
അസുഖങ്ങള്‍ വരുമ്പോള്‍ മരുന്നുകള്‍ കഴിക്കേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ ഇത്തരത്തില്‍ രോഗാവസ്ഥയിലാകുമ്പോള്‍ പലരെയും വിഷമിപ്പിക്കുന്ന പ്രധാനകാര്യം തുടര്‍ച്ചയായി കുടിക്കേണ്ടിവരുന്ന ഈ മരുന്നുകളും അവയുടെ അസ്വസ്ഥപ്പെടുത്തുന്ന മണവും രുചിയും ഒക്കെയാണ്. എന്നാല്‍ ചിലര്‍ക്ക് പ്രത്യേകിച്ച് കുട്ടികള്‍ക്ക് മരുന്നുകള്‍ നല്കാന് മാതാപിതാക്കള്‍ ചില പൊടിക്കൈകള്‍ ഒക്കെ പ്രയോഗിക്കാറുണ്ട്. ഇതിലൊന്നാണ് ഇഷ്ടപ്പെട്ട ഭക്ഷണപദാര്‍ത്ഥങ്ങള്‍ക്കൊപ്പം ഈ മരുന്നുകള്‍ കുട്ടികള്‍ക്ക് നല്‍കുക എന്നുള്ളത്. എന്നാല്‍ അങ്ങനെയെങ്കില്‍ നമുക്ക് ഏറ്റവും ഇഷ്ടപ്പെട്ട വിഭവങ്ങളുടെ രുചിയിലും രൂപത്തിലും മരുന്നുകള്‍ കിട്ടിയാല്‍ എന്തു രസമായിരിക്കും. അത്തരത്തില്‍ ഒരു വാര്‍ത്ത ഏതാനും ദിവസങ്ങള്‍ മുന്‍പ് സോഷ്യല്‍ മീഡിയയില്‍ ഇടം പിടിച്ചിരുന്നു.
നെതര്‍ലാന്‍സില്‍ പാരസെറ്റാമോള്‍ ചേര്‍ത്ത ഐസ്ക്രീം കണ്ടെത്തിയെന്നും അതിനി രോഗികള്‍ക്ക് ആവശ്യമായ സമയങ്ങളില്‍ ഏറെ ഇഷ്ടത്തോടെ കഴിക്കാം എന്നുമായിരുന്നു ആ വാര്‍ത്ത. എന്നാല്‍, യഥാര്‍ത്ഥത്തില്‍ അങ്ങനെയൊരു സംഭവം നടന്നിട്ടുണ്ടോ? വാസ്തവം ഇതാണ്. വര്‍ഷങ്ങള്‍ക്കു മുന്‍പ് നെതര്‍ലാന്‍സില്‍ ഒരിക്കല്‍ അത്തരത്തില്‍ ഒരു ഐസ്ക്രീം ഉണ്ടാക്കിയിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. പക്ഷേ, ഒരിക്കലും ആളുകള്‍ക്ക് വില്‍ക്കുക എന്ന ഉദ്ദേശത്തോടെ ആയിരുന്നില്ല ആ ഐസ്ക്രീം സ്കൂപ്പ് ഉണ്ടാക്കിയത്. പകരം ഒരു പ്രദര്‍ശനത്തിനായി മാത്രമായിരുന്നു. അന്ന് പ്രദര്‍ശനത്തിനായി എത്തിച്ച ആ ഐസ്ക്രീമിന്റെ ചിത്രമാണ് ഇപ്പോള്‍ വീണ്ടും സോഷ്യല്‍ മീഡിയയില്‍ ഇടം പിടിക്കുന്നത്.
നെതര്‍ലന്‍ഡ്സില്‍ നിന്നുള്ള നാഗല്കെര്കെ എന്ന സ്ഥാപനമായിരുന്നു ഇത്തരത്തില്‍ ഒരു ഐസ്ക്രീമിന് പിന്നില്‍. 2016 -ല്‍ ഹോളണ്ടില്‍ നടന്ന ഒരു കാര്‍ണിവലില്‍ ആളുകളുടെ ശ്രദ്ധ പിടിച്ചു പറ്റുക എന്നതായിരുന്നു ഈ പാരസെറ്റാമോള്‍ ഐസ്ക്രീം സൃഷ്ടിക്ക് പിന്നിലെ ഉദ്ദേശം. ഒന്നില്‍ കൂടുതല്‍ തവണ ഉത്പാദിപ്പിക്കുക എന്ന ഉദ്ദേശത്തോടെയല്ല ഐസ്ക്രീം 'ഫ്ലേവര്‍' ഉണ്ടാക്കിയത് എന്നത് എടുത്തുപറയേണ്ടതാണ്. ഒരിക്കല്‍പോലും പൊതുജനങ്ങളിലേക്ക് ഈ ഐസ്ക്രീം എത്തിക്കാനും ഉദ്ദേശം ഉണ്ടായിരുന്നില്ല. എങ്കില്‍ കൂടിയും ആരോഗ്യവിദഗ്ധരുടെ കര്‍ശന നിര്‍ദ്ദേശങ്ങളും ആശങ്കകളും കണക്കിലെടുത്ത് ആ പ്രദര്‍ശനത്തില്‍ നിന്നുപോലും പിന്നീട് ഐസ്ക്രീം നീക്കം ചെയ്തു എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
പാരസെറ്റാമോള്‍ ഐസ്ക്രീമുമായി ബന്ധപ്പെട്ട് മറ്റു ചില വാര്‍ത്താ ഔട്ട്ലെറ്റുകള് നല്കുന്ന വിശദീകരണം ഐസ്ക്രീമിന്റെ നിര്‍മ്മാണ കമ്പനിക്ക് ലൈസന്‍സ് നേടിയെടുക്കാന്‍ സാധിക്കാതെ വന്നതോടെയാണ് അതിന്റെ ഉത്പാദനം നിര്‍ത്തിയത് എന്നാണ്. എന്നാല്‍, ഐസ്ക്രീം സ്കൂപ്പിന്റെ മുകളില്‍ പാരസെറ്റാമോള്‍ എന്ന് എഴുതിവെച്ച് ആളെ പറ്റിച്ചതാണെന്ന് അഭിപ്രായപ്പെടുന്നവരും ധാരാളമുണ്ട്.






