
കൊച്ചി: ഫറൂഖ് കോളേജിന്റെ ഹര്‍ജി പരിഗണിക്കുന്ന സാഹചര്യത്തില്‍ മുനമ്പം കേസിലെ നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യരുതെന്ന് കോഴിക്കോട് വഖഫ് ട്രൈബ്യൂണല്‍. ജഡ്ജ് രാജന് തട്ടിലാണ് മാധ്യമങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്നും വിലക്കേര്‍പ്പെടുത്തിയത്.
മുനമ്പത്തെ ഭൂമി വഖഫ് ഭൂമിയാണെന്ന വാദത്തെ ചോദ്യം ചെയ്താണ് ഫറൂഖ് കോളേജ് മാനേജ്മെന്റ് കമ്മറ്റി വഖഫ് ട്രൈബ്യൂണലിനെ സമീപിച്ചത്. 2019ല്‍ ഫറൂഖ് കോളേജ് മാനേജ്മെന്റ് വില്‍പ്പന നടത്തിയ മുനമ്പത്തെ ഭൂമി വഖഫ് ഭൂമിയാണെന്ന് വഖഫ് രജിസ്റ്ററില്‍ ചേര്‍ത്തിയിരുന്നു.
സബ് രജിസ്ട്രാര്‍ ഓഫീസില്‍ ഇക്കാര്യം രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ഈ തീരുമാനമാണ് ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നത്. മുനമ്പം കേസില്‍ ഫറൂഖ് കോളേജ് മാനേജ്മെന്റിന്റെ അപ്പീല്‍ ഇന്ന് പരിഗണിക്കാന്‍ ഇരിക്കെയാണ് മാധ്യമങ്ങളെ വിലക്കിക്കൊണ്ട് ട്രൈബ്യൂണല്‍ നിലപാടെടുത്തത്.
ഡിസംബര്‍ ആറിന് പരിഗണിക്കാനായി ട്രൈബ്യൂണല്‍ കേസ് മാറ്റി. ഫറൂഖ് കോളേജിനൊപ്പം മറ്റ് കക്ഷികളെ കൂടി കേട്ട ശേഷമാവും വഖഫ് ട്രൈബ്യൂണല്‍ തീരുമാനത്തിലെത്തുക. കേസില്‍ കക്ഷിചേരാനായി വഖഫ് സംരക്ഷണ സമിതിയും സത്താര്‍ സേഠിന്റെ കുടുംബവും ട്രൈബ്യൂണലില്‍ എത്തിയിരുന്നു.






