
ഭൂരിഭാഗം ആളുകളുടെയും ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നമാണ് പുതിയതായി ഒരു വാഹനം സ്വന്തമാക്കുക എന്നുള്ളത്. വാഹനം സ്വന്തമാക്കിയതിന്റെ ചെറിയ ആഘോഷ പ്രകടനങ്ങള്‍ മിക്കവരും നടത്താറുണ്ട്. എന്നാല്‍, മധ്യപ്രദേശില്‍ നിന്നുള്ള ഒരാള്‍ കഴിഞ്ഞ ദിവസം നടത്തിയ ആഘോഷം അല്പം കടന്നുപോയി എന്ന് വേണം പറയാന്‍. കാരണം മറ്റൊന്നുമല്ല പുതിയ മഹീന്ദ്ര ഥാര്‍ വാങ്ങിയ സന്തോഷം ഇയാള്‍ സുഹൃത്തുക്കളുമായി ആഘോഷിച്ചത് യഥാര്‍ത്ഥ തോക്ക് ഉപയോഗിച്ച് ആകാശത്തിലേക്ക് വെടിയുതിര്‍ത്ത് കൊണ്ടായിരുന്നു എന്നത് തന്നെ.
വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍ ആയതോടെ വ്യാപക വിമര്‍ശനമാണ് ഇയാള്‍ക്കെതിരെ ഉയര്‍ന്നത്. നവംബര്‍ 18 -നാണ് ഈ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെയ്ക്കപ്പെട്ടത്. ഒരു മഹീന്ദ്ര ഷോറൂമിന് പുറത്ത് ചിത്രീകരിച്ച വൈറല്‍ ഫൂട്ടേജില്‍, ഒരാള്‍ വിപുലമായി അലങ്കരിച്ച തന്റെ ബ്രാന്‍ഡ്-ന്യൂ, ഥാറിനുള്ളില്‍ കൈയില്‍ ഒരു തോക്കുമായി ഏതാനും സുഹൃത്തുക്കളോടൊപ്പം നില്ക്കുന്ന ദൃശ്യങ്ങളാണ് ഉള്ളത്. തുടര്‍ന്ന് കൈയിലുണ്ടായിരുന്ന തോക്ക് അയാള്‍ ആകാശത്തേക്ക് ഉയര്‍ത്തിപ്പിടിക്കുന്നു. പിന്നീട് തുടരെത്തുടരെ വെടിയുതിര്‍ക്കുന്നു. വാഹനത്തില്‍ ഉണ്ടായിരുന്ന മറ്റുള്ളവര്‍ ഇയാളുടെ പ്രവര്‍ത്തിയെ പ്രോത്സാഹിപ്പിക്കുന്നതും വീഡിയോയില്‍ കാണാം
സമൂഹ മാധ്യമ ഉപയോക്താക്കളില്‍ നിന്നുള്ള വലിയ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ വീഡിയോ ഇതിനോടകം ഒരു ദശലക്ഷത്തില്‍ അധികം ആളുകളാണ് കണ്ടത്. ഇത് ആഘോഷമല്ലെന്നും തികഞ്ഞ അശ്രദ്ധയാണെന്നുമായിരുന്നു സമൂഹ മാധ്യമ ഉപയോക്താക്കളില്‍ ഭൂരിഭാഗം ആളുകളും അഭിപ്രായപ്പെട്ടത്. ഇത്തരം വിവേചനരഹിതമായ പ്രവര്‍ത്തികളാണ് വലിയ വിപത്തുകള്‍ ഉണ്ടാക്കി വയ്ക്കുന്നതെന്നും ചിലര്‍ അഭിപ്രായപ്പെട്ടു . അസ്വീകാര്യമായ ഇത്തരം പ്രവര്‍ത്തികള്‍ നിയന്ത്രിക്കുന്നതിന് അധികാരികള്‍ നടപടിയെടുക്കണമെന്നും നിരവധി പേര് ആവശ്യപ്പെട്ടു.






