
തിരുവനന്തപുരം: സംസ്ഥാനത്തെ അനേകം ഭിന്നലിംഗക്കാര്‍ക്ക് പ്രതീക്ഷയേകി തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ഇതാദ്യമായി ലിംഗമാറ്റ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി. നീണ്ട പ്രയത്നത്തിന് ഒടുവില്‍ ദീര്‍ഘകാലമായി ആണാകാന്‍ കൊതിച്ചിരുന്ന തിരുവനന്തപുരം സ്വദേശിയായ 41 കാരിയാണ് പുരുഷനായി മാറിയത്. നടപടിക്രമം പൂര്‍ത്തിയാക്കാന്‍ മൂന്നു വര്‍ഷത്തോളം വേണ്ടി വന്നതായി സങ്കീര്‍ണ്ണമായ ജോലി ഏറ്റെടുത്ത ഡോക്ടര്‍മാര്‍ പറഞ്ഞു.
സ്ത്രീയില്‍ നിന്നും ഒരാളെ പുരുഷനാക്കി മാറ്റുകയും പുരുഷനില്‍ നിന്നും സ്ത്രീയാക്കി മാറ്റുന്നതും ഏറെ ദുഷ്ക്കരമായ ജോലിയായിരുന്നു. കാര്യം പൂര്‍ത്തിയാക്കാന്‍ മൂന്ന് വര്‍ഷത്തിനിടയില്‍ മൂന്ന് ഘട്ടങ്ങളിലായി അനേകം ശസ്ത്രക്രിയകള്‍ വേണ്ടി വന്നതായി ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്കിയ ഡോ. കെ അജയകുമാര്‍ ഒരു ദേശീയമാധ്യമത്തോട് പറഞ്ഞു. മൂന്ന് വിവിധ ഘട്ടങ്ങളിലായി ഏറെ സങ്കീര്‍ണ്ണമായ അനേകം ശസ്ത്രക്രിയകള്‍ വേണ്ടി വന്നു. മാറിടം, ഗര്‍ഭപാത്രം, ലൈംഗികാവയവം എന്നവയെല്ലാം ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി മുറിച്ചുമാറ്റി. പകരം പുരുഷാവയവങ്ങള്‍ വെച്ചു പിടുപ്പിക്കേണ്ടി വന്നു. ഇതില്‍ പുരുഷലൈംഗികാവയവം വെച്ചു പിടുപ്പിക്കലായിരുന്നു ഏറെ ബുദ്ധിമുട്ട്. ഇതിനായി രണ്ടു ദിവസം വേണ്ടിവന്നെന്നും ഡോക്ടര്‍മാര്‍ പറയുന്നു. മെഡിക്കല്‍ കോളേജില്‍ ഇത് ഒരു ദിവസം കൊണ്ടുപൂര്ത്തിയാക്കാനാകുമായിരുന്നില്ല. ഇപ്പോള്‍ എല്ലാ പുരുഷാവയവങ്ങളും വെച്ചു പിടുപ്പിച്ച് ഇയാള്‍ ഒരു പൂര്‍ണ്ണ പുരുഷനായി മാറിയിട്ടുണ്ട്.
പത്തുലക്ഷം രൂപയോളം ചെലവ് വരുന്ന ശസ്ത്രക്രിയ വെറും മൂന്ന് ലക്ഷം രൂപയ്ക്കാണ് മെഡിക്കല്‍ കോളേജില്‍ നടന്നത്. ചെറുപ്പം മുതല്‍ പുരുഷത്വം കൂടെയുണ്ടായിരുന്നെങ്കിലും സ്ത്രീയായിട്ടായിരുന്നു ഇവര്‍ വളര്‍ന്നത്. എന്നാല്‍ അന്നുമുതല്‍ മാതാപിതാക്കളോട് പുരുഷനാകുന്നതിനെ കുറിച്ച് ഇവര്‍ ചര്‍ച്ച ചെയ്തിരുന്നു. വിവിധ വകുപ്പുകളില്‍ നിന്നുള്ള വിദഗ്ദ്ധരുടെ കൗണ്‍സിലിംഗാണ് ഇക്കാര്യത്തില്‍ ആദ്യം ചെയ്തത്. അതിന് ശേഷം രോഗിയെ മെഡിക്കല്‍ ബോര്‍ഡിന് മുമ്പാകെ എത്തിച്ചു. തുടര്‍ന്ന് വിവിധ ഘട്ടങ്ങളിലായി ഇവരില്‍ പുരുഷഹോര്‍മോണ്‍ കുത്തിവെച്ചു. ഈ ഹോര്‍മോണ്‍ ചികിത്സ ഒരു വര്‍ഷത്തോളം തുടര്‍ന്നു. ഇതിന് ശേഷമാണ് ഇവരെ വിവിധ ശസ്ത്രക്രിയകള്‍ക്ക് വിധേയമാക്കിയത്.
തുടയില്‍ നിന്നുമായിരുന്നു കൃത്രിമ പുരുഷാവയവം വെച്ചുപിടുപ്പിക്കാനുള്ള മസിലുകള്‍ എടുത്തത്. ഇപ്പോള്‍ വെച്ച കൃത്രിമ ലൈംഗികാവയവം വഴി ഇയാള്‍ക്ക് ഇപ്പോള്‍ മൂത്ര വിസര്‍ജ്ജനം നടത്താനും കഴിയുന്നുണ്ട്. അതേസമയം ഇയാള്‍ക്ക് ഈ അവയവം വെച്ച് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ കഴിയുമോ എന്ന ആശങ്ക ഡോക്ടര്‍മാര്‍ പങ്കുവെച്ചിരിക്കുകയാണ്. ഇക്കാര്യത്തിലുള്ള ശസ്ത്രക്രിയയുടെ ചെലവ് താങ്ങാന്‍ കഴിയാത്തതാണെന്നും ഇവര്‍ പറയുന്നു. ആണായി മാറാന്‍ പല സ്വകാര്യ ആശുപത്രികളെയും സമീപിച്ച ശേഷമാണ് ഇവര്‍ ഒടുവില്‍ പുരുഷനാകാന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിനെ ആശ്രയിച്ചത്. അതേസമയം ശസ്ത്രക്രിയയ്ക്ക് വിധേയയായ ആളുടെ വിവരം ആശുപത്രി പുറത്തുവിട്ടില്ല.






