
ബോളിവുഡ് നടന്‍ ആമിര്‍ ഖാനും കാമുകി ഗൗരി സ്പ്രറ്റും വിവാഹിതരാകുന്നു. ജൂലൈ അഞ്ചിന് ആമിര്‍ ഖാന്റെ ബാന്ദ്രയിലുളള വസതിയില്‍ അടുത്ത സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സാന്നിധ്യത്തിലായിരിക്കും വിവാഹം. വീട്ടില്‍വെച്ച് രജിസ്റ്റര്‍ വിവാഹം നടക്കുമെന്നാണ് സൂചന. 150 പേര്‍ മാത്രം പങ്കെടുക്കുന്ന ചടങ്ങില്‍ വിദേശത്തുനിന്നെത്തുന്ന സുഹൃത്തുക്കളും പങ്കെടുക്കും.
ഇരുവര്‍ക്കും മുന്‍വിവാഹങ്ങളില്‍ മക്കളുണ്ട്, അവരും ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് വിവരം. ബെംഗളൂരു സ്വദേശിയാണ് ഗൗരി സ്പ്രാറ്റ്. ഇപ്പോള്‍ മുംബൈയില്‍ ബിബ്ലണ്ട് എന്ന സലോണ്‍ നടത്തുകയാണ്.
ബാല്യകാല സുഹൃത്തായ റീന ദത്തയെയാണ് ആമിര്‍ ഖാന്‍ ആദ്യം വിവാഹം ചെയ്തത്. 1986 ല്‍ വിവാഹിതരായ ഇവര്‍ 2002 ല്‍ വേര്‍പിരിഞ്ഞു. നടന്‍ ജുനൈദ്, ഐറ എന്നിവരാണ് മക്കള്‍. 2005 ല്‍ ആമിര്‍ കിരണ്‍ റാവുവിനെ വിവാഹം ചെയ്തു. ആമിര്‍ ചിത്രം ലഗാന്റെ സഹസംവിധായികയായിരുന്നു കിരണ്‍ റാവു. ഇവര്‍ക്ക് വാടകഗര്‍ഭധാരണത്തിലൂടെ പിറന്ന ആസാദ് എന്ന മകനുണ്ട്. 2021 ല്‍ ഇരുവരും വേര്‍പിരിയുകയായിരുന്നു.






