
മലയാളത്തിലേക്ക് തന്നെ വിളിക്കാൻ പലർക്കും പേടിയാണെന്ന് സംഗീത സംവിധായകൻ ഇളയരാജ. കേരളത്തിൽ എല്ലാ വീട്ടിലും സംഗീതസംവിധായകരുണ്ട്. അവരെല്ലം ഇപ്പോൾ സംഗീതം ചെയ്തുകൊണ്ടിരിക്കുകയാണെന്നും താനായി വഴി കാണിച്ചുകൊടുക്കേണ്ട ആവശ്യമില്ല എന്നുമാണ് ഇളയരാജ പറയുന്നത്.
ഷാർജ രാജ്യാന്തര പുസ്തകമേളയിൽ പങ്കെടുക്കാനെത്തിയപ്പോൾ മാധ്യമങ്ങളുടെ ചോദ്യങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വളർന്നുവരുന്ന സംഗീതസംവിധായകരോടു തനിക്ക് പ്രത്യേക സന്ദേശമൊന്നും നൽകാനില്ലെന്നും അവർ സ്വന്തം വഴികൾ കണ്ടെത്തിയെന്നും ഇളയരാജ പ്രതികരിച്ചു.
‘കേരളത്തിൽ എല്ലാ വീട്ടിലും സംഗീതസംവിധായകരുണ്ട്. അതുകൊണ്ടുതന്നെ മലയാളത്തിലേക്ക് എന്നെ വിളിക്കാൻ പലർക്കും പേടിയാണ്. അക്കാരണത്താലാണ് മലയാളത്തിലേക്കു ഞാൻ വരാത്തത്. അവർ ഇപ്പോൾ സംഗീതം ചെയ്തുകൊണ്ടിരിക്കുകയാണ്. പിന്നെ ഞാൻ എന്തിനാണ് അവർക്കു സംഗീതത്തിലേക്കുള്ള വഴി കാണിച്ചു കൊടുക്കുന്നത്. അവർ തന്നെ അവരുടെ വഴി കണ്ടെത്തിക്കഴിഞ്ഞു. അവരതിൽ മുന്നോട്ടു പോവുകയും ചെയ്യുന്നു. ഇനി അവർ മികവ് തെളിയിക്കട്ടെ’- ഇളയരാജ പറഞ്ഞു.






