
കൊച്ചി : മുല്ലപ്പെരിയാറില്‍ സമഗ്ര സുരക്ഷാപരിശോധനയ്ക്കു സംയുക്ത വിദഗ്ധസമിതിയെ നിയോഗിക്കാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന മുല്ലപ്പെരിയാര്‍ മേല്‍നോട്ടസമിതി യോഗത്തില്‍ തീരുമാനമായി. ഇരുസംസ്ഥാനങ്ങള്‍ നിര്‍ദ്ദേശിക്കുന്ന പ്രതിനിധികള്‍ക്കുപുറമേ, കേന്ദ്ര ജല കമ്മിഷന്റെ (സി.ഡബ്ല്യു.സി.) പ്രതിനിധിയും ഉള്‍പ്പെടുന്നതാണു വിദഗ്ധസമിതി. ഡാം സുരക്ഷ അഞ്ചുവര്‍ഷത്തിലൊരിക്കല്‍ റിവ്യൂചെയ്യണമെന്ന വ്യവസ്ഥപ്രകാരമാണു സമഗ്ര സുരക്ഷാപരിശോധനയും അവലോകനവും നടത്തുന്നത്.
മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ സമഗ്രമായ സുരക്ഷാപരിശോധന നടത്തണമെന്ന കേരളത്തിന്റെ ആവശ്യം കഴിഞ്ഞമാസം കേന്ദ്ര ജലകമ്മിഷന് അംഗീകരിച്ചിരുന്നു. സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് നിയോഗിച്ച ഉന്നതാധികാരസമിതിയുടെ സുരക്ഷാ റിപ്പോര്‍ട്ടില്‍ സുരക്ഷാ പരിശോധന വ്യവസ്ഥചെയ്യുന്നുണ്ട്. വിദഗ്ധസമിതിയില വിദേശപ്രതിനിധികളെ നിയോഗിക്കാന്‍ കേരളം ആദ്യം പരിഗണിച്ചിരുന്നെങ്കിലും പിന്നീടു വേണ്ടെന്നു തീരുമാനിച്ചു. അതുപോലെ തന്നെ തമിഴ്നാടും വിദേശവിദഗ്ധനെ നിര്‍ദ്ദേശിക്കാനുള്ള സാധ്യത വ്യക്തമായതോടെയാണു നീക്കം ഉപേക്ഷിച്ചത്. ഇന്ത്യയില്തന്നെയുള്ളവരെയാകും പ്രതിനിധിയായി ശിപാര്‍ശചെയ്യുക.
ഇരു സംസ്ഥാനങ്ങളും നല്കുന്ന പട്ടികയില്‍നിന്നു സി.ഡബ്ല്യു.സിയാണു വിദഗ്ധസമിതിയെ നിയോഗിക്കുന്നത്. ഉടന്‍ തന്നെ സംസ്ഥാനങ്ങള്‍ പ്രതിനിധിയെ കണ്ടെത്തി സി.ഡബ്ല്യു.സിയെ അറിയിക്കും. സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് നിയോഗിച്ച ഉന്നതാധികാരസമിതിയുടെ സുരക്ഷാ റിപ്പോര്‍ട്ട് വന്നു 12 വര്‍ഷത്തിനു ശേഷമാണു പരിശോധനയ്ക്കു വഴിയൊരുങ്ങുന്നത്. അണക്കെട്ടിന്റെ ഘടനാപരമായ സുരക്ഷ, ഭൂകമ്പ പ്രതിരോധസുരക്ഷ, പ്രളയ സുരക്ഷ, നടത്തിപ്പിലെ സുരക്ഷ എന്നിവയാണ് പരിശോധനയില്‍ വരിക.
നടപടിക്രമമടക്കം മുന്‍കൂട്ടി അറിയിച്ചശേഷമാകണം പരിശോധനയെന്നു കേരളം ആവശ്യപ്പെടുന്നു. അതേസമയം, ഡാമിന്റെ സുരക്ഷാപരിശോധന തമിഴ്നാട് നടത്തുമെന്നു സി.ഡബ്ല്യു.സി. സുപ്രീംകോടതിയെ അറിയിച്ചിരുന്നു. ഇതിനെ കേരളം ശക്തമായി എതിര്‍ത്തതോടെയാണു സി.ഡബ്ല്യു.സി. നിലപാട് മാറ്റിയതും സംയുക്ത പരിശോധനയ്ക്കു തയാറായതും.






