
മലയാളികളുടെ മനസ്സിലെ നിത്യഹരിത നായകനാണ് കുഞ്ചാക്കോ ബോബന്. ഒരു കാലത്ത് ചോക്ലേറ്റ് ഹീറോയായി മലയാള സിനിമാപ്രേക്ഷകരുടെ മനസ്സിലിടം നേടിയ താരം പിന്നീടിങ്ങോട് സീരിയസ് കഥാപാത്രങ്ങളും കരുത്തുറ്റ നായകപ്രതിനായക വേഷങ്ങളും ചെയ്ത് പ്രേക്ഷകമനസ്സില്‍ തന്റെ സ്ഥാനം കുറച്ചു കൂടെ ഉറപ്പുള്ളതാക്കി. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ ചാക്കോച്ചന് തുടര്‍ച്ചയായി വീണ്ടും പ്രേക്ഷകരെ അത്ഭുതപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്.
താരത്തിന്റെ കരിയര്‍ പോലെ തന്നെ വ്യക്തിജീവിതവും ഏറെ സന്തോഷത്തോടെയാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്. പതിനാല് വർഷത്തെ കാത്തിരിപ്പിനൊടുവില്‍ കുഞ്ചാക്കോ ബോബനും പ്രിയയ്ക്കും കിട്ടിയ കണ്മണിയായ ഇസഹാക്ക് ബോബൻ കുഞ്ചാക്കോയെയും സ്വന്തം വീട്ടിലെ കുഞ്ഞായിട്ടാണ് ആരാധകര്‍ കാണുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ ചാക്കോച്ചനും പ്രിയയും ഇടയ്ക്കിടെ സോഷ്യല്‍മീഡിയ വഴി അഞ്ചുവയസ്സുകാരനായ മകന്റെ വിശേഷങ്ങളെല്ലാം പങ്കുവെയ്ക്കാറുണ്ട്. കാഴ്ചയില്‍ ഇസഹാക്ക് ഒരു മിനി കുഞ്ചാക്കോ ബോബൻ തന്നെയാണ്. കാഴ്ചയില്‍ മാത്രമല്ല അച്ഛന്റെ ഡാന്‍സിംഗ് ടേസ്റ്റുകളും കുഞ്ഞ് ഇസയ്ക്കുണ്ട്. നാലാം പിറന്നാള്‍ ആഘോഷിച്ചപ്പോള്‍ വളരെ ഗ്രേസോടെയും എനർജിയിലും ചാക്കോച്ചനൊപ്പം ഡാന്‍സ് മൂവ്മെന്റ് ചെയ്ത ഇസഹാക്കിന്റെ വീഡിയോ വൈറലായിരുന്നു.
മലയാള സിനിമയില്‍ ഏറ്റവും മനോഹരമായി ഡാൻസ് നമ്പറുകള്‍ കൈകാര്യം ചെയ്യുന്ന താരത്തിന് പ്രായം നാല്‍പ്പത്തിയേഴായി എങ്കിലും എല്ലാത്തരം ഡാൻസും ഇപ്പോഴും ചാക്കോച്ചന് വഴങ്ങും. റിലീസിന് തയ്യാറെടുക്കുന്ന ബോഗെയ്ൻവില്ലയിലെ സ്തുതി എന്ന ഗാനത്തിന് അടുത്തിടെ ചുവടുവെച്ച് താരമത് പ്രേക്ഷകർക്ക് കാണിച്ചുകൊടുത്തിട്ടുമുണ്ട്. പുതിയ തലമുറയ്ക്ക് ഇഷ്ടപ്പെടുന്ന രീതിയിലായിരുന്നു സ്തുതി ഗാനത്തിന്റെ നൃത്തം ഒരുക്കിയിരുന്നത്. മൈ സെല്‍ഫ് ആന്റ് മൈ മൂവ് എന്ന ഡാൻസ് ടീമായിരുന്നു ഈ പാട്ടിന്റെ കൊറിയോഗ്രഫി ചെയ്തത്. സ്തുതിയിലെ ഹുക്ക് സ്റ്റെപ്പ് വൈറലാണ്.
എന്നാല്‍ ഇപ്പോഴിതാ തന്റെ മകന് അത് ഇതുവരേയും അത് പഠിച്ചെടുക്കാൻ പറ്റിയിട്ടില്ലെന്ന് പറയുകയാണ് കുഞ്ചാക്കോ ബോബൻ. ബോഗെയ്ൻവില്ലയിലെ സ്തുതി എന്ന ഗാനത്തിന്റെ ഡാൻസ് വീഡിയോ കണ്ടപ്പോള്‍ മകൻ എന്ത് പറഞ്ഞുവെന്ന് ചോദിച്ചപ്പോഴാണ് താരമതിനെക്കുറിച്ച് രസകരമായി പറഞ്ഞത്.
‘‘അത്യാവശ്യം ടൈമിങും പരിപാടികളുമൊക്കെയുള്ളയാളാണ് അവൻ.സ്വന്തമായിട്ടുള്ള മൂവ്സും കാര്യങ്ങളുമൊക്കെയുണ്ട്. എല്ലാം രസമുള്ള പരിപാടികളാണ്. അവന് ചെറിയ അഹങ്കാരം ഉണ്ടായിരുന്നുവെന്ന് എനിക്ക് തോന്നുന്നു. പിന്നെ അവൻ അത്യാവശ്യം അടിപൊളി ഡാൻസറാണോയെന്ന സംശയം എനിക്കുമുണ്ടായിരുന്നു. അതുകൊണ്ട് തന്നെ പതുക്കെ എനിക്ക് പെരുന്തച്ചൻ കോംപ്ലക്സും അടിക്കാൻ തുടങ്ങിയിരുന്നു.
എന്നേക്കാള്‍ കൂടുതല്‍ അറ്റൻഷൻ അവന് കിട്ടുന്നുണ്ടോയെന്ന സംശയവുമൊക്കെ ഉണ്ടായിരുന്നു. പക്ഷെ ബോഗെയ്ൻവില്ലയിലെ ഡാൻസിലെ ഹുക്ക് സ്റ്റെപ്പ് അവന് ഇതുവരെ കിട്ടിയിട്ടില്ല. സിനിമാ ജീവിതത്തില്‍ ആദ്യമായാണ് ഒരു ഡാൻസ് റിഹേഴ്സലിനുള്ള സ്കോപ്പ് ഉണ്ടായത്. സ്തുതിക്ക് വേണ്ടിയല്ലാതെ ഇതിന് മുമ്പ് ചെയ്തിട്ടില്ല. എനിക്ക് സിനിമയില്‍ എന്നും നല്ല പാട്ടുകളും കൊറിയോഗ്രഫിയും എല്ലാം ഭാഗ്യം കൊണ്ട് കിട്ടിയിട്ടുണ്ട്.
അതിന്റെ ഫലമായാണ് ഞാൻ ഒരു ഭയങ്കര സംഭാവമാണെന്ന തെറ്റിദ്ധാരണ പൊതുവിലുള്ളത്. ഞാൻ ചെയ്തിട്ടുള്ള രീതിയിലുള്ള ഡാൻസ് ആയിരുന്നില്ല ബോഗെയ്ൻവില്ലയിലേത്. ഇപ്പോഴത്തെ ആളുകള്‍ക്ക് വൈബ് ചെയ്യാൻ പറ്റുന്ന രീതിയിലുള്ളതാണ്...’’ കുഞ്ചാക്കോ ബോബൻ പറഞ്ഞു. ബോഗെയ്ൻവില്ല സിനിമയുടെ പ്രമോഷന്റെ ഭാഗമായി എഫ്ടിക്യു വിത്ത് രേഖാ മേനോൻ എന്ന യുട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തില്‍ സംസാരിച്ചപ്പോഴാണ് കുഞ്ചാക്കോ ബോബൻ ഇത് പറഞ്ഞത്.
കഴിവിലും അപ്പന്റെ മകൻ തന്നെയായതു കൊണ്ട് കുറച്ച് വർഷങ്ങള്‍ കഴിഞ്ഞാല്‍ മലയാളം ഇന്റസ്ട്രിയിലെ യുവ നായകനായി ഇസഹാക്കിനെ പ്രതീക്ഷിക്കാം. ഷൂട്ടിങ് സെറ്റുകളിലും സിനിമയുമായി ബന്ധപ്പെട്ട മറ്റ് ചടങ്ങുകളിലുമെല്ലാം എത്തുമ്പോള്‍ മകനേയും ചാക്കോച്ചൻ ഒപ്പം കൂട്ടാറുണ്ട്.
അടുത്തിടെ മെഗാസ്റ്റാർ മമ്മൂട്ടിയുമായി പഞ്ച് പിടിക്കുന്ന ഇസഹാക്കിന്റെ വീഡിയോ വൈറലായിരുന്നു. ബൈബിളില്‍ നിന്നാണ് മകന് ഇസഹാക്ക് എന്നുള്ള പേര് ചാക്കോച്ചനും പ്രിയയും കണ്ടെത്തിയത്.
‘‘ബൈബിളിലെ സാറയ്ക്കും അബ്രഹാമിനും തൊണ്ണൂറാം വയസിലാണ് ഇസഹാക്ക് എന്ന കുഞ്ഞുണ്ടാകുന്നത്. തങ്ങള്‍ക്കും ഇസു വൈകി വന്ന കുഞ്ഞല്ലേ... അതാണ് ഇസഹാക്ക് എന്ന പേരിട്ടത്...’’ എന്നാണ് മകന്റെ പേരിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി ഒരിക്കല്‍ ചാക്കോച്ചൻ പറഞ്ഞത്.






