
വാഷിംഗ്ടണ്‍: അമേരിക്കയുടെ പുതിയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഡൊണാള്‍ഡ് ട്രംപ് അധികാരമേല്‍ക്കുന്നതോടെ ഏറ്റവും വലിയ ഭീഷണിയാകുക കുടിയേറ്റക്കാര്‍ക്ക് ആയിരിക്കുമെന്ന് വിലയിരുത്തല്‍. ദശലക്ഷക്കണക്കിന് ഇന്ത്യാക്കാരേയും കുട്ടികളെയും ബാധിക്കുമെന്നും കണക്കുകൂട്ടുന്നു. തന്റെ പ്രചരണങ്ങളില്‍ ഉടനീളം കുടിയേറ്റവും പൗരത്വവുമായി ബന്ധപ്പെട്ട വിഷയം ചര്‍ച്ച ചെയ്ത ട്രംപും വാന്‍ഡും കസേരയില്‍ കയറുന്ന ആദ്യദിവസം മുതല്‍ സ്വാഭാവിക പൗരത്വം തടയുമെന്ന് വ്യക്തമാക്കിയിരുന്നു.
ഡൊണാള്‍ഡ് ട്രംപിന്റെയും ജെഡി വാന്‍സിന്റെയും പ്രചാരണ വാഗ്ദാനങ്ങള്‍ കുടിയേറ്റക്കാര്‍ക്ക്, പ്രത്യേകിച്ച് ഇന്ത്യന്‍-അമേരിക്കക്കാര്‍ക്ക് വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. ഇത് കുട്ടികള്‍ സ്വാഭാവിക യുഎസ് പൗരന്മാരാകുന്നതില്‍ അനിശ്ചിതത്വത്തിന് കാരണമാകുമെന്നതാണ് അവരെ ആശങ്കപ്പെടുത്തുന്നതര്. സാധാരണഗതിയില്‍ ഒരു രാജ്യത്ത് ജനിച്ചതിന്റെ ഫലമായി അയാള്‍ക്ക് ആ രാജ്യത്തെ പൗരത്വം സ്വാഭാവികമായും വന്നു ചേരും. എന്നാല്‍ ഈ നിലയെ അപകടത്തിലാക്കുന്നതാണ് ട്രംപിന്റെ കുടിയേറ്റം സംബന്ധിച്ച നയം.
സ്വാഭാവിക പൗരത്വം തടയുമെന്ന് പ്രതിജ്ഞയെടുത്തിട്ടുള്ള ട്രംപ് ഇത് പ്രചാരണ രേഖയുടെ ഭാഗമാക്കുകയും ചെയ്തിരുന്നു. ഡൊണാള്‍ഡ് ട്രംപും അദ്ദേഹത്തിന്റെ ഡെപ്യൂട്ടി ജെഡി വാന്‍സും ആദ്യ ദിവസം മുതല്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് കുടിയേറ്റ വിഷയത്തില്‍ ആയിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍, തന്റെ മിക്കവാറും എല്ലാ റാലികളിലും 'ഒന്നാം ദിവസം, അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും വലിയ നാടുകടത്തല്‍ പരിപാടി ഞാന്‍ ആരംഭിക്കും' എന്ന് ട്രംപ് പറഞ്ഞിരുന്നു.
യുഎസിന്റെ ഇമിഗ്രേഷന്‍ നയത്തില്‍ വലിയ മാറ്റങ്ങള്‍ ആസൂത്രണം ചെയ്യുന്ന ട്രംപ്, അനധികൃത കുടിയേറ്റക്കാരെ ലക്ഷ്യം വയ്ക്കുന്നത് മാത്രമല്ല, നിയമനടപടികള്‍ക്ക് പിന്നാലെ പോകുകയും ചെയ്യുന്നു. ഡൊണാള്‍ഡ് ട്രംപിന്റെ പ്രചാരണ വെബ്സൈറ്റില്‍ ലഭ്യമായ രേഖ അനുസരിച്ച്, കുടിയേറ്റം തടയുന്നതിനുള്ള എക്സിക്യൂട്ടീവ് ഉത്തരവില്‍ അദ്ദേഹം പ്രസിഡന്റായതിന്റെ ആദ്യ ദിവസം തന്നെ ഒപ്പിടും. കുടിയേറ്റക്കാരുടെ കുട്ടികള്‍ക്ക് സ്വയമേ യുഎസ് പൗരന്മാരാകുന്നതിന് കുറഞ്ഞത് ഒരു രക്ഷിതാവെങ്കിലും യുഎസ് പൗരനോ നിയമാനുസൃത സ്ഥിരതാമസക്കാരനോ ആയിരിക്കണമെന്ന് ഫെഡറല്‍ ഏജന്‍സികള്‍ക്ക് നിര്‍ദ്ദേശം നല്‍കും.
ഭാവിയില്‍, യുഎസില്‍ ജനിക്കുന്ന കുട്ടികള്‍ക്കും അവരുടെ മാതാപിതാക്കളില്‍ ആരും യുഎസ് പൗരനോ സ്ഥിര താമസക്കാരനോ (പിആര്‍) അല്ലാത്തവര്‍ക്കും സ്വാഭാവികവല്‍ക്കരണം വഴി സ്വയമേവയുള്ള പൗരത്വത്തിന് അര്‍ഹതയുണ്ടായേക്കില്ല എന്നാണ് ഇതിനര്‍ത്ഥം. ഇന്ത്യാക്കാരെ ഇത് വലിയ രീതിയില്‍ ബാധിക്കുമെന്ന് കണക്കാക്കുന്നു. 2023 ന്റെ ആദ്യ പാദത്തില്‍ ഇന്ത്യയില്‍ നിന്നുള്ള തൊഴിലധിഷ്ഠിത ഗ്രീന്‍ കാര്‍ഡ് ബാക്ക്ലോഗ് 1 ദശലക്ഷം കടന്നതായി കണക്കാക്കപ്പെടുന്നു. ഒരു ഗ്രീന്‍ കാര്‍ഡിനായുള്ള ശരാശരി കാത്തിരിപ്പ് സമയം 50-ലധികം വര്‍ഷമാണ്.
പഠനത്തിനോ ജോലിയ്ക്കോ വേണ്ടി യുഎസിലേക്ക് മാറിയ അര ദശലക്ഷത്തിലധികം യുവ കുടിയേറ്റക്കാര്‍ പൗരത്വം ലഭിക്കുന്നതിന് മുമ്പ് മരിക്കാനിടയുണ്ടെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. പൗരത്വത്തിനായി കാത്തിരിക്കുന്ന കാല്‍ലക്ഷത്തോളം കുട്ടികളെയും ബാധിക്കുന്ന പ്രശ്നമാണ്. യുവാക്കള്‍ 21 കഴിഞ്ഞവര്‍ ഇതര വിസയില്ലാതെ താമസിച്ചാല്‍ അനധികൃത കുടിയേറ്റക്കാരായി മാറും. സ്വാഭാവിക പൗരത്വം തടയാനുള്ള ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനം തീര്‍ച്ചയായും അദ്ദേഹത്തിന്റെ എക്സിക്യൂട്ടീവ് ഉത്തരവിലേക്ക് വ്യവഹാരം ക്ഷണിക്കും, കാരണം ഇത് 14-ാം ഭേദഗതി ലംഘിക്കുന്നതിനാല്‍ ഇത് ഭരണഘടനാ വിരുദ്ധമാണെന്ന് നിയമവിദഗ്ധര്‍ വിശ്വസിക്കുന്നു.
പ്യൂ റിസര്‍ച്ചിന്റെ 2022 ലെ സെന്‍സസിന്റെ വിശകലനം അനുസരിച്ച്, 4.8 ദശലക്ഷം ഇന്ത്യന്‍-അമേരിക്കക്കാര്‍ അമേരിക്കയെ തങ്ങളുടെ ഭവനമാക്കിയിട്ടുണ്ട്. ഇവരില്‍ 1.6 ദശലക്ഷം ഇന്ത്യന്‍-അമേരിക്കക്കാര്‍ അമേരിക്കയില്‍ ജനിച്ചു വളര്‍ന്നവരാണ്. ഡൊണാള്‍ഡ് ട്രംപ് ഉത്തരവില്‍ ഒപ്പുവെച്ചാല്‍, ഇവരുടെ പൗരത്വം ഭരണഘടനാ വിരുദ്ധമാണോ എന്ന് കോടതികള്‍ തീരുമാനിക്കുന്ന അവസ്ഥയിലേക്ക് വരും.






