
കൊച്ചി: കണ്ണൂര്‍ എ ഡി എം ആയിരുന്ന നവീന്‍ ബാബുവിന്റെ മരണത്തില്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടുളള ഹര്‍ജി ഇന്ന് പരിഗണിക്കും. ജസ്റ്റീസ് ബെച്ചു കുര്യന് തോമസിന്റെ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. ഭാര്യ മഞ്ജുഷ ഇന്നലെയാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. മരണം കൊലപാതകമാണോയെന്ന സംശയമുണ്ടെന്നതടക്കമുള്ള കാര്യങ്ങള്‍ ചൂണ്ടികാട്ടിയിട്ടുണ്ട്.
നവീന്‍ ബാബുവിന്റേത് ആത്മഹത്യയെന്ന പോലീസ് നിഗമനം തങ്ങള്‍ വിശ്വസിക്കുന്നില്ലെന്നും പോലീസ് അന്വേഷണത്തില്‍ തൃപ്തിയില്ലെന്നും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. യാത്രയയപ്പ് ചടങ്ങിനുശേഷം നവീന്‍ ബാബുവിനെ കണ്ടവര്‍ ആരൊക്കെയെന്നു വിശദമായ അന്വേഷണം വേണമെന്നാണ് ആവശ്യം. കേസില്‍ പോലീസിന്റെ ഭാഗത്തുനിന്നു കാര്യക്ഷമമായ അന്വേഷണം നടക്കുമെന്ന് പ്രതീക്ഷയില്ലെന്നും നീതി ലഭിക്കാന്‍ കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം അനിവാര്യമാണെന്നും കുടുംബം പറയുന്നു.
നവീന്‍ ബാബുവിന്റെ മരണത്തിന് ശേഷമുള്ള ഇന്‍ക്വസ്റ്റ് അടക്കമുള്ള തുടര്‍നടപടികളിലെ വീഴ്ചയും മനപൂര്‍വമാണെന്ന് കരുതേണ്ടിയിരിക്കുന്നു. ബന്ധുക്കളുടെ സാന്നിധ്യം അനിവാര്യമായിട്ടും കുടുംബാംഗങ്ങള്‍ എത്തുന്നതിന് മുന്‍പ് പോലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. പ്രത്യേക പോലീസ് സംഘത്തിന് നാളിതുവരെ അന്വേഷണത്തില്‍ കാര്യമായ യാതൊരു പുരോഗതിയും ഉണ്ടാക്കാനായില്ല. സി.സി.ടിവി അടക്കമുള്ള ശാസ്ത്രീയ തെളിവുകള്‍ പോലും സമാഹരിക്കുന്നില്ല. യഥാര്‍ഥ തെളിവുകള്‍ മറച്ചുപിടിക്കാനും പ്രതിയെ രക്ഷിക്കാനുള്ള വ്യാജ തെളിവുകളുണ്ടാക്കാനുമാണ് അന്വേഷണസംഘത്തിന് വ്യഗ്രതയെന്നും സംശയിക്കുന്നു.
അടുത്ത ബന്ധുവിന്റെ സാന്നിധ്യം പോലുമില്ലാതെ പൂര്‍ത്തിയാക്കിയ നടപടിക്രമങ്ങള്‍ കൊലപാതകം മറച്ചുവയ്ക്കാനായിരുന്നോയെന്നും സംശയമുണ്ട്. സത്യാവസ്ഥ പുറത്തുകൊണ്ടുവരാനും മുഴുവന്‍ പ്രതികളേയും നിയമത്തിനു മുന്നില്‍ എത്തിക്കാനും സി.ബി.ഐ. അന്വേഷണം വേണം.'- ഹര്‍ജിയില്‍ പറയുന്നു. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി.പി ദിവ്യക്കെതിരേ സംശയമുന ഉയര്‍ത്തുന്ന വാദങ്ങളും ഹര്‍ജിയിലുണ്ട്.
'എ.ഡി.എമ്മിന്റെ യാത്രയയപ്പ് ചടങ്ങില്‍ ക്ഷണിക്കപ്പെടാതെയാണ് ക്യാമറാമാനേയും കൂട്ടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി,പി ദിവ്യ എത്തിയത്. പ്രസംഗത്തില്‍ നവീന്‍ ബാബുവിനെ മോശക്കാരനാക്കി ചിത്രീകരിച്ച് പുറംലോകത്ത് പ്രചരിപ്പിച്ചത് മനഃപൂര്‍വമാണ്. മരണത്തിനുശേഷവും പ്രതിയായ ദിവ്യയും മറ്റും നവീനെ വേട്ടയാടുന്നത് തുടരുകയാണ്. കൈക്കൂലിയുടെ പേരില്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയ പരാതി പോലും വ്യാജമാണ്.
എ.ഡി.എമ്മിന്റെ മരണത്തിന് ശേഷമാണ് തങ്ങളുടെ സംശയങ്ങള്‍ വര്‍ധിച്ചത്. കലക്ടറേറ്റിലേയും റെയില്‍വേ സ്റ്റേഷനിലേയും ക്വാര്‍ട്ടേഴ്സിലേയും സി.സി.ടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് വ്യക്തത വരുത്തണം.'- നവീന്‍ ബാബുവിന്റെ കുടുംബം ആവശ്യപ്പെട്ടു. സി.ബി.ഐ അന്വേഷണമാവശ്യപ്പെട്ട് മറ്റൊരു പൊതുതാല്‍പ്പര്യ ഹര്‍ജിയും ഹൈക്കോടതിയില്‍ എത്തിയിട്ടുണ്ട്.






