
ഓരോ ജോലിമേഖലകളിലും തൊഴിലാളികള്‍ പലതരത്തിലുള്ള ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ട്. പലരും തങ്ങളുടെ ജോലിസ്ഥലത്തെ ഇത്തരം പ്രശ്നങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുമുണ്ട്. പ്രത്യേകിച്ച് റെഡ്ഡിറ്റില്‍. ജോലിസ്ഥലത്തെ ചൂഷണങ്ങളെ കുറിച്ച് വലിയ തരത്തിലുള്ള ചര്‍ച്ചകള്‍ തന്നെ റെഡ്ഡിറ്റില്‍ നടക്കാറുണ്ട്. അങ്ങനെയുള്ള ഒരു പോസ്റ്റാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. നോയ്ഡയിലെ ഒരു ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് കമ്പനിയില്‍ ജോലിക്ക് കയറിയ അന്ന് തന്നെ ജോലി രാജിവച്ചു എന്നാണ് യുവാവിന്റെ പോസ്റ്റില്‍ പറയുന്നത്.
'അങ്ങനെ ഞാന്‍ ഒക്ടോബര്‍ 7 -ന് ഒരു ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് കമ്പനിയില്‍ ചേര്‍ന്നു. ഒരു ദിവസം മാത്രമാണ് ജോലി ചെയ്തത്. പിറ്റേദിവസം എച്ച്ആറിനെ വിളിച്ച് ഞാന്‍ ഇനി വരുന്നില്ലെന്ന് പറയുകയായിരുന്നു. ബിസിനസ് ഡെവലപ്മെന്റ് എക്സിക്യുട്ടീവ് പോസ്റ്റാണ് തനിക്ക് തന്നത്. എന്നാല്‍ ആദ്യ ദിവസം അവര്‍ എനിക്ക് തന്നത് 500 നമ്പറുകളിലേക്കുള്ള കോള്‍ഡ് കോളായിരുന്നു, എന്റെ ജോലി സമയം 14:00 - 23:00 നിന്നും 7 pm - 4am എന്നതിലേക്ക് മാറ്റാനും അവര്‍ തീരുമാനിച്ചു.'
'ആ ദിവസം തന്നെ താന്‍ ജോലി വിട്ടു, എന്നാല്‍ തനിക്കതില്‍ കുറ്റബോധം ഉണ്ടായിരുന്നു. കാരണം കോര്‍പറേറ്റ് എക്സ്പീരിയന്‍സ് വേണം എന്ന് താന്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍, ജോലി കിട്ടുക ബുദ്ധിമുട്ടായിരുന്നു. ഒടുവില്‍, ഫ്രീലാന്‍സായി ജോലി ചെയ്യാന്‍ തീരുമാനിച്ചു' എന്നും യുവാവ് പറയുന്നു.
എന്നാല്‍, പിന്നീട് തന്നെ തന്റെ ടീം ലീഡര്‍ വിളിച്ചു. ജോലി വിട്ടത് നന്നായി എന്നാണ് പറഞ്ഞത്. അതിന് തന്നെ അഭിനന്ദിച്ചു. കാരണം 30 ദിവസം കൊണ്ട് ടാര്‍ഗറ്റ് തികച്ചില്ല എന്ന് പറഞ്ഞ് അവര്‍ക്ക് ശമ്പളം കൊടുത്തില്ലായിരുന്നു. പുതിയ സ്റ്റാര്‍ട്ടപ്പിന്റെ അജണ്ട ഇതാണ് എന്ന് ഞാന്‍ മനസിലാക്കി. പുതിയ തൊഴിലാളികളെ വരുത്തുക, അവരെ പീഡിപ്പിക്കുക, ഒരു മാസത്തിനുള്ളില്‍ അവര്‍ രാജി വയ്ക്കും, അവര്‍ക്ക് ശമ്പളം നല്‍കേണ്ടതില്ല.
യാത്രാച്ചെലവുകളും ഷിഫ്റ്റിംഗിന്റെ ചെലവുകളും ഒക്കെ പാഴായി എന്നതില്‍ തനിക്ക് കുറ്റബോധമുണ്ട്. എന്നാല്‍, ഫ്രീലാന്സിംഗില് ഞാനതിന്റെ ഇരട്ടി തുക ഉണ്ടാക്കി. ഞാന്‍ കഠിനാധ്വാനിയായി. അതില്‍ ദൈവത്തോട് നന്ദി പറയുകയാണ് എന്നും യുവാവിന്റെ പോസ്റ്റില്‍ പറയുന്നു. വളരെ പെട്ടെന്നാണ് പോസ്റ്റ് വൈറലായി മാറിയത്. ഇത്തരം കമ്പനികളുടെ പേരും വിവരവും വെളിപ്പെടുത്തണം, ഇത്തരം അഴിമതികള്‍ ഒരുപാട് നടക്കുന്നുണ്ട് തുടങ്ങിയ കമന്റുകളാണ് പലരും നല്‍കിയത്.






