
കൊച്ചി: വിനോദയാത്രയ്ക്കെത്തിയ ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ ഉണ്ടായ സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് കൊച്ചി പോലീസ്. മരിയ ടൂറിസ്റ്റ് ബോട്ട് ഉടമക്കെതിരെയാണ് പോലീസ് കേസെടുത്തത്. കാറ്ററിങ് സ്ഥാപന ഉടമയ്ക്കെതിരെയും കേസെടുത്തിട്ടുണ്ട്.മറൈന്‍ ഡ്രൈവില്‍ ബോട്ട് സവാരി നടത്തുന്നതിനായി മരിയൻ ബോട്ട് ഏജൻസിയെ ആയിരുന്നു ഏൽപിച്ചിരുന്നത്. ഇവർ ഉച്ച ഭക്ഷണമായി നൽകിയ പൊതി ചോറിലെ തൈരുകൊണ്ടുള്ള മധുരമുള്ള കറി കഴിച്ചതാണ് ഭക്ഷ്യ വിഷബാധയ്ക്ക് കാരണമായത്.
കോഴിക്കോട് നിന്ന് കൊച്ചിയിലേക്ക് വിനോദയാത്രയ്ക്കായി എത്തിയ ഭിന്നശേഷിവിദ്യാലയത്തിലെ കുട്ടികളും രക്ഷിതാക്കളും അധ്യാപകരും അടങ്ങുന്ന സംഘത്തിനാണ് ഭക്ഷ്യവിഷബാധയേറ്റത്. ഇന്നലെ രാത്രിയായിരുന്നു ഭിന്നശേഷി വിദ്യാർഥികൾ ഉൾപ്പെടെ ഭക്ഷ്യവിഷബാധയെ തുടർന്ന് ചികിത്സ തേടിയത്.
കളമശ്ശേരിയിലെ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു ഇവരെ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചത്. കോഴിക്കോട് കട്ടിപ്പാറ പഞ്ചായത്തിലുള്ള കാരുണ്യ തീരം സ്പെഷ്യൽ സ്കൂളിൽ നിന്നും എറണാകുളത്തേക്ക് വിനോദയാത്രയ്ക്ക് വന്ന കുട്ടികളും കെയർടേക്കർമാരുമാണ് ഭക്ഷ്യ വിഷബാധയേറ്റ് എറണാകുളം മെഡിക്കൽ കോളേജിൽ ചികിത്സ തേടിയത്.






