത്തകരുടെ ഭാഗത്ത് നിന്ന് ശക്മായ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. കശ്മീരിലെ പെല്ലറ്റ് ഗണ്‍ ഉപയോഗം കോടതികളിലും ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്. ബര്‍ഹാന്‍ വാനിയുടെ കൊലപാതകത്തെ തുടര്‍ന്ന് താഴ്വരയില് പൊട്ടിപ്പുറപ്പെട്ട സംഘര്‍ഷത്തിനെതിരായ പെല്ലറ്റ് ഗണ്‍ പ്രയോഗത്തില്‍ നിരവധി പേര്‍ക്കാണ് കാഴ്ച ശക്തി നഷ്ടപ്പെട്ടത്.
കശ്മീരില്‍ കഴിഞ്ഞ വര്‍ഷം നടന്നതിന് സമാനമായ, അല്ലെങ്കില്‍ അതിനേക്കാള്‍ രൂക്ഷമായ അക്രമ സംഭവങ്ങളാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി തമിഴ്നാട്ടില്‍ നടന്നത്. ജെല്ലികെട്ട് നിരോധനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന അക്രമ സമരങ്ങളില്‍ പോലീസ് സ്റ്റേഷനുകള്‍ പോലും അഗ്നിക്കിരയാക്കുന്ന സാഹചര്യമുണ്ടായി. ജല്ലിക്കെട്ട് സമരക്കാര്‍ക്കിടയില്‍ ദേശവിരുദ്ധ ശക്തികള്‍ കടന്നു കൂടിയിട്ടുണ്ടോ എന്നു പോലും സംശയമുയര്‍ന്നു. എന്നാല്‍ അക്രമങ്ങള്‍ അതിര് വിടുന്ന സാഹചര്യം ഉണ്ടായിട്ടും തമിഴ്നാട്ടിലെങ്ങും പെല്ലറ്റ് ഗണ്‍ പ്രയോഗിച്ച് കണ്ടില്ല.
ഈ സാഹചര്യത്തില്‍ പെല്ലറ്റ് ഗണ്‍ തങ്ങള്‍ക്കെതിരെ മാത്രമേ പ്രയോഗിക്കൂ എന്നാണ് കശ്മീരികളുടെ സംശയം. താരതമ്യം ശരിയല്ലെന്ന് അറിയാമെങ്കിലും പെല്ലറ്റ് ഗണ്‍ പ്രയോഗിക്കുന്നതില്‍ കശ്മീരികള്‍ക്കെതിരായ വിവേചനം കാണാതിരിക്കാനാകില്ലെന്ന് സോഷ്യല്‍ മീഡിയയില്‍ ഇത് സംബന്ധിച്ച് ഉയരുന്ന വിമര്‍ശനങ്ങള്‍ പറയുന്നു. ചെന്നൈയില്‍ ഒരു പോലീസ് സ്റ്റേഷനും നിരവധി വാഹനങ്ങളും കത്തിച്ചു. എവിടെ പെല്ലറ്റ് ഗണ്‍- മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ ശേഖര്‍ ഗുപ്ത ചോദിച്ചു. പ്രമുഖ മാധ്യമപ്രവര്ത്തകന് ഹരീന്ദര്‍ ബാവ്ജെയും ഗുപ്തയുടെ നിലപാടിനെ പിന്തുണച്ച് രംഗത്ത് വന്നു.