
അവതാരകനായി തുടങ്ങി പിന്നീട് ബിഗ് സ്ക്രീനില്‍ നായകനായും ഗായകനായുമൊക്കെ തിളങ്ങി നില്ക്കുന്ന താരമാണ് ആയുഷ്മാന്‍ ഖുറാന. മികച്ച കഥാപാത്രങ്ങളിലൂടെയാണ് താരം പ്രേക്ഷകപ്രീതി നേടിയത്. ബോളിവുഡിൽ മാത്രമല്ല കേരളത്തിലും നിരവധി ആരാധകരുള്ള നടൻമാരിലൊരാളാണ് ആയുഷ്മാൻ ഖുറാന. കണ്ണുനിറയ്ക്കന്ന, ചിരിപ്പിക്കുന്ന, ചിന്തിപ്പിക്കുന്ന ഒരുപാട് കഥാപാത്രങ്ങള്‍ ആയുഷ്മാന്‍ വെള്ളിത്തിരയ്ക്ക് സമ്മാനിച്ചിട്ടുണ്ട്. തന്റെ സംഗീത ബാൻഡായ ആയുഷ്മാൻഭവയ്ക്കൊപ്പം അമേരിക്കയിൽ പര്യടനം നടത്തുകയാണിപ്പോള്‍ താരം. അതുകൊണ്ട് തന്നെ ഈ വർഷം താരത്തിന് സിനിമ റിലീസില്ല. കഴിഞ്ഞ ഒരു വർഷത്തിനിടെ സിനിമകളൊന്നും ചെയ്തില്ലെങ്കിലും സംഗീതമേഖലയില്‍ സജീവമാണ് താരം.
ഇപ്പോഴിതാ തന്റെ കുട്ടിക്കാലത്ത് നേരിട്ട ട്രോമയേക്കുറിച്ച് തുറന്നു പറയുകയാണ് താരം. സ്വന്തം അച്ഛനില്‍ നിന്നുണ്ടായ പെരുമാറ്റവുമായി ബന്ധപ്പെട്ടാണിത് താരം പറഞ്ഞത്.
‘‘ഒരു ദിവസം ഞാൻ ഒരു പാർട്ടി കഴിഞ്ഞ് മടങ്ങിയെത്തി. എന്റെ ഷർട്ടിന് സിഗരറ്റിന്റെ മണമുണ്ടായിരുന്നു. ഇപ്പോൾ അച്ഛനോടുള്ള പേടി കാരണം ഞാനതിൽ തൊടാറില്ല. പക്ഷേ അന്ന് അതിന്റെ പേരിൽ കുറേ അടി കിട്ടി. എന്റെ അച്ഛൻ ഒരു ഏകാധിപതിയെപ്പോലെയായിരുന്നു. ചെരിപ്പുകൊണ്ടും ബെല്‍റ്റുകൊണ്ടും പൊതിരെ തല്ലുകിട്ടിയിട്ടുണ്ട്. ഇത് കുട്ടിക്കാലത്ത് മനസിനേറ്റ വലിയൊരു ആഘാതമായിരുന്നു. എന്നാല്‍ എന്റെ പിതാവില്‍നിന്നും ഏറെ വ്യത്യസ്തനായ പിതാവാണ് ഞാന്‍. മുപ്പത് വയസാകുന്നതിനു മുൻപ് തന്നെ ഞാൻ അച്ഛനായി. ഞാനും താഹിറയും വളരെ ചെറിയ പ്രായത്തിൽത്തന്നെ അച്ഛനമ്മമാരായി.
എനിക്കൊരു മകളാണുള്ളത്. നിങ്ങൾക്കൊരു മകളാണുള്ളതെങ്കിൽ അവൾ നിങ്ങളെ നല്ലൊരു വ്യക്തിയാക്കും. പെൺമക്കൾ നിങ്ങളെ കൂടുതൽ സഹാനുഭൂതിയുള്ളവരാക്കും...’’ ആയുഷ്മാന്‍ ഖാന് പറഞ്ഞു. ഹോണസ്റ്റ്ലി സേയിങ് എന്ന പോഡ്കാസ്റ്റ് ഷോയില്‍ വച്ചാണിയ് താരം പറഞ്ഞത്.
ധർമ പ്രൊഡക്ഷൻസിന്റെ ബാന്റില്‍ കരണ്‍ ജോഹർ നിർമിക്കുന്ന ചിത്രത്തിലാണ് ആയുഷ്മാൻ ഖുറാന ഇനി അഭിനയിക്കുന്നത്. സാറാ അലി ഖാനാണ് നായിക. മാഡോക്ക് ഫിലിംസ് നിർമിക്കുന്ന ഹൊറർ സിനിമാറ്റിക് യൂണിവേഴ്സിലെ പുതിയ ചിത്രമായ തമ ആണ് ആയുഷ്മാന്റേതായി വരുന്ന മറ്റൊരു ചിത്രം. രശ്മിക മന്ദാന, നവീസുദ്ദീൻ സിദ്ദിഖി, പരേഷ് റാവല്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു വേഷങ്ങളില്‍.






