കണ്ണൂര്‍: എഡിഎം നവീന്‍ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ നവീന്‍ബാബുവിനെതിരേ കൈക്കൂലി ആരോപണം നടത്തിയ പരാതിക്കാരാന് പ്രശാന്തിനെതിരേ വിജിലന്‍സ് അന്വേഷണവും. ഇയാള്‍ നല്കിയ പരാതിയിലെ പേരുകളും ഒപ്പും വെവ്വേറെയാണെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്. എഡിഎമ്മിനെ കുരുക്കാന്‍ മനപ്പൂര്‍വ്വം കെട്ടിച്ചമച്ച പരാതിയാണോ എന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്.
കൈക്കൂലി പരാതി വ്യാജമാണെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. നവീന്‍ബാബു കൈക്കൂലി വാങ്ങിയെന്ന പ്രശാന്തന്റെ പരാതിയിലെ പേരുകളും ഒപ്പുകളും സംശയാസ്പദമാണ്. രണ്ട് ഒപ്പുകളും വെവ്വേറെയാണ്. പെട്രോള്‍ പമ്പിനായുള്ള പാട്ടക്കരാറിലെയും കൈക്കൂലിക്കേസിലെ പരാതിയിലും പേരും രണ്ടാണ്. പാട്ടക്കരാറില്‍ 'പ്രശാന്തന്' എന്നും പരാതിയില്‍ 'പ്രശാന്ത്' എന്നുമാണ് പേര് നല്‍കിയിരിക്കുന്നത്.
അതിനിടയില്‍ ജില്ലാകളക്ടര്ക്കെതിരേ ആരോപണവുമായി സിപിഎമ്മും രംഗത്ത് വന്നിട്ടുണ്ട്. കളക്ടര്‍ക്കെതിരേയും കേസെടുക്കണമെന്നാണ് ഇവര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. സംഭവത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയെ ഒന്നാം പ്രതിയും കളക്ടറെ രണ്ടാം പ്രതിയുമാക്കണമെന്ന് മലയാലപ്പുഴ മോഹനന് ആവശ്യപ്പെട്ടിരിക്കുകയാണ്. രാവിലെ നടക്കേണ്ടിയിരുന്ന യാത്രയയപ്പ് പരിപാടി ഉച്ചയ്ക്കത്തേക്ക് ആക്കിയെന്നും അത് ദിവ്യയുടെ സൗകര്യാര്‍ത്ഥം ആയിരുന്നെന്നുമാണ് ആരോപണം.
യാത്രയയപ്പ് വേണ്ടെന്ന് വ്യക്തമാക്കിയ നവീന്‍ബാബുവിന്റെ നിര്‍ബ്ബന്ധിച്ച് കൊണ്ടുവരികയായിരുന്നെന്നാണ് ആക്ഷേപം. ദിവ്യയുടെ സൗകര്യാര്‍ത്ഥമാണ് പരിപാടി സംഘടിപ്പിക്കപ്പെട്ടതെന്നും പറഞ്ഞു. കേസില്‍ ജി്ല്ലാ കളക്ടറുടെ മൊഴിയെടുക്കുകയാണ്.






