
ബോളിവുഡില്‍ പ്രണയവും വിവാഹവും വിവാഹമോചനവുമൊക്കെ പതിവ് വാര്‍ത്തകളാണ്. എന്നാല്‍ വിവാഹ ബന്ധത്തില്‍ നിന്ന് വേർപിരിഞ്ഞതിന് ശേഷം ആരോഗ്യകരമായ സൗഹൃദം സൂക്ഷിക്കാൻ കഴിയുന്നവര്‍ ചുരുക്കമാണ്. അക്കൂട്ടത്തില്‍ മുന്‍പന്തിയിലാണ് ബോളിവുഡ് താരം ആമിർ ഖാനും സംവിധായികയും നിർമ്മാതാവുമായ കിരണ്‍ റാവുവും. പ്രണയവിവാഹത്തിലൂടെ ഒന്നായ ഇവര്‍ പരസ്പര ധാരണയോടെയാണ് ആ ബന്ധം അവസാനിപ്പിച്ചത്. എന്നാല്‍ അതിനു ശേഷവും നല്ല ഒരു സൗഹൃദം കാത്തുസൂക്ഷിക്കാന്‍ ഇവര്‍ക്ക് കഴിയുന്നുണ്ട്.
ഇടയ്ക്ക് പതിറ്റാണ്ടുകള്‍ നീണ്ട കരിയറിനിടെ കുടുംബത്തിനൊപ്പം മതിയായ സമയം ചെലവഴിക്കാനായില്ല എന്ന കുറ്റബോധത്താല്‍ കരിയറില്‍ നിന്ന് പിൻവാങ്ങുന്നതായി ആമിര്‍ ഖാന് പറഞ്ഞിരുന്നു. 2022-ല്‍ പുറത്തിറങ്ങിയ ലാല്‍ ഛദ്ദ സിംഗിന്റെ പരാജയത്തിനു ശേഷമാണ് അഭിനയത്തില്‍ നിന്ന് ഇടവേളയെടുക്കുന്നതായി ആമിർ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ തിരിച്ചെത്തിയ ആമിർ തുടർച്ചയായി ആറു പ്രൊജക്ടുകള്‍ ഏറ്റെടുക്കുകയും ചെയ്തു.
ഇപ്പോഴിതാ താന്‍ സിനിമയില്‍ നിന്ന് പിന്വാങ്ങാനെടുത്ത തീരുമാനത്തില്‍ നിന്ന് പുറത്തു വരാൻ തന്നെ സഹായിച്ച ഘടകങ്ങളെ പറ്റി പറയുകയാണ് ആമിർ.
‘‘എന്റെ ജീവിതത്തില്‍ അന്നേവരെ ഒരേ സമയം ആറു സിനിമകള്‍ ഞാൻ ഏറ്റെടുത്തിരുന്നില്ല. എന്നാല്‍ അത്തരത്തിലൊരു തീരുമാനം എടുക്കുമ്പോള്‍ ഒരു കാര്യം ഞാൻ മനസ്സില്‍ ഉറപ്പിച്ചിരുന്നു. ഇനിയുള്ള പത്ത് വർഷമായിരിക്കും എന്റെ അഭിനയ ജീവിതത്തിലെ സജീവമായുള്ള സമയം.
സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കാനുള്ള തീരുമാനം പറഞ്ഞപ്പോള്‍ കിരണ്‍ റാവു കരഞ്ഞു. ബാല്‍ക്കണിയിലിരുന്ന് കിരണ്‍ കരയുന്നതു കണ്ടപ്പോള്‍ ഞാന്‍ ചോദിച്ചു എന്ത് പറ്റിയെന്ന്. കിരണ്‍ പറഞ്ഞു,‘നിങ്ങള്‍ ഞങ്ങളെ വിട്ടു പോകുയാണ്’. ഞാന്‍ പറഞ്ഞു, ഞാന്‍ നിങ്ങളെയല്ല, സിനിമയെയാണ് വിട്ടു പോകുന്നത് എന്ന്. അങ്ങനെ നമുക്ക് കൂടുതല്‍ സമയം ഒരുമിച്ചിരിക്കാം. കിരണ്‍ അപ്പോള്‍ പറഞ്ഞു, നിന്റെ ജീവിതം സിനിമയാണ്. സിനിമയെ നിങ്ങള്‍ വിട്ടു പോകുന്നത് ഞങ്ങളെ വിട്ടു പോകുന്നതിന് തുല്യമാണ് എന്ന്....’’ ആമീര്‍ പറഞ്ഞു.
ഇത് കേട്ട് കിരണിന്റെ മറുപടി ഇങ്ങനെയായിരുന്നു. ‘‘നിങ്ങള്‍ക്ക് ചിന്തിക്കാന്‍ കഴിയുമോ ആമീര്‍ എപ്പോഴും വീട്ടിലിരിക്കുന്നതും, ഒരു സിനിമ പോലും ചെയ്യാതിരിക്കുന്നതും. അതു കേട്ട് മകള്‍ പോലും പറഞ്ഞു,‘പ്ലീസ് പാപ്പാ, നിങ്ങള്‍ എല്ലാ സമയവും ഞങ്ങള്‍ക്കൊപ്പം ഇരിക്കാനാവില്ല. ഞങ്ങള്‍ ക്രേസിയായി പോകും’ എന്ന്....’’ കിരണിന്റെ മറുപടി കേട്ട് ആമീര്‍ ചിരിക്കുന്നതും വീഡിയോയിലുണ്ട്.
ചില തീരുമാനങ്ങള്‍ തന്നിലുണ്ടാക്കിയ മാറ്റത്തെക്കുറിച്ചും ആമീര്‍ പറയുന്നുണ്ട്. ‘‘എന്റെ 56-ാം വയസ്സിലുണ്ടായ തിരിച്ചറിവുകള്‍ വ്യക്തിജീവിതത്തില്‍ മാറ്റങ്ങളുണ്ടാക്കി. ജിവിതത്തില്‍ എന്ത് സംഭവിക്കുമെന്ന് പറയാനാകില്ല. ചിലപ്പോള്‍ നമ്മള് നാളെ മരിച്ചു പോയേക്കാം. അതുകൊണ്ട് കരിയറില്‍ ആക്ടീവായി ഇനിയൊരു പത്ത് വർഷം കൂടെയുണ്ടാകുമെന്നാണ് ഞാൻ കരുതുന്നത്. ഇപ്പോള്‍ 59 വയസ്സുള്ള ഞാൻ 70 വയസ്സുവരെ പ്രൊഡക്ടീവായി ജീവിക്കാണമെന്നാണ് കരുതുന്നത്. എഴുത്തുകാരും സംവിധായകരും അടക്കമുള്ള ക്രിയാത്മകമായി ചിന്തിക്കുന്നവരെ സഹായിക്കണമെന്നാണ് പ്രായമാകും തോറുമുള്ള എന്റെ ആഗ്രഹം. എന്നാല്‍ യോഗയും മെഡിറ്റേഷനും പുസ്തക വായനയുമായുള്ള റിട്ടയർമെന്റ് ജീവിതം ഞാന്‍ ആഗ്രഹിക്കുന്നുണ്ട്....’’ ആമീര്‍ പറയുന്നു. വിവാഹ ബന്ധത്തില്‍ നിന്ന് വേർപിരിഞ്ഞ ശേഷവും സമാന താത്പര്യങ്ങള്‍ പങ്കുവെക്കുന്ന രണ്ട് വ്യക്തികള്‍ എന്ന നിലയില്‍ ഇരുവരും സൂക്ഷിക്കുന്ന സൗഹൃദത്തെ കുറിച്ചും ഈ അഭിമുഖത്തില്‍ പറയുന്നുണ്ട്. ദ ഹോളീവുഡ് റിപ്പോർട്ടർ ഇന്ത്യക്കായി അനുപമ ചോപ്രയക്ക് നല്കിയ അഭിമുഖത്തിലാണ് കിരണ്‍ റാവുവും ആമിർ ഖാനും മനസ്സു തുറക്കുന്നത്.
2025 ഓസ്കർ പുരസ്കാരത്തിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി തിരഞ്ഞെടുത്തത് കിരണ്‍ റാവു സംവിധാനം ചെയ്ത ലാപതാ ലേഡീസാണ്. ആമിർഖാൻ, കിരണ്‍ റാവു, ജ്യോതി ദേഷ്പാണ്ഡെ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.






