
പാലക്കാട് നിയോജകമണ്ഡലത്തില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സ്ഥാനാര്‍ഥിത്വത്തില്‍ പരസ്യപ്രതികരണം നടത്തിയ പി. സരിനെതിരെ നടപടിക്ക് കെ.പി.സി.സിയില്‍ ആലോചന. മുതിര്‍ന്ന നേതാക്കള്‍ അഭ്യര്‍ഥിച്ചിട്ടും വഴങ്ങാത്തതില്‍ നേതൃത്വത്തിന് അതൃപ്തിയുണ്ട്. ഇക്കാര്യത്തില്‍ നേതൃതലത്തില്‍ ആലോചന നടക്കുകയാണ്.
സരിനെതിരെ അച്ചടക്കനടപടി ഉണ്ടാകുമെന്ന സൂചന നല്കി കെപിസിസി അച്ചടക്ക സമിതി അധ്യക്ഷന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും. സരിന്റേത് വെല്ലുവിളിയാണെങ്കില്‍ അംഗീകരിക്കില്ലെന്നും വാര്‍ത്താസമ്മേളനം നടത്തിയതുതന്നെ അച്ചടക്കലംഘനമാണെന്നും തിരുവഞ്ചൂർ മാധ്യമങ്ങളോട് പറഞ്ഞു. 'പാര്‍ട്ടി ഫോറത്തെ താണ്ടി പുറത്ത് മാധ്യമങ്ങളോട് ഇക്കാര്യം പറഞ്ഞപ്പോള്‍ തന്നെ അച്ചടക്കത്തിന്റെ ഒരുപടി അദ്ദേഹം പുറത്തേക്ക് കടന്നുവെന്ന് വേണം പറയാന്‍. സരിന് അത്തരത്തിലൊരു വിഷമവും പ്രയാസവുമുണ്ടെങ്കില്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ പറയാനുള്ള അവസരമുണ്ടായിരുന്നുവെന്ന് തിരുവഞ്ചൂര്‍ പറഞ്ഞു
പാലക്കാട് ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണയത്തിൽ അതൃപ്തി പ്രകടിപ്പിച്ച കെപിസിസി സോഷ്യൽ മീഡിയ സെൽ കൺവീനര്‍ പി. സരിൻ പാർട്ടി തീരുമാനത്തിന് വിധേയപ്പെട്ടു പോവുക എന്നതാണ് ഉത്തരവാദിത്തമെന്ന് തിരുവഞ്ചൂർ പറഞ്ഞു. സരിൻ കോൺഗ്രസ് നേതൃത്വത്തിന് കീഴടങ്ങണം. കോൺഗ്രസ് സ്ഥാനാർത്ഥിക്കായി പ്രവർത്തിക്കണമെന്നും തിരുവഞ്ചൂർ മാധ്യമങ്ങളോട് പറഞ്ഞു. അതിനെ മറികടന്ന് സരിൻ പോകുമെന്ന് കരുതുന്നില്ല. സരിന്റേത് വെല്ലുവിളി ആണെങ്കില്‍ അംഗീകരിക്കില്ല'- തിരുവഞ്ചൂര്‍ വ്യക്തമാക്കി.
അതേസമയം സരിനെ തള്ളിയാണ് മറ്റു കോണ്‍ഗ്രസ് നേതാക്കളും രംഗത്തെത്തിയത്. രാഹുൽ മാങ്കൂട്ടത്തില്‍ മിടു മിടുക്കനാണെന്നും ഷാഫിയുടെ ചോയ്സ് എന്നത് അധിക നേട്ടമാണെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന് പ്രതികരിച്ചു. വൈകാരികമായി പ്രതികരിക്കരുത് എന്ന് സരിനോട് ആവശ്യപ്പെട്ടിരുന്നു. അച്ചടക്ക ലംഘനം ഉണ്ടായിട്ടുണ്ടോ എന്ന് കെപിസിസി പ്രസിഡന്റെ് പരിശോധിച്ച് പറയുമെന്നും സതീശന് കൂട്ടിച്ചേര്‍ത്തു.
പി സരിത്തിന്റെ വാര്‍ത്താസമ്മേളനത്തില്‍ അച്ചടക്ക ലംഘനം ഉണ്ടെങ്കിൽ നടപടി സ്വീകരിക്കുമെന്നാണ് കെപിസിസി പ്രസിഡന്റെ് കെ സുധാകരൻ പ്രതികരിച്ചത്. സ്ഥാനാർത്ഥി നിർണയം കോൺഗ്രസ് കീഴ്വഴക്കം അനുസരിച്ചാണ് നടന്നത്. സ്ഥാനാർത്ഥി ആകണമെന്ന് സരിൻ നേരിട്ട് വന്നു ആവശ്യപ്പെട്ടിരുന്നു. ആലോചിച്ചു പറയാം എന്നാണ് സരിനോട് പറഞ്ഞത്. പരസ്യമായി പ്രതികരിച്ചത് ശരിയായില്ല. അത് സരിന് ഗുണകരമല്ലെന്നും കെ സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു .
പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ രാഹുൽ മാങ്കൂട്ടത്തിലിനെ സ്ഥാനാർത്ഥിയാക്കിയതിലാണ് കെപിസിസി സോഷ്യൽ മീഡിയ സെൽ കൺവീനര്‍ ഡോ. പി സരിൻ അതൃപ്തി പരസ്യമാക്കിയത്. പാർട്ടി കുറച്ച് ആളുടെ ആവശ്യത്തിന് വഴങ്ങരുത്. വഴങ്ങിയാൽ ഹരിയാന ആവർത്തിക്കുമെന്നും സരിൻ വിമര്‍ശിച്ചു. യഥാർത്ഥ്യങ്ങളെ കണ്ണടച്ച് ഇരുട്ടാക്കരുത്. ഉൾപാർട്ടി ജനാധിപത്യവും ചർച്ചകളും വേണമെന്നും സരിൻ ആവശ്യപ്പെട്ടു. ഒരു വാട്സ്ആപ്പ് ഗ്രൂപ്പില്‍ നിന്നും താന്‍ പുറത്തിറങ്ങിയിട്ടില്ലെന്ന് സരിന് വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.






