
ചെന്നൈ: ജല്ലിക്കെട്ട് സമരം അവസാനിച്ചതിന്റെ ക്ഷീണത്തില്‍ ഇരിക്കുന്ന തമിഴ്നാടിന് ഇനി ദാഹം തീര്‍ക്കാന്‍ അന്താരാഷ്ട്ര ഉല്‍പ്പന്നങ്ങളുടെ പാനീയങ്ങളും അടുത്ത മാസം അവസാനിക്കുന്നതോടെ കിട്ടാതാകും. തമിഴ്നാട് വ്യാപാരി വ്യവസായികളുടെ സംഘടന അന്താരാഷ്ട്ര ഉല്‍പ്പന്നമായ കൊക്കക്കോളയും പെപ്സിയും ഉള്‍പ്പെടെയുള്ള സോഫ്റ്റ്ഡ്രിങ്കുകളുടെയും മിനറല്‍ വാട്ടറുകളുടെയും വില്‍പ്പന മാര്‍ച്ച് 1 മുതല്‍ നിര്‍ത്താന്‍ തീരുമാനിച്ചതായിട്ടാണ് വിവരം. തമിഴ്നാട് വ്യാപാരി സംഘടനകളുടെതാണ് തീരുമാനം. വണിഗര്‍ സംഗങ്കളിന് പേരമൈ, തമിഴ്നാട് വ്യാപാരി ഫെഡറേഷന് ഇക്കാര്യം തങ്ങളുടെ അംഗങ്ങളായ മുഴുവന്‍ വ്യാപാരികളെയും അറിയിച്ചു കഴിഞ്ഞു.
ശരീരത്തിന് ദോഷകരമായ പദാര്‍ത്ഥങ്ങള്‍ അടങ്ങുന്നു, തമിഴ്നാട്ടിലെ വെള്ളം ഊറ്റിയെടുക്കുന്നു എന്നതാണ് അന്താരാഷ്ട്ര കമ്പനികള്‍ക്ക് പണി കൊടുക്കാന്‍ കാരണമായി ചൂണ്ടിക്കാണിച്ചിരിക്കുന്നത്. സര്‍ക്കാര്‍ ഇത്തരം പാനീയങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്താത്ത സാഹചര്യത്തില്‍ കച്ചവടക്കാര്‍ വില്‍പ്പന നടത്തണ്ട എന്ന തീരുമാനം എടുക്കുകയായിരുന്നു. ഫെബ്രുവരി കൂടിയേ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാവൂ എന്നാണ് നിര്‍ദേശം. ഇന്ത്യന്‍ പാനീയ വിപണിയിലെ 80 ശതമാനവും കയ്യാളുന്ന കൊക്കക്കോളയ്ക്കും പെപ്സിക്കുമാണ് ഇത് വന്‍ തിരിച്ചടിയാകുക.
തമിഴ്നാട്ടില്‍ ജനകീയസമരത്തിന്റെ പുതിയ മുഖം തുറന്ന ജെല്ലിക്കെട്ട് പോരാട്ടം തന്നെയാണ് അന്താരാഷ്ട്ര കമ്പനികള്‍ക്കെതിരേയും വ്യാപാരികളില്‍ വെളിപാട് നിറച്ചത്. ജല്ലിക്കെട്ട് സമരത്തിനിടയില്‍ തന്നെ അനേകം പ്രക്ഷോഭകര്‍ തമിഴ്നാടിന്റെ വെള്ളം ചൂഷണം ചെയ്യുന്നുണ്ടെന്നതിനാല്‍ ഇത്തരം കമ്പനികളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് നിരോധനം കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഒട്ടേറെ കെമിക്കലുകള്‍ അടങ്ങുന്ന പാനീയങ്ങള്‍ ശരീരത്തിന് ദോഷകരമാകുന്നു എന്നും കുട്ടികള്‍ക്ക് നല്ലതല്ല എന്നും പറഞ്ഞ് സമരത്തില്‍ പങ്കെടുത്ത യുവാക്കള്‍ ഇത് നിഷേധിച്ചിരുന്നു.
ഇത്തരം ഉല്‍പ്പന്നങ്ങള്‍ക്ക് നിരോധനം കൊണ്ടുവന്നിട്ടു കാര്യമില്ല. എന്നാല്‍ പകരം ഉല്‍പ്പന്നങ്ങള്‍ വില്‍ക്കേണ്ടെന്ന് തീരുമാനം എടുക്കുന്നതാണ് നല്ലതെന്ന് തമിഴ്നാട് വ്യാപാരി ഫെഡറേഷന് വ്യക്തമാക്കി. ഇതില്‍ കീടനാശിനിയും ഒരാളുടെ ആരോഗ്യത്തിന് ഹാനികരമാകുന്ന വിഷാംശങ്ങളും കലര്‍ന്നിട്ടുള്ളതായി മുമ്പ് പല റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്. എന്നാല്‍ ഇത്തരം ഉല്‍പ്പന്നങ്ങള്‍ നിരോധിക്കേണ്ട ബാധ്യത സര്‍ക്കാരിനാണ്. അവര്‍ അത് ചെയ്യാന്‍ കൂട്ടാക്കാത്ത സാഹചര്യത്തില്‍ ഞങ്ങള്‍ വില്‍പ്പന നടത്തേണ്ടതില്ലെന്ന് തീരുമാനം എടുത്തിരിക്കുകയാണെന്ന് തമിഴ്നാട് വ്യാപാരി ഫെഡറേഷന്റെ തലവന്‍ വെള്ളയാന് പറഞ്ഞു.
തീരുമാനം എടുത്തതിന് പിന്നാലെ സംസ്ഥാനത്തെ ഹോട്ടലുകളോടും റസ്റ്റോറന്റുകളോടും എംഎന്‍സി നിര്‍മ്മിക്കുന്ന സോഫ്റ്റ് ഡ്രിങ്കുകള്‍ വില്‍പ്പന നടത്തുന്നത് നിര്‍ത്തി വെയ്ക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. തീരുമാനം ഏറ്റവും തിരിച്ചടിയാകുക ഇന്ത്യന്‍ ശീതളപാനീയ രംഗത്തിന്റെ 80 ശതമാനവും കയ്യാളുന്ന കൊക്കക്കോളയേയും പെപ്സിയെയുമായിരിക്കും. 2016 ഒക്ടോബറില്‍ തങ്ങള്‍ക്ക നാലു ശതമാനം നഷ്ടം വന്നതായി കൊക്കക്കോള വ്യക്തമാക്കിയിരുന്നു.






