
പാലക്കാട്: സംസ്ഥാനത്തു പാര്‍ട്ടി ആദ്യമായി നഗരസഭാ ഭരണം പിടിച്ച പാലക്കാട്ട് ഉപതെരഞ്ഞെടുപ്പില്‍ നേരിട്ട തിരിച്ചടിയെച്ചൊല്ലി ബി.ജെ.പിയില്‍ കലാപം. പാലക്കാട്ടെ പരാജയത്തിന്റെ പൂര്‍ണ ഉത്തരവാദിത്വം സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്റെ തലയില്‍ കെട്ടിവച്ച് നേതൃമാറ്റമെന്ന ആവശ്യം ശക്തമാക്കാനാണു നീക്കം. സ്ഥാനാര്‍ഥി നിര്‍ണയം മുതല്‍ നടന്ന മുഴുവന്‍ കാര്യങ്ങളും സുരേന്ദ്രന്റെ താല്പര്യ പ്രകാരമാണെന്ന ആക്ഷേപം ഉയര്‍ന്നു തുടങ്ങി.
കെ. സുരേന്ദ്രന് മുഴുവന്‍ സമയവും ക്യാമ്പ് ചെയ്ത് നേതൃത്വം നല്‍കിയിട്ടും വോട്ട് കുറഞ്ഞത് വലിയ വീഴ്ചയായാണ് വിലയിരുത്തുന്നത്. സ്ഥാനാര്‍ഥി നിര്‍ണയം മുതല്‍ സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനം വരെയുള്ള കാര്യങ്ങളാണ് ചര്‍ച്ചയാവുന്നത്. സി. കൃഷ്ണകുമാറിനെ പാലക്കാട് സ്ഥാനാര്‍ഥിയാക്കിയതില്‍ നേതൃത്വത്തിന് വീഴ്ചപറ്റിയതായാണ് വിലയിരുത്തല്‍. ആവര്‍ത്തന വിരസത ഉണ്ടാവുമെന്ന മുന്നറിയിപ്പ് അവഗണിച്ചു. കൃഷ്ണകുമാര്‍ അല്ലാത്ത ഒരാളെ പരീക്ഷിക്കണമെന്ന നിര്‍ദേശം പരിഗണിച്ചില്ല.
എന്‍.ഡി.എ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ സന്ദീപ് വാര്യരെ അപമാനിച്ച് ഇറക്കിവിട്ടതിന് പിന്നിലും ഒൗദ്യോഗിക പക്ഷത്തിന്റെ കടുംപിടുത്തമാണെന്ന് വിമര്‍ശനമുണ്ട്. സന്ദീപ് വാര്യരെ അനുനയിപ്പിക്കുന്നതിന് പകരം പ്രകോപിപ്പിക്കുന്ന സമീപനമാണുണ്ടായത്. സന്ദീപിനെ കാണാന്‍ പോലും നേതൃത്വം ശ്രമിച്ചില്ല. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ എല്ലാവരെയും ഒന്നിച്ച് കൊണ്ടുപോകാന്‍ സംസ്ഥാന പ്രസിഡന്റിന് സാധിച്ചില്ല. പകരം വണ്മാന് ഷോയാണ് നടന്നത്. പി.കെ. കൃഷ്ണദാസ്, എം.ടി. രമേശ്, എ.എന്‍. രാധാകൃഷ്ണന്, ശോഭാ സുരേന്ദ്രന് തുടങ്ങിയ നേതാക്കളൊക്കെ പാലക്കാട്ട് പ്രചാരണത്തിനെത്തിയിരുന്നു. പക്ഷേ, ഇവരെയെല്ലാം ഫലപ്രദമായി ഉപയോഗിക്കാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞില്ല.
പലരും സന്ദര്‍ശകരെ പോലെ വന്നുപോകേണ്ട അവസ്ഥയായിരുന്നു. ഇവര്‍ക്കു വേണ്ടത്ര പരിഗണന നല്കാതിരുന്നതില് അണികളില്‍ അമര്‍ഷമുണ്ട്. റോഡ് ഷോകളില്‍ ആദ്യഘട്ടത്തില്‍ നഗരസഭയിലെ കൗണ്‍സിലര്‍മാരുടെ പങ്കാളിത്തം കുറഞ്ഞു. ഇവരെ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ സജീവമാക്കുന്നതില്‍ വീഴ്ചപറ്റി.ബി.ജെ.പിയുടെ ശക്തമായ കൗണ്‍സിലര്‍മാരുടെ ബൂത്തുകളില്‍ പോലും വോട്ടില്‍ കുറവുണ്ടായി. സംഘടനാസംവിധാനമാകെ ഇല്ലാതാക്കുന്ന സമീപനമാണ് ഉണ്ടായതെന്നും പരാതിയുണ്ട്.
പാലക്കാട്ടെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കും മുന്‍മന്ത്രി രാജീവ് ചന്ദ്രശേഖറിനും അതൃപ്തിയുണ്ടെന്നാണ് സൂചന. തെരഞ്ഞെടുപ്പില്‍ നേരിട്ട അപ്രതീക്ഷിത തിരിച്ചടി ചര്‍ച്ച ചെയ്യാന്‍ അടിയന്തിര കോര്‍ കമ്മിറ്റി വിളിച്ച് ചേര്‍ക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.
നേതൃത്വത്തിനെതിരേ പരസ്യമായ ചില പരാമര്‍ശങ്ങളും ഇതിനകം ഉയര്‍ന്നിട്ടുണ്ട്. പാലക്കാട് സംസ്ഥാന അധ്യക്ഷന്‍ നേതൃത്വം നല്‍കിയിട്ടും വോട്ട് ചോര്‍ന്നെന്ന് സന്ദീപ് വാചസ്പതി ഫെയ്സ്ബുക്കില്‍ കുറിച്ചു. ബി.ജെ.പിയുടെ മേല്‍ക്കൂര ശക്തിപ്പെടുത്തണമെന്ന് പാര്‍ട്ടി നേതാവ് എന്‍. ശിവരാജന് പറഞ്ഞു.






