
തിരുവനന്തപുരം : പാലക്കാട് നിയമസഭ ഉപതിരഞ്ഞെടുപ്പില്‍ ജയിക്കാന്‍ പറ്റുന്ന എല്ലാ സാധ്യതകളെയും എല്‍ഡിഎഫ് ഉപയോഗിക്കുമെന്ന് സിപിഐഎം നേതാവ് എ കെ ബാലന്. തെരഞ്ഞെടുപ്പല്ലേ, എല്ലാ സാധ്യതകളെയും ഉപയോഗിക്കും. അതൃപ്തിയുള്ള കോണ്‍ഗ്രസുകാര്‍ക്ക് കൂടി താല്‍പ്പര്യമുള്ളയാളാകുമോ സ്ഥാനാര്‍ത്ഥിയെന്ന ചോദ്യത്തിന്, ജനങ്ങള്‍ക്ക് മൊത്തത്തില്‍ നല്ല സ്വീകാര്യതയുള്ള ആളായിരിക്കും സിപിഐഎം സ്ഥാനാര്‍ത്ഥി. കോണ്‍ഗ്രസ് ഉള്ളറകളുടെ കാവല്‍ക്കാരനാണ് സരിനെന്നും എ കെ ബാലന് പറഞ്ഞു.
സരിനെ തള്ളിക്കളയാതെയായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ പ്രതികരണം. കോണ്‍ഗ്രസില്‍ പൊട്ടിത്തെറി എന്ന് വാര്‍ത്തകള്‍ കാണുന്നുണ്ട്. അതിനപ്പുറം പാര്‍ട്ടി എന്ന നിലയില്‍ സിപിഎമ്മിന് മുന്നിലില്ല. അക്കാര്യത്തില്‍ കാത്തിരുന്ന് കാണാം. പി സരിനുമായി സിപിഐഎം ചര്‍ച്ച ചെയ്തിട്ടില്ല. എന്താണ് നിലപാട് എന്നതില്‍. കാര്യം മനസ്സിലാക്കിയശേഷം മാത്രമേ നിലപാട് സ്വീകരിക്കാനാകൂ എന്നും എം വി ഗോവിന്ദന് കൂട്ടിച്ചേര്‍ത്തു.
അതേസമയം കോണ്‍ഗ്രസിലെ തര്‍ക്കം പരമാവധി മുതലെടുക്കുക എന്നതാണ് സിപിഐഎം ജില്ലാ നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍. രാഹുൽ മാങ്കൂട്ടത്തിലിനോട് എതിര്‍പ്പുള്ളവരെ പരമാവധി ഒപ്പം ചേര്‍ക്കാനാണ് സിപിഎം ആലോചിക്കുന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബിനുമോളെയാണ് സിപിഐഎം പാലക്കാട് സ്ഥാനാര്‍ത്ഥിയാക്കാന്‍ പ്രധാനമായും പരിഗണിച്ചിരുന്നത്.
പി സരിന് കോണ്‍ഗ്രസ് വിടുമെന്ന് വിശ്വസിക്കുന്നില്ലെന്ന് വി കെ ശ്രീകണ്ഠന് പ്രതികരിച്ചത്. വിജയിക്കാന്‍ സാധ്യതയുള്ള സീറ്റിന് ആഗ്രഹം പലര്‍ക്കും ഉണ്ടാകും. പക്ഷെ പാര്‍ട്ടിയാണ് തീരുമാനം എടുക്കുന്നത്. പുറമെ നിന്ന് ആളുകള്‍ വരുന്നതില്‍ തെറ്റില്ല. റിബല്‍ മുന്‍പും ഉണ്ടായിട്ടുണ്ട്. അതിനെ പ്രതിരോധിക്കാന്‍ പാര്‍ട്ടിക്ക് കഴിയുമെന്ന് വി കെ ശ്രീകണ്ഠന് പ്രതികരിച്ചു.






