
ആലപ്പുഴ: വയോധികയെ കാറില്‍ കയറ്റി ആഭരണം കവര്‍ന്ന പ്രതി മണിക്കൂറുകള്‍ക്കകം പിടിയില്‍. അടൂര്‍ മൂന്നളം ഭാഗത്ത് സഞ്ചിത് ഭവനില്‍ സഞ്ചിത്ത് എസ്. നായരാ(44)ണ് പിടിയിലായത്. കഴിഞ്ഞ നാലിനു രാവിലെ 11.30-ന് ഇടപ്പോണ്‍ എ.വി. മുക്കില്‍ പന്തളത്തേക്കു ബസ് കാത്തു നിന്ന ആറ്റുവ സ്വദേശിയായ എഴുപത്തിയഞ്ചുകാരിയെ വഴി ചോദിക്കാനെന്ന വ്യാജേന കാറില്‍ കയറ്റിയ പ്രതി മുഖത്ത് കുരുമുളക്പൊടി സ്പ്രേ അടിക്കുകയായിരുന്നു.
കൊന്നുകളയുമെന്നു ഭീഷണിപ്പെടുത്തി അവരുടെ കഴുത്തില്‍ കിടന്ന മൂന്നു പവന് സ്വര്‍ണമാലയും ഒരു പവന് തൂക്കം വരുന്ന വളയും സഞ്ചിത്ത് ബലമായി ഉൗരിയെടുത്തു. തുടര്‍ന്ന് കാര്‍ നിര്‍ത്തി ഇയാള്‍ വയോധികയെ റോഡില്‍ തള്ളിയിറക്കി. ഇറങ്ങുന്നതിനിടയില്‍ ഇവരുടെ കൈയിലിരുന്ന പഴ്സും തട്ടിപ്പറിച്ചെടുത്തു. റോഡില്‍ കരഞ്ഞു കൊണ്ടു നിന്ന വയോധികയെ സമീപത്തെ വീട്ടിലെ വീട്ടമ്മയും തൊഴിലുറപ്പു തൊഴിലാളികളും കണ്ട് വിവരം അനേ്വഷിച്ചു. അടുത്ത വീട്ടില്‍ കൊണ്ടുപോയി കുടിക്കാന്‍ വെള്ളം നല്‍കിയും മുഖത്ത് ഐസ് വച്ച് കഴുകിയും ശുശ്രൂഷിച്ചതിനു ശേഷം വണ്ടിക്കൂലി നല്കി വീട്ടിലേക്ക് ബസ് കയറ്റിവിട്ടു.
വീട്ടില്‍ എത്തിയ ശേഷമാണ് പോലീസില്‍ വിവരമറിയിച്ചത്. ചെങ്ങന്നൂര്‍ ഡിവൈ.എസ്.പി: എം.കെ ബിനുകുമാറിന്റെ മേല്‍നോട്ടത്തില്‍ നൂറനാട് പോലീസ് ഇന്‍സ്പെക്ടര്‍ എസ്. ശ്രീകുമാറിന്റെ നേതൃത്വത്തില്‍ പ്രത്യേകസംഘത്തെ കേസ് അനേ്വഷണത്തിന് നിയോഗിച്ചു. മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതിയെ കസ്റ്റഡിയിലെടുത്തു. ആദ്യം കുറ്റം നിഷേധിച്ച പ്രതി തനിക്ക് ഒന്നുമറിയില്ലെന്ന നിലപാടില്‍ ഉറച്ചു നിന്നു.
വയോധിക പ്രതിയെ തിരിച്ചറിഞ്ഞു. സി.സി. ടിവി ദൃശ്യങ്ങള്‍ ആധാരമാക്കിയുള്ള ചോദ്യംചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചു. പ്രതിയുടെ വീട്ടില്‍ ഒളിപ്പിച്ച സ്വര്‍ണാഭരണങ്ങളും പെപ്പര്‍ സ്പ്രേയും കണ്ടെടുത്തു. ഓസ്ലര് എന്ന സിനിമ കണ്ടാണ് പെപ്പര്‍ സ്പ്രേ ആയുധമാക്കി കവര്‍ച്ച പ്ലാന്‍ ചെയ്തതെന്ന് പ്രതി വെളിപ്പെടുത്തിയതായി പോലീസ് പറഞ്ഞു.






