
ന്യൂഡല്‍ഹി: ബലാത്സംഗ കേസില്‍ തനിക്ക് ജാമ്യം ലഭിച്ചാല്‍ ഇരയ്ക്ക് നീതി ലഭിക്കില്ലെന്ന വാദം നിലനില്‍ക്കില്ലെന്ന് നടന് സിദ്ദിഖ് സുപ്രീംകോടതിയില്‍. സംസ്ഥാന സര്‍ക്കാരിന്റെ റിപ്പോര്‍ട്ടിന് എതിരെ സുപ്രീം കോടതിയില്‍ നല്കിയ മറുപടി സത്യവാങ്മൂലത്തിലാണ് സിദ്ദിഖിന്റെ പരാമര്‍ശം. കേസെടുക്കാന്‍ ഉണ്ടായ കാലതാമസത്തെകുറിച്ചുളള വിശദീകരണം നിലനില്‍ക്കില്ലെന്നും സിദ്ദിഖ് സത്യവാങ്മൂലത്തില്‍ പറയുന്നു.
ഡബ്ല്യുസിസി അംഗമായിട്ടും ഹേമ കമ്മിറ്റിക്ക് മുന്നില്‍ പരാതിക്കാരി ഈ വിഷയം ഉന്നയിച്ചിട്ടില്ല. തനിക്കെതിരെ മാധ്യമ വിചാരണയ്ക്ക് പോലീസ് അവസരം ഒരുക്കുകയാണ്. താന്‍ മലയാള സിനിമയിലെ ശക്തനായ വ്യക്തി അല്ല. പ്രധാന കഥാപാത്രമായി താന്‍ ചുരുക്കം സിനിമകളിലാണ് അഭിനയിച്ചത്. ചെയ്തതില്‍ അധികവും സഹ വേഷങ്ങളാണെന്നും സിദ്ദിഖ് പറയുന്നു.
യാഥാര്‍ഥ്യങ്ങള്‍ വളച്ചൊടിച്ചാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. പരാതിക്കാരി ഉന്നയിക്കാത്ത കാര്യങ്ങള്‍ പോലും പോലീസ് പറയുന്നു. തനിക്കെതിരെ ഇല്ലാ കഥകളാണ് മെനയുന്നത് ശരിയായ അന്വേഷണം നടത്താതെയാണ് തന്നെ പ്രതിയാക്കിയതെന്നും സിദ്ദിഖ് എതിര് സത്യവാങ്മൂലത്തില്‍ ആരോപിക്കുന്നു.






