
കണ്ണൂർ: കണ്ണൂർ കോർപറേഷൻ പരിധിയിൽ നാളെ ബിജെപി ഹർത്താൽ. കണ്ണൂര്‍ എഡിഎം ആയിരുന്ന കെ നവീന്‍ ബാബുവിന്റെ മരണത്തില്‍ പ്രതിഷേധം ശക്തമായിരിക്കെ കണ്ണൂർ ജില്ലാ പ്രസിഡന്റ് പി പി ദിവ്യക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം എന്നാണ് ആവശ്യം. നാളെ രാവിലെ ആറുമണി മുതൽ വൈകുന്നേരം ആറ് മണിവരെയാണ് ഹർത്താൽ. ആവശ്യ സർവീസുകളെയും ഹോട്ടലുകളെയും ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
നവീൻ ബാബുവിനെതിരായ അഴിമതി ആരോപണത്തിൽ പറയുന്ന പെട്രാൾ പമ്പ് പി പി ദിവ്യയുടെ കുടുംബത്തിനുവേണ്ടിയാണോ എന്ന സംശയം ബലപ്പെടുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചിരുന്നു. പെട്രോൾ പമ്പിന് അപേക്ഷിച്ചയാളും പി പി ദിവ്യയുടെ ഭർത്താവും ഏറ്റവും അടുത്ത സുഹൃത്തുക്കളാണെന്നുമാണ് സുരേന്ദ്രൻ കുറിച്ചത്.
ക്ഷണിക്കാതെ യാത്രയയപ്പിന് വന്നതിനും പരാതിക്കും പിന്നിൽ ഗൂഢാലോചന മണക്കുന്നുണ്ടെന്നും ശരിയായ അന്വേഷണം കേരളം ആഗ്രഹിക്കുന്നുവെന്നും കെ സുരേന്ദ്രൻ ഫേസ്ബുക്കിലൂടെ പ്രതികരിച്ചിരുന്നു. ട്രാൻസ്ഫർ ആയി പോകുന്ന പോക്കിൽ എഡിഎമ്മിന് ഒരു പണി കൊടുത്തതായി സംശയിക്കാനുള്ള എല്ലാ ന്യായങ്ങളുമുണ്ടെന്നും സുരേന്ദ്രൻ വിമർശിച്ചിരുന്നു.
ഇന്ന് രാവിലെയാണ് എഡിഎമ്മിനെ ക്വാര്‍ട്ടേഴ്സില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. നവീന്‍ ബാബുവിന്റെ ഇന്നലെ നടന്ന യാത്രയയപ്പ് ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ നവീന്‍ ബാബുവിനെതിരെ അഴിമതി ആരോപണം ഉയര്‍ത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹത്തെ ഇന്ന് മരിച്ച നിലയില്‍ കണ്ടെത്തിയത്. ക്ഷണിക്കാതെ എത്തിയാണ് യാത്രയയപ്പില്‍ എഡിഎമ്മിനെതിരെ ദിവ്യ രംഗത്തെത്തിയത്. ഇതിന്റെ തെളിവുകള്‍ തന്റെ കൈവശമുണ്ടെന്നും രണ്ട് ദിവസത്തിനകം അത് പുറത്തുവിടുമെന്നും ദിവ്യ പറഞ്ഞിരുന്നു.






