
വില്ലനൊപ്പം അടി വാങ്ങിക്കൂട്ടുന്ന ഗുണ്ടയായി വെള്ളിത്തിരയില്‍ അഭിനയിച്ചു തുടങ്ങിയ ജോജു ജോര്‍ജ്ജ് ഇന്ന് മലയാള സിനിമയിലെ മികച്ച അഭിനേതാക്കളില്‍ ഒരാളാണ്. ജൂനിയര്‍ ആര്‍ട്ടിസ്റ്റായി സിനിമ ജീവിതം ആരംഭിച്ച ജോജു ഇന്ന് സ്വപ്രയത്നത്തിലൂടെയാണ് മലയാളത്തിന് പുറമെ അന്യ ഭാഷകളിലും തിരക്കേറിയ താരമായി മാറിയത്. ഗുണ്ടയില്‍ നിന്ന് വില്ലനായും പിന്നീട് നര്‍മ്മരസം കലര്‍ന്ന കഥാപാത്രങ്ങളിലേക്കും അവിടെ നിന്ന് കരുത്തുറ്റ നായകവേഷത്തിലും ജോജു തിളങ്ങി. അഭിനയത്തിനു പുറമേ ആദ്യമായി ജോജു ജോര്‍ജ് രചനയും സംവിധാനം ചെയ്ത് തിയേറ്ററിലേക്ക് എത്തിയിരിക്കുകയാണ് പണി എന്ന സിനിമ.
ഏറെ നാളത്തെ കാത്തിരിപ്പുകൾക്ക് ഒടുവിൽ റിലീസ് ചെയ്ത ചിത്രം, പ്രേക്ഷകരുടെ പ്രതീക്ഷകള്‍ക്ക് അപ്പുറമായി തിയേറ്ററുകളില്‍ നിന്ന് കൈയടി നേടുകയാണ്. ഒരു മാസ്സ്, ത്രില്ലർ, റിവഞ്ച് ജോണറിൽ എത്തുന്ന ചിത്രം കണ്ടവരെല്ലാം മികച്ചത് എന്നാണ് പറയുന്നത്.
ഇപ്പോഴിതാ ജോജുവിന്റെ അരങ്ങേറ്റ സംവിധാനത്തിന് അഭിനന്ദനം കുറിക്കുകയാണ് സംവിധായകന് ലിജോ ജോസ് പെല്ലിശ്ശേരി. പൊളപ്പന്‍ പണി എന്നാണ് ലിജോ സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്. ‘‘ജോജുവിന്റെ എട്ടും എട്ടും പതിനാറിന്റെ പാലും വെള്ളത്തിൽ പഞ്ചാരയിട്ട പൊളപ്പൻ പണി...’’ എന്നാണ് ചിത്രം കണ്ട ശേഷം ലിജോ ജോസ് പെല്ലിശ്ശേരി കുറിച്ചിരിക്കുന്നത്. ചുരുങ്ങിയ വാക്കുകളില്‍ എത്തിയിരിക്കുന്ന സംവിധായകന് ലിജോ ജോസ് പെല്ലിശ്ശേരിയുടെ പ്രശംസ ജോജുവിന് കിട്ടാവുന്നതില്‍ ഏറ്റവും നല്ല ഒരു പ്രശംസയാണ്.
നിമിഷ നേരം കൊണ്ടാണ് ലിജോയുടെ പോസ്റ്റ് ഏറ്റെടുത്തിരിക്കുന്നത്. ‘ജോജുവിന്റെ സംവിധാന അരങ്ങേറ്റത്തിന് കിട്ടാവുന്ന ഏറ്റവും മികച്ച റിവ്യൂവാണ് ലിജോ ജോസ് പെല്ലിശ്ശേരി നല്‍കിയിരിക്കുന്നത്, ജോജുവിന് ഓസ്കാർ പോലെ എന്നാണ് പലരും കമന്റുകളില്‍ കുറിക്കുന്നത്.
മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും പണി പ്രദര്‍ശനത്തിന് എത്തിയിട്ടുണ്ട്. ജോജു, സാഗർ, ജുനൈസ് എന്നിവർക്ക് ഒപ്പം ഗായിക അഭയ ഹിരൺമയി, പ്രശാന്ത് അലക്സ്, സുജിത് ശങ്കർ തുടങ്ങി വൻ താരനിരയും, കൂടാതെ അറുപതോളം പുതിയ താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ജോജുവിന്റെ സംവിധാനത്തെ പ്രശംസിക്കുന്നതിനൊപ്പം ബിഗ് ബോസ് താരങ്ങളായ ജുനൈസ്, സാഗർ സൂര്യ എന്നിവരുടെ പ്രകടനങ്ങളെക്കുറിച്ചും പലരും കമന്റുകള്‍ കുറിക്കുന്നുണ്ട്. ജോജുവിനൊപ്പം സാഗര്‍ സൂര്യയും ജുനൈസ് വി പിയുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായുള്ളത്.
രണ്ടര പതിറ്റാണ്ടിലേറെ പിന്നിട്ട സിനിമാ ജീവിതത്തില്‍ ഒട്ടേറെ മികച്ച കഥാപാത്രങ്ങള്‍ ജോജുവിന് ലഭിച്ചിട്ടുണ്ട്. ‘ജോസഫി’ലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ച താരം ഏതു തരം കഥാപാത്രമായാലും അത് വളരെ മനോഹരമായി സ്ക്രീനിലെത്തിക്കാൻ തനിക്ക് കഴിയുമെന്ന് ‘നായാട്ടി’ലൂടേയും ‘ഇരട്ട’യിലൂടെയുമൊക്കെ തെളിയിച്ചു. ജോജുവിന്റെ കരച്ചിലും ചിരിയുമൊക്കെ പ്രേക്ഷകര്‍ തങ്ങളുടേതാക്കി മാറ്റി. മലയാള സിനിമയുടെ അവിഭാജ്യ ഘടകമായി മാറിയ ജോജു തന്റെ വെള്ളിത്തിരയിലെ അനുഭവസമ്പത്തില്‍ നിന്നാണ് ‘പണി’യുടെ തിരക്കഥാകൃത്തും സംവിധായകനുമായി പ്രേക്ഷകരുടെ മുമ്പില്‍ എത്തിയിരിക്കുന്നത്. ബിഗ് ബജറ്റില്‍ ഒരുക്കിയ സിനിമയുടെ ഷൂട്ട് 110 ദിവസത്തോളം നീണ്ടുനിന്നിരുന്നു. ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ആദ്യ ദിനം മുതല്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്.
ജോജുവിന്റെ തന്നെ പ്രൊഡക്ഷൻ കമ്പനിയായ അപ്പു പാത്തു പപ്പു പ്രൊഡക്ഷൻസ്, എ ഡി സ്റ്റുഡിയോസ്, ശ്രീ ഗോകുലം മൂവീസ് എന്നിവരുടെ ബാനറില്‍ എം റിയാസ് ആദം, സിജോ വടക്കൻ എന്നിവർ ചേർന്നാണ് പണി നിർമ്മിച്ചിരിക്കുന്നത്. ശ്രീ ഗോകുലം മൂവിസിലൂടെ ഡ്രീം ബിഗ് ഫിലിംസ് ആണ് ചിത്രം വിതരണത്തിന് എത്തിച്ചത്.






