
കോഴിക്കോട്: സിനിമ സീരിയല്‍ രംഗത്ത് സ്വാഭാവിക വേഷങ്ങളില്‍ തിളങ്ങിയിരുന്ന മലയാളത്തിലെ പ്രമുഖനടനും മേഘനാഥന് അന്തരിച്ചു. 60 വയസ്സായിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. നാല്‍പ്പതുവര്‍ഷം നീണ്ട അഭിനയജീവിതത്തിനിടയില്‍ വില്ലനായും സഹനടനായും സ്വഭാവനടനായും കണ്ടിരുന്നു.
മലയാളത്തിലെ മറ്റൊരു പ്രമുഖനടനായിരുന്ന ബാലന് കെ. നായരുടെ മകനായ അദ്ദേഹം അമ്പതിലധികം ചിത്രങ്ങളിലും അനേകം ടെലിവിഷന്‍ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. സംസ്ക്കാരം ഷൊര്‍ണൂറിലെ വീട്ടില്‍ നടക്കുമെന്നാണ് വിവരം. 1983 ല്‍ അസ്ത്രം എന്ന ചിത്രത്തിലൂടെ സിനിമയില്‍ എത്തിയ മേഘനാഥന് മലയാളത്തിലെ സൂപ്പര്‍താരങ്ങള്‍ ഉള്‍പ്പെടെ നിരവധി നടന്മാര്ക്കൊപ്പം സ്ക്രീന്‍സ്പേസ് പങ്കിട്ടിട്ടുണ്ട്. ചെങ്കോല്‍, ഈ പുഴയും കടന്ന്, ആക്ഷന്‍ഹീറോ ബിജും, ഒരു മറവത്തൂര്‍ കനവ്, ചന്ദ്രനുദിക്കുന്ന ദിക്കില്‍, പഞ്ചാഗ്നി, ചമയം, മലപ്പുറം ഹാജി മഹാനായ ജോജി, കുടമാറ്റം, വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, ഉദ്യാനപാലകന്‍, ഉല്ലാസപ്പൂങ്കാറ്റ് തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.
തുടക്കത്തില്‍ വില്ലന്‍വേഷത്തില്‍ എത്തിയ അദ്ദേഹം പിന്നീട് സ്വഭാവനടനിലേക്ക് മാറുകയായിരുന്നു. ചെന്നൈയില്‍നിന്ന് പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കുകയും കോയമ്പത്തൂരില്‍നിന്ന് ഓട്ടോമൊബൈല്‍ എന്‍ജിനീയറിങ്ങില്‍ ഡിപ്ലോമ നേടുകയും ചെയ്ത ശേഷമായിരുന്നു അദ്ദേഹം അഭിനയരംഗത്തേക്ക് ഇറങ്ങിയത്. 2022 ല്‍ പുറത്തുവന്ന ആസിഫ് അലി നായകനായ കൂമനിലായിരുന്നു അദ്ദേഹം അവസാനമായി അഭിനയിച്ചത്.






