
കോഴിക്കോട്: ആറു തെരഞ്ഞെടുപ്പുകളില്‍ ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ സി.പി.എം. തേടിയിട്ടുണ്ടെന്നും ഇല്ലെന്നു പറയുന്ന മുഖ്യമന്ത്രി ജനങ്ങളോടു പച്ചക്കള്ളം പറയുകയാണെന്നും സംസ്ഥാന അമീര്‍ പി. മുജീബ് റഹ്മാന്. സി.പി.എം. നേതാക്കളുമായി സംസാരിച്ചശേഷമാണ് ജമാഅത്തെ ഇസ്ലാമി പിന്തുണച്ചതെന്നും പിണറായി വിജയന് ഉള്‍പ്പെടെ ചര്‍ച്ചയില്‍ പങ്കെടുത്തിട്ടുണ്ടെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ വെളിപ്പെടുത്തി.
'1996, 2004, 2006, 2009, 2011, 2015 തെരഞ്ഞെടുപ്പുകളില്‍ ജമാഅത്തെ ഇസ്ലാമി ഇടതുപക്ഷത്തെ പിന്തുണച്ചിട്ടുണ്ട്. പിണറായി വിജയന്റെ വാര്‍ത്താസമ്മേളനം, ദേശാഭിമാനി മുഖപ്രസംഗം, നിയമസഭാ രേഖകള്‍ എന്നിവ ഇതിനായി തെളിവായിട്ടുണ്ട്. 2011ല്‍ ആലപ്പുഴ ഗസ്റ്റ് ഹൗസില്‍വച്ച് പിണറായി വിജയനുമായി അന്നത്തെ അമീര്‍ ചര്‍ച്ച നടത്തി. മറ്റ് ഉപാധികളൊന്നും ഉണ്ടായിരുന്നില്ല.
2024 ലെ ലോക്സഭ തെരഞ്ഞെടുപ്പ് മുതലാണോ ജമാഅത്തെ ഇസ്ലാമി ഭീകരസംഘടന ആയത്?. പാലക്കാട്ട് സി.പി.എം. എന്നോ കോണ്‍ഗ്രസ് എന്നോ ഉള്ളതു ന്യൂനപക്ഷത്തിന്റെ വിഷയമല്ല. ബി.ജെ.പി. കേരളത്തില്‍ വിജയിക്കാന്‍ പാടില്ല എന്നതാണ് ന്യൂനപക്ഷത്തിന്റെ നിലപാട്. പിന്തുണയ്ക്കാതെ ഇരിക്കുമ്പോള്‍ ഭീകരസംഘടനയാക്കുന്ന സമീപനത്തെയാണ് വിമര്‍ശിക്കുന്നത്. തള്ളിപ്പറഞ്ഞതുകൊണ്ടാണ് പേരു പറയുന്നത്. ഒന്നുകില്‍ മുഖ്യമന്ത്രിക്കു സ്ഥലജലഭ്രമം സംഭവിച്ചിരിക്കുന്നു, അല്ലെങ്കില്‍ മുഖ്യമന്ത്രി ജനങ്ങളോടു പച്ചക്കള്ളം പറയുന്നു.






