ന്യൂഡല്‍ഹി: ടൈംസ് നൗവില്‍ നിന്ന് രാജിവച്ച അര്‍ണാബ് ഗോസ്വാമി ആരംഭിക്കാനിരിക്കുന്ന പുതിയ ചാനലിന് റിപ്പബ്ലിക് എന്ന പേര് നല്‍കുന്നതിനെതിരെ ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന് സ്വാമി. ചാനലിന് റിപ്പബ്ലിക് എന്ന പേര് നല്‍കുന്നതിനെതിരെ സ്വാമി കേന്ദ്ര സര്‍ക്കാരിന് കത്തയച്ചു.
കേന്ദ്രം നടപടി എടുക്കുന്നില്ലെങ്കില്‍ താന്‍ നിയമനടപടി സ്വീകരിക്കുമെന്ന് സ്വാമി വ്യക്തമാക്കി. ദേശീയ വാര്‍ത്താ വിതരണ മന്ത്രാലയത്തിനാണ് അദ്ദേഹം കത്തെഴുതിയത്. ചാനലിന് റിപ്പബ്ലിക് എന്ന് പേര് നല്‍കുന്നത് ദേശീയ ചിഹ്നങ്ങളുടെയും പേരുകളുടെയും ദുരുപയോഗം തടയുന്നതിനുള്ള നിയമപ്രകാരം തെറ്റാണ്. ജനുവരി 13നാണ് സ്വാമി മന്ത്രാലയത്തിന് കത്തയച്ചത്. എന്നാല്‍ ഇതുവരെ കത്തിന്റെ മറുപടി ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം സുബ്രഹ്മണ്യന് സ്വാമിയുടെ കത്ത് ലഭിച്ചതായി മന്ത്രാലയം സ്ഥിരീകരിച്ചു. അണ്ടര്‍ സെക്രട്ടറി തലത്തിലുള്ള ഉദ്യോഗസ്ഥന് വിഷയം പരിശോധിച്ചു കൊണ്ടിരിക്കുകയാണെന്നും മന്ത്രാലയം വ്യക്തമാക്കി.






