
മോഡല്‍, അഭിനേത്രി, അവതാരക, നര്‍ത്തകി എന്നീ നിലകളില്‍ സീരിയലും സിനിമകളുമായി മലയാളത്തിലും തമിഴിലും തിളങ്ങി നില്ക്കുന്ന താരമാണ് സ്വാസിക വിജയ്. ബോള്‍ഡായ കഥാപാത്രങ്ങള്‍ ചെയ്താല്‍ സ്വാസിക മലയാള സിനിമയില്‍ തന്റേതായ ഇടം നേടിയത്. വാസന്തി എന്ന സിനിമയിലെ അഭിനയത്തിന് താരത്തിന് മികച്ച സ്വഭാവ നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡും കിട്ടിയിരുന്നു. അടുത്തിടെ താരം തമിഴിലും തിളങ്ങി.
ദീര്‍ഘനാളത്തെ പ്രണയത്തിനു ശേഷമാണ് സ്വാസിക മോഡലും സീരിയല്‍ നടനുമായ പ്രേം ജേക്കബിനെ വിവാഹം ചെയ്തത്. വീട്ടുകാരും സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും ആഘോഷമാക്കിയ വിവാഹത്തിന്റെ വീഡിയോയും ചിത്രങ്ങളുമെല്ലാം സോഷ്യല്‍ മീഡിയയിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അഭിമുഖങ്ങളിലും നിറഞ്ഞ് നില്ക്കാറുള്ള നടിയുടെ ചില പ്രസ്താവനകള്‍ പലപ്പോഴും വിവാദങ്ങള്‍ക്കും വിമർശനങ്ങള്‍ക്കും കാരണമായിട്ടുണ്ട്. അതില്‍ ഒന്നാണ് വിവാഹ ജീവിതത്തെ കുറിച്ച് സ്വാസിക പറഞ്ഞ വാക്കുകള്‍ വൈറലായി മാറിയിരുന്നു. ഭർത്താവിന്റെ കാല് തൊട്ട് തൊഴാനും അദ്ദേഹം കഴിച്ച പാത്രത്തില്‍ കഴിക്കാനും വിധേയപ്പെട്ട് ജീവിക്കാനുമെല്ലാം തനിക്ക് ഇഷ്ടമാണെന്നാണ് സ്വാസിക പറഞ്ഞത്.
സ്വാസികയുടെ വാക്കുകള്‍ക്ക് വലിയ വിമർശനമാണ് ലഭിച്ചത്. വാക്കുകള്‍ വിവാദമായതോടെ കഴിഞ്ഞ ദിവസം ഒരു സ്വകാര്യ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ സ്വാസിക അതിനുള്ള വിശദീകരണം നല്‍കിയിരുന്നു. താൻ തന്റെ അഭിപ്രായമാണ് പലപ്പോഴും പറയുന്നതെന്നും മറ്റുള്ളവരും താൻ ചെയ്യുന്നത് പോലെ ചെയ്യണമെന്ന് ഒരിക്കലും പറയില്ലെന്നുമാണ് സ്വാസിക പറഞ്ഞത്.
ഇപ്പോഴിതാ സ്വാസികയുടെ പുതിയ അഭിമുഖവും വൈറലായതോടെ എഴുത്തുകാരി എസ്. ശാരദക്കുട്ടി സോഷ്യല്‍മീഡിയയില്‍ പങ്കിട്ട കുറിപ്പാണ് ശ്രദ്ധിക്കപ്പെടുന്നത്. എല്ലാം കയ്യിലുള്ളവർ എനിക്കൊന്നും വേണ്ടായേയെന്ന് പറയുന്നതുപോലെ മാത്രം കണ്ടാല്‍ മതി ഇവരുടെ വാക്കുകളെന്നാണ് ശാരദക്കുട്ടി കുറിച്ചത്.
‘‘എല്ലാം കയ്യിലുള്ളവർ എനിക്കൊന്നും വേണ്ടായേ, എന്നു പറയുന്നതു പോലെ മാത്രം കണ്ടാൽ മതി ഇവരുടെ വാക്കുകളെ.
വളരെ ബോള്‍ഡ് ആയ കഥാപാത്രങ്ങളെ യാതൊരു ഇന്‍ഹിബിഷനും കൂടാതെ അഭിനയിക്കുന്ന നടിയാണിവർ. ചതുരം, വിവേകാനന്ദൻ വൈറലാണ് , ഒക്കെ ഉദാഹരണം. പുതുനിര നടിമാരിൽ ഏറ്റവും ശക്തമായ ശരീരഭാഷ ഉള്ള നടി. വിവാദരംഗങ്ങളിൽ കൂള്‍ കൂള്‍ ആയി അഭിനയിക്കുന്നവർ. തൊഴിലിൽ വിട്ടുവീഴ്ചയില്ലാത്ത പെൺകുട്ടി. അതിനോടൊക്കെ ബഹുമാനമുണ്ട്.
പിന്നെ ഇന്നലെ കണ്ട പോസ്റ്റർ. ആനിയും വിധുബാലയുമൊക്കെ പറയുന്ന കുലീനത്വത്തിന്റെ, യേശുദാസ് പറയുന്ന സർവ്വം ബ്രഹ്മ മയത്തിന്റെ തുടർച്ചയാണിതും. പങ്കാളിയെയോ വിശ്വസ്നേഹത്തെയോ ആശ്രയിച്ചല്ല ഇവരുടെ ഒന്നും നിലിനിൽപ്. ഈ വിധേയത്വ വിനയക്കുപ്പായത്തിന് നല്ല മാർക്കറ്റുണ്ട് എന്നതിനാലാണവർ ഇങ്ങനെ പറയുന്നത്.
നൂറിലധികം ബ്രാൻഡഡ് ഉടുപ്പുകൾ അലമാരയിൽ സൂക്ഷിച്ച് ആർഭാട ജീവിതം നയിച്ച് ഗാന്ധിയുടെ ലാളിത്യത്തെ കുറിച്ച് വാചാലമാകാം. ഗാന്ധിമാർഗ്ഗമാണ് തന്റെ മാർഗ്ഗമെന്നു പറയാം. കമ്യൂണിസ്റ്റാശയമാണ് പിന്തുടരുന്നതെന്നു പറഞ്ഞ് വീട്ടിലുള്ളവരുടെ ഈശ്വരവിശ്വാസത്തിന്റെ ബലത്തിൽ താൻ വിശ്വാസിയല്ലെന്നും പറയാം.
ഒക്കെ ബുദ്ധിജീവികളുടെയും, രാഷ്ട്രീയോപജീവികളുടെയും അതിജീവനതന്ത്രമാണ്. അതുകൊണ്ട് പാവം സ്വാസികയോട് നമുക്ക് ക്ഷമിക്കാവുന്നതേയുള്ളു. അവർക്കും ബുദ്ധിയുണ്ടെന്നതിൽ നമുക്ക് അഭിമാനിക്കാം.
വെട്ടി വിളിച്ച് സത്യങ്ങൾ മുഴുവൻ പറഞ്ഞു നടന്ന് ലോകരുടെ മുഴുവൻ വെറുപ്പു വാങ്ങിക്കൂട്ടുന്ന വിഡ്ഢികൾക്ക് ഇതൊക്കെ കേട്ടാൽ കലിയിളകും.
‘ഐഹികമായ സുഖത്തിലൊന്നും കൃഷ്ണാ അയ്യോ എനിക്കൊരു മോഹമില്ലേ’ എന്നു പ്രാർഥിച്ച ധനിക സ്ത്രീയോട് എന്നാലിതെല്ലാം ഞാൻ തിരിച്ചെടുത്തേക്കാമെന്ന് ദൈവം പ്രത്യക്ഷപ്പെട്ടു പറഞ്ഞതും അവർ ബോധശൂന്യയായി നിലം പതിച്ചതും ആയ കഥ കേട്ടിട്ടുണ്ട്....എസ്. ശാരദക്കുട്ടി...’’ എന്നാണ് ശാരദക്കുട്ടി കുറിച്ചത്.
ഈ പോസ്റ്റിനും സമ്മിശ്ര പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും വരുന്നത്. ‘ചിരിച്ചു മതിയായി സ്വാസികയുടെ കപട നാട്യം കണ്ടിട്ട്. പക്ഷേ ഇത്തരം പ്രസ്താവനകൾ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ ഓർക്കുമ്പോൾ ചിരി മായുകയും ചെയ്യുന്നു, ഭർത്താവ് എങ്ങനെയുണ്ടെന്ന് അറിഞ്ഞിട്ട് മതിയായിരുന്നു ഈ വക കടുത്ത തീരുമാനങ്ങൾ. ഇനിയിപ്പോൾ കാല് കഴുകിക്കോ എന്നും പറഞ്ഞ് ഒരു അലവലാതി വന്നാൽ ഈ കുലീന അതൊക്കെ ചെയ്തു കൊടുക്കണ്ടേ?’ എന്നിങ്ങനെ നീളുകയാണ് കമന്റുകള്‍.
‘‘എന്റെ പേഴ്സണല്‍ ലൈഫില്‍ ഞാന്‍ ഇങ്ങനെയാണ് ജീവിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഹസ്ബന്റിന് താഴെ ജീവിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. അത് ഞാന്‍ ഇപ്പോള്‍ തീരുമാനിച്ചതല്ല. വളരെ ചെറുപ്പത്തിലേ തന്നെ തീരുമാനിച്ചതാണ്. അതായത് കല്യാണം കഴിക്കുന്നതിന് മുമ്ബൊക്കെയുള്ള ടീനേജ് പ്രായത്തിലേ തന്നെ തീരുമാനിച്ചിരുന്നു. എന്തുകൊണ്ടാണ് അങ്ങനെയൊരു തീരുമാനമെന്ന് ചോദിച്ചാല്‍ എനിക്ക് അറിയില്ല. പിന്നെ എന്റെ അച്ഛനും അമ്മയും അങ്ങനെയാണോയെന്ന് ചോദിച്ചാല്‍... അല്ല.
എന്റെ അമ്മൂമ അങ്ങനെ ആയിരുന്നോയെന്ന് ചോദിച്ചാലും അല്ല. ഇവരാരും അങ്ങനെയല്ല. പക്ഷെ ഞാന്‍ എന്തുകൊണ്ടോ ഇങ്ങനെ തീരുമാനിച്ചു. കാരണം ചോദിച്ചാല്‍ എനിക്കും അറിയില്ല. പക്ഷെ ഞാന്‍ ഇങ്ങനെ ജീവിക്കാനാണ് പോകുന്നതെന്ന് മാത്രമെ എനിക്ക് അറിയുകയുള്ളൂ. അതുകൊണ്ടാണ് കാലു പിടിക്കുന്നതും പാത്രം കഴുകുന്നതുമൊക്കെ. അത് തെറ്റാണോയെന്ന് ചോദിച്ചാല്‍ തെറ്റാണ്.
നിങ്ങള്‍ക്കത് തെറ്റാണ്. ഞാന്‍ ഒരിക്കലും മറ്റുള്ളവരോട് അങ്ങനെ ചെയ്യണമെന്ന് പറയുന്നില്ല. അതാണ് പെര്‍ഫക്ട് സ്ത്രീയെന്ന് ഞാന്‍ ഒരിക്കലും പറയുന്നില്ല. അതല്ല പെര്‍ഫക്ട് സ്ത്രീ...’’ എന്നാണ് സ്വാസിക അഭിമുഖത്തില്‍ പറഞ്ഞത്.






