
തമിഴ് സിനിമയിലാണ് തിളങ്ങി നില്ക്കുന്നതെങ്കിലും കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഫാന്‍സുള്ള അന്യഭാഷ നടന്മാരില് ഒരാളാണ് സൂര്യ. ചോക്ലേറ്റ് ഹീറോയായി വെള്ളിത്തിരയില്‍ ഒരു കാലത്ത് പ്രേക്ഷകമനസ്സ് കീഴടക്കിയിരുന്ന താരം ഇപ്പോള്‍ കാമ്പുള്ള കരുത്തനായ നായക വേഷത്തിലാണ് താരം തിളങ്ങുന്നത്. തമിഴില്‍ ഈ ജനറേഷനിലെ ഏറ്റവും മികച്ച നടനെന്നാണ് നടിപ്പിൻ നായകനെ സിനിമാപ്രേമികള്‍ വിശേഷിപ്പിക്കാറുള്ളത്.
തമിഴ് സിനിമകളില്‍ 1960 കളില്‍ തിളങ്ങി നിന്നിരുന്ന ശിവകുമാര്‍ എന്ന നടന്റെ മകനായി സിനിമാപാരമ്പര്യമുള്ള കുടുംബത്തില്‍ നിന്നാണ് വരുന്നതെങ്കിലും ഒരിക്കലും സിനിമ തന്നെ മോഹിപ്പിച്ചിരുന്നില്ല എന്ന് സൂര്യ അടുത്തിടെ പറഞ്ഞിരുന്നു. അച്ഛൻ അറിയാതെ അമ്മ വാങ്ങിയ കടം വീട്ടാനാണ് താൻ സിനിമയിലെത്തിയതെന്നാണ് കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തില്‍ താരം പറഞ്ഞത്.
സിരുത്തൈ ശിവ സംവിധാനം ചെയ്ത കങ്കുവയാണ് സൂര്യയുടേതായി റിലീസിന് ഒരുങ്ങുന്ന ഏറ്റവും പുതിയ സിനിമ. സിനിമയുടെ ഓഡിയോ ലോഞ്ച് കഴിഞ്ഞ ദിവസം നടന്നിരുന്നു. ചടങ്ങില്‍ പങ്കെടുക്കാൻ സൂര്യയുടെ മാതാപിതാക്കളും എത്തിയിരുന്നു.
ഇപ്പോഴിതാ പരിപാടിയില്‍ താരത്തിന്റെ അച്ഛനും പഴയകാല നടനുമായ ശിവകുമാര്‍ പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. സൂര്യയുടെ കോളജ് കാലത്തെ ചില ഓർമകളും ശിവകുമാർ പങ്കുവെച്ചു. ചെന്നൈയിലെ പ്രശസ്തമായ ലയോള കോളജിലാണ് സൂര്യ ഡിഗ്രി പഠിച്ചതെന്നും അവിടെ മകന് വേണ്ടി സീറ്റ് വാങ്ങിയെടുക്കാൻ താൻ ഏറെ പാടുപെട്ടുവെന്നും ശിവകുമാർ പറഞ്ഞു.
‘‘1975 ജൂലൈ 23ന് രാത്രി ഭയങ്കര മഴയായിരുന്നു... അർധരാത്രി കഴിഞ്ഞ് 2.51നാണ് കുട്ടി പയ്യൻ (സൂര്യ) പിറന്നത്. പത്മ ശേഷാദ്രി സ്കൂളിലാണ് പത്താം ക്ലാസ് വരെ സൂര്യ പഠിച്ചത്. പിന്നീട് ഹയർസെക്കന്ററിയും പൂർത്തിയാക്കി. ലയോള കോളേജില്‍ ബികോമിന് ചേരാനായി അപ്ലിക്കേഷൻ കൊടുത്തു. എന്നാല്‍ സീറ്റില്ലെന്നായിരുന്നു അവരുടെ മറുപടി. അങ്ങനെ ഞാൻ നേരിട്ട് പോയി പ്രിൻസിപ്പാളിനെ കണ്ട് എന്താണ് പ്രശ്നമെന്ന് തിരക്കി.
ശിവാജി ഗണേശന്റെ മകൻ ബികോം പൂർത്തിയാക്കിയില്ല. ബാലാജിയുടെ മകനും ബികോം കംപ്ലീറ്റ് ചെയ്തില്ല. അതുപോലെ നിങ്ങളുടെ മകനും ബികോം ഇവിടെ കംപ്ലീറ്റ് ചെയ്യില്ലെന്ന് അദ്ദേഹം എന്നോട് പറഞ്ഞു. അങ്ങനെ സംഭവിക്കില്ല... മകൻ കോഴ്സ് പൂർത്തിയാക്കുമെന്ന് ഞാൻ അദ്ദേഹത്തിന് ഉറപ്പ് കൊടുത്തു. അങ്ങനെ സീറ്റ് വാങ്ങി. എന്നാല്‍ ബികോം ഫൈനല്‍ ഇയറായപ്പോള്‍ സൂര്യയ്ക്കും നാല് സപ്ലിയുണ്ടായിരുന്നു.
എന്റെ മാനം പോകുമെടാ... രക്ഷിക്കെടാ... തൊഴുത് ചോദിക്കുകയാണ് എങ്ങനെയെങ്കിലും സപ്ലി എഴുതിയെടുക്കാൻ ഞാൻ അവനോട് ആവശ്യപ്പെട്ടു. അങ്ങനെ പോരാടി കഷ്ടപ്പെട്ട് അവൻ ഡിഗ്രി പൂർത്തിയാക്കി സർട്ടിഫിക്കറ്റ് വാങ്ങി. അവനെക്കൊണ്ട് ചെയ്യാന്‍ സാധിക്കില്ലെന്ന് പറയുന്ന കാര്യം ചെയ്ത് കാണിക്കുന്നതാണ് അന്ന് മുതലേയുള്ള ശീലം. ശേഷം ഒരു കമ്പനിയില്‍ ജോലിക്ക് ചേർന്ന് രണ്ട് വർഷം കഠിനമായി അവൻ ജോലി ചെയ്തു.
കമ്പനിയിലെ ക്ലീനിങ് ജോലി വരെ ചെയ്യുമായിരുന്നു. സൂര്യ എന്റെ മകനാണെന്ന് മാസങ്ങള്‍ക്കുശേഷമാണ് കമ്പനി മുതലാളിക്ക് മനസിലായത്. എന്തുകൊണ്ട് ആദ്യമെ പറഞ്ഞില്ലെന്ന് സൂര്യയോട് അദ്ദേഹം ചോദിച്ചപ്പോള്‍ ഞാൻ തൊഴില്‍ പഠിക്കാനല്ലേ വന്നത്. അതും ഇതും തമ്മില്‍ എന്ത് ബന്ധമെന്നാണ് സൂര്യ അദ്ദേഹത്തിന് നല്കിയ മറുപടി.
നാല് വാക്ക് മുഴുവൻ സംസാരിക്കാത്ത പയ്യൻ ഇന്ന് കങ്കുവയില്‍ അഭിനയിച്ചിരിക്കുന്നു. സൂര്യയുടെ കരിയറില്‍ തന്നെ ടോപ്പ് കങ്കുവയാണെന്നു പറയാം...’’ ശിവകുമാര്‍ പറഞ്ഞു. നിറഞ്ഞ കൈയടിയോടെ പ്രേക്ഷകരിത് സ്വീകരിച്ചപ്പോള്‍ ചിരിയോടെയും അല്‍പ്പം കണ്ണു നിറഞ്ഞുമാണ് സൂര്യ അച്ഛന് പറഞ്ഞ കാര്യങ്ങള്‍ കേട്ടത്. മകന്റെ ഇതുവരെയുള്ള യാത്രയെ കുറിച്ച് സംസാരിച്ച് ശിവകുമാർ പറഞ്ഞപ്പോള്‍ ആരാധകര്‍ കൈയടിച്ചു. കങ്കുവ പാൻ ഇന്ത്യൻ ചിത്രമായി വിവിധ ഭാഷകളില്‍ മൊഴി മാറ്റിയാണ് പ്രദർശനത്തിന് എത്താൻ പോകുന്നത്.
സൂര്യയിലെ നടന് മാത്രമല്ല മനുഷ്യസ്നേഹിക്കും ഇന്ന് നിരവധി ആരാധകരുണ്ട്. നവംബർ 14ന് റിലീസിനെത്തുന്ന സിനിമയുടെ ബജറ്റ് 350 കോടിയാണ്. സ്റ്റുഡിയോ ഗ്രീനിന്റെ ബാനറില്‍ കെ.ഇ ജ്ഞാനവേല്‍ രാജ, യു വി ക്രിയേഷൻസിന്റെ ബാനറില്‍ വംശി പ്രമോദ് എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. രണ്ട് ഭാഗങ്ങളായാണ് കങ്കുവ ഒരുങ്ങുന്നത്.






