
ഹേമ കമ്മറ്റി റിപ്പോര്‍ട്ട് വന്നതിനു പിന്നാലെ മലയാള സിനിമാലോകം ചര്‍ച്ചകളില്‍ നിറയാന്‍ തുടങ്ങി. അതിനു ശേഷം പല നടിമാരും തങ്ങളുടെ സിനിമാജീവിതത്തില്‍ സംഭവിച്ച മോശം അനുഭവങ്ങള്‍ പങ്കിട്ടിരുന്നു. അഭിനേതാക്കൾ മുതൽ സംവിധായകർ വരെയുള്ള പ്രമുഖർ ഗുരുതരമായ ആരോപണങ്ങൾ നേരിടുന്നുണ്ട്. ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ മീ ടൂ ആരോപണങ്ങളില്‍ പെട്ട് നിവിൻ പോളി, ജയസൂര്യ, മുകേഷ്, ബാബുരാജ്, വികെ പ്രകാശ്, സിദ്ദിഖ്, രഞ്ജിത്ത് തുടങ്ങിയ താരങ്ങളുടെ പേരുകളും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. യുവനടിയെ ബലാത്സംഗം ചെയ്തെന്ന കേസിലാണ് സിദ്ദിഖിന്റെ പേരു വന്നത്.
കഴിഞ്ഞ ദിവസം ലൈംഗികാതിക്രമ കേസില്‍ ആരോപണവിധേയനായ സിദ്ദിഖിനോടൊപ്പം തിരുവനന്തപുരത്തെത്തിയതില്‍ നടന് ബിജു പപ്പനും ഉണ്ടായിരുന്നു. അതിനു ശേഷം സിദ്ദിഖിനെ ബിജു പപ്പന് പിന്തുണയ്ക്കുന്നു എന്ന തരത്തില്‍ വിമർശനങ്ങളും ബിജു പപ്പനെതിരെ വന്നു.
ഇപ്പോഴിതാ ലൈംഗികാതിക്രമ കേസിൽ നടൻ സിദ്ദിഖിനെ പിന്തുണയ്ക്കുന്നതിന്റെ കാരണം വ്യക്തമാക്കുകയാണ് ബിജു പപ്പൻ. ‘‘സിദ്ദിഖുമായി വളരെ അടുത്ത ബന്ധമാണ് ഉള്ളത്. അദ്ദേഹം കേസിൽ പെട്ടതിന് പിന്നാലെ കുറ്റം പറയാൻ നിരവധി ആളുകൾ തന്നെ വിളിച്ചിരുന്നു. നരൻ എന്ന ചിത്രത്തിലൂടെയാണ് ഞാനും സിദ്ദിഖേട്ടനും സൗഹൃദത്തിലായത്. അദ്ദേഹത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങളറിയാൻ ഒരു വാർത്താ ചാനലില്‍ നിന്നും എന്നെ വിളിച്ചു. ഞാൻ എനിക്കറിയാവുന്ന കാര്യങ്ങള്‍ പറഞ്ഞു. പിന്നാലെ ഞാൻ സിദ്ദിഖേട്ടനെ വിളിച്ച് കാര്യം തിരക്കി.
അദ്ദേഹത്തിന് തിരുവനന്തപുരത്തേക്ക് വരേണ്ട ഒരു ആവശ്യമുണ്ടെന്ന് പറഞ്ഞു. ഞാനാണ് അദ്ദേഹത്തോടൊപ്പം പോയത്. അതില്‍ എന്നെ കുറ്റം പറയാൻ പലയാളുകളും എന്നെ വിളിച്ചിരുന്നു. ഇത്തരത്തിലുളള ആരോപണങ്ങള്‍ ഏതൊരാള്‍ക്കുമെതിരെ ഉണ്ടാകാം. മാന്യനാണെന്ന് കരുതുന്ന വ്യക്തികള്‍ ചെയ്യുന്ന തെറ്റുകള്‍ പലതും സമൂഹം അറിയാതെ പോകുന്നുണ്ട്. സിദ്ദിഖേട്ടന്‍ സഹായത്തിനായി ഞാനല്ലെങ്കില്‍ വേറെ ആരെങ്കിലും എത്തും. ഞാൻ പോയത് സൗഹൃദം കാരണമാണ്...’’ ബിജു പപ്പന് പറയുന്നു. ഒരു യൂട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.
മമ്മൂട്ടിയെക്കുറിച്ചും ബിജു പപ്പന് പറയുന്നുണ്ട്. സഹപ്രവർത്തകർക്ക് കൂടുതല്‍ പരിഗണന നല്കുന്ന വ്യക്തിയാണ് മമ്മൂക്കയെന്നുംപോത്തൻവാവ എന്ന ചിത്രത്തിലൂടെയാണ് മമ്മൂക്കയും താനും തമ്മില്‍ കൂടുതല്‍ അടുത്തതെന്നും തന്നെ ഒരു സഹോദരനെപോലെയാണ് മമ്മൂക്ക കാണുന്നതെന്നും ബിജു പപ്പൻ പറഞ്ഞു.
‘‘കോളേജില്‍ പഠിക്കുന്ന സമയത്ത് മമ്മൂക്കയുടെ സിനിമകള്‍ കാണുന്നത് പതിവായിരുന്നു. പോത്തൻ വാവയുടെ ഷൂട്ടിംഗ് കഴിഞ്ഞ് തിരികെ വീട്ടിലേക്ക് പോകാൻ നില്‍ക്കുമ്പോഴാണ് കോഴിക്കോട്ട് നിന്ന് ഒരു ഫോണ്‍ കോള്‍ വരുന്നത്. രഞ്ജിത്തേട്ടന്റെ സെറ്റില്‍ ചെല്ലണമെന്നായിരുന്നു കോള്‍. കയ്യൂക്ക് എന്ന ചിത്രത്തില്‍ അഭിനയിക്കാനായിരുന്നു അവസരം. ഒരു ചെറിയ സീനായിരുന്നു എനിക്ക്. സംവിധായകന് എന്നെ വലിയ പരിചയമില്ലായിരുന്നു.
ആ സമയം അവിടെ മമ്മൂക്ക വന്നു. അദ്ദേഹം സീൻ മുഴുവൻ വായിച്ചു. എന്നിട്ട് രഞ്ജിത്തേട്ടനോട് എസ്ഐയുടെ റോള്‍ ഞാൻ നന്നായി ചെയ്യുമെന്ന് പറഞ്ഞു. ആ ചിത്രത്തില്‍ ഞാൻ മമ്മൂക്കയോട് മോശമായി പെരുമാറുന്ന സീനുണ്ട്. ഒരു ദിവസം കൊണ്ട് ഷൂട്ടിംഗ് കഴിഞ്ഞു. ഞാൻ നന്നായി അഭിനയിച്ചെന്ന് മമ്മൂക്ക ഒരു മാഗസീന് നല്കിയ അഭിമുഖത്തിലും പറഞ്ഞു. അതിനുശേഷം അദ്ദേഹവുമൊത്ത് ഒരുപാട് സിനിമകളില്‍ അഭിനയിക്കാനുളള ഭാഗ്യമുണ്ടായി.
എന്റെ ഓഫീസിന് മുന്നിലൂടെ ഞാനും മമ്മൂക്കയും ഒരുപാട് പ്രാവശ്യം ഒരുമിച്ച് യാത്ര ചെയ്തിട്ടുണ്ട്.അപ്പോഴൊക്കെ എന്റെ ഓഫീസിലെ ജീവനക്കാരെ കാണാമെന്ന് മമ്മൂക്ക പലതവണ പറഞ്ഞിട്ടുണ്ട്. അതൊക്കെ ജീവിതത്തില്‍ കിട്ടിയ വലിയ ഭാഗ്യങ്ങളാണ്. എല്ലാവർക്കും പരിഗണന നല്കുന്ന വ്യക്തിയാണ് അദ്ദേഹം.സഹോദരനെ പോലെയാണ്...’’ ബിജു പപ്പന് പറഞ്ഞു.
നടൻ വിനായകനെക്കുറിച്ചുയരുന്ന ഗോസിപ്പുകളെക്കുറിച്ചും ബിജു പപ്പൻ പ്രതികരിച്ചു. ‘‘വർഷങ്ങളായി എനിക്ക് പരിചയമുളള ആളാണ് വിനായകൻ. അയാളുടെ മാറ്റങ്ങളൊന്നും പെരുമാറ്റത്തില്‍ തോന്നിയിട്ടില്ല. ഇന്ത്യൻ സിനിമാലോകത്ത് അറിയപ്പെടുന്ന ഒരു നടനായി വിനായകൻ മാറിക്കഴിഞ്ഞു. പുതിയ ചിത്രത്തില്‍ വിനായകനോടൊപ്പം അഭിനയിക്കുമ്ബോള്‍ എനിക്ക് ചില സംശയങ്ങളുണ്ടായിരുന്നു. അവനെന്തെങ്കിലും മാറ്റങ്ങള്‍ സംഭവിച്ചോ എന്ന് തോന്നിയിരുന്നു. ചിന്താമണി കൊലക്കേസിലും ഛോട്ടമുംബയിലും കണ്ട അതേ പെരുമാറ്റമായിരുന്നു വിനായകന്റേത്. കലാകാരൻമാരുടെ പെരുമാറ്റം അവരോട് പെരുമാറുന്നവരുടെ രീതിയനുസരിച്ചായിരിക്കും. എത്ര വലുതായാലും സഹപ്രവർത്തകരോട് മാന്യമായി പെരുമാറാൻ ഒരു കലാകാരൻ ബാധ്യസ്ഥനാണ്. അത് വിനായകനുണ്ട്...’’ ബിജു പപ്പൻ പറഞ്ഞു.
മാന്യനാണെന്ന് കരുതുന്ന വ്യക്തികളും തെറ്റ് ചെയ്യുന്നുണ്ട്; പക്ഷെ പുറത്ത് അറിയുന്നില്ല; സിദ്ദിഖിനെ പിന്തുണച്ചതിന് കാരണം ഉണ്ടെന്ന് ബിജു പപ്പൻ






