
തിരുവനന്തപുരം: വയനാട് ദുരന്തത്തെ ദേശീയദുരന്തമായി പ്രഖ്യാപിക്കില്ലെന്ന് നിലപാട് കേന്ദ്രം കേരളത്തിലെ ജനങ്ങളോട് നടത്തുന്ന വെല്ലുവിളിയെന്ന് മന്ത്രി കെ.രാജന്. ഇത് കേന്ദ്രത്തിന്റെ ഔദാര്യമല്ലെന്നും കേരളത്തിന്റെ അവകാശമാണെന്നും മന്ത്രി പറഞ്ഞു. ദുരന്തഘട്ടത്തില്‍ സാങ്കേതികത്വം പറഞ്ഞ് ക്ലാസ്സെടുക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്തുകൊണ്ടിരിക്കുന്നതെന്നും ദുരന്തബാധിതരെ കൂടുതല്‍ ദുരിതത്തിലാക്കാനുള്ള നീക്കമാണ് ഇതിലൂടെ കേന്ദ്രസര്‍ക്കാരിന്റെ കത്തെന്നും അദ്ദേഹം പറഞ്ഞു.
മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തെ എല്‍3 വിഭാഗത്തില്‍ ഉള്‍പ്പെടുത്തണമെന്നാണ് കേരളത്തിന്റെ ആവശ്യം. വിഷയം ഗൗരവമായി ചര്‍ച്ച ചെയ്യുകയും ദുരന്തത്തിന്റെ വ്യാപ്തി ബോധിപ്പിക്കുകയും ചെയ്തിട്ടുള്ളതാണ്. എന്നിട്ടും നൂറ് ദിവസം പിന്നിട്ടപ്പോള്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാകില്ലെന്ന് പറഞ്ഞ് കേന്ദ്രം കത്തയച്ചിരിക്കുകയാണ്. വയനാട് തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ കാത്തിരുന്ന് തിരഞ്ഞെടുപ്പ് പൂര്‍ത്തിയായ ശേഷം കത്തയക്കുന്നത് കേരളത്തിലെ ജനങ്ങളെ വഞ്ചിക്കുന്നതിന് തുല്യമാണെന്നും മന്ത്രി പറഞ്ഞു.
കേരളത്തിലെ സര്‍ക്കാരിനോട് വിദ്വേഷമാകാം. പക്ഷേ കേരളത്തിലെ ജനങ്ങളോട് വിദ്വേഷം കാണിക്കരുതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഇത്ര ഭീകരമായ ദുരന്തത്തില്‍ ഇനി കേന്ദ്രത്തെ എന്താണ് ബോധ്യപ്പെടുത്തേണ്ടത്. ആദ്യത്തെ ഇന്റര്‍മിനിസ്റ്റീരിയല്‍ ഡിസാസ്റ്റര്‍ സംഘം എത്തിയപ്പോള്‍ മുതല്‍ ആവശ്യപ്പെടുന്ന കാര്യമാണ് ദുരന്തത്തെ എല്‍3 വിഭാഗത്തില്‍ ഉള്‍പ്പെടുത്തണമെന്ന്. ഇന്റര്‍മിനിസ്റ്റീരിയല്‍ സെന്‍ട്രല്‍ സംഘം ഒരു ദുരന്തബാധിത മേഖലയില്‍ വരുന്നത് ദുരന്തം രാജ്യം മുഴുവന്‍ കൈകാര്യം ചെയ്യേണ്ട വിഷയമാണോ എന്നും, സംസ്ഥാനത്തിന് എത്ര തുക നല്‍കണം എന്നും മനസിലാക്കാന്‍ വേണ്ടിയാണ്. കേരളത്തിലെ മന്ത്രിമാരുമായും, കേരളത്തിലെ സംഘവുമായും അവര്‍ സംസാരിച്ചു.
കേന്ദ്രത്തിന്റെ കത്ത് തന്നെ കേരളത്തിനോടുള്ള വെല്ലുവിളിയാണ്. ചൂരല്‍മലയില്‍ ദുരന്തബാധിതരെ ആകെ വീണ്ടും ദുരിതത്തിലാക്കാനുള്ള ഒന്നാണ് കത്ത്. എസ്ഡിആര്എഫില് നിങ്ങള്‍ക്ക് ആവശ്യമായ പണം ഉണ്ട് എന്നാണ് കേന്ദ്രം പറയുന്നത്. എസ്ഡിആര്‍എഫിലെ പണം കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ സംഭവിക്കുന്ന എല്ലാ ദുരന്തങ്ങള്‍ക്കും നല്‍കാനുള്ളതാണെന്നും മന്ത്രി പറഞ്ഞു.






