
കോഴിക്കോട്: ഫയർഫോഴ്സിൽ റീൽസ് ചിത്രീകരണത്തിന് നിയന്ത്രണം ഏർപ്പെടുത്തി. യൂണിഫോം ധരിച്ചും ഔദ്യോഗിക വാഹനങ്ങളും ഉപകരണങ്ങളും ഉപയോഗിച്ചും റീൽസ് ചിത്രീകരിക്കുന്നത് വിലക്കിയതായി ഫയർ ആൻഡ് റെസ്ക്യൂ സർവീസ് ഡയറക്ടർ ജനറൽ നിർദേശിച്ചു.
നിർദേശം ലംഘിക്കുന്ന സേനാംഗങ്ങൾക്കെതിരെ വകുപ്പുതല നടപടി സ്വീകരിക്കുമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. വകുപ്പിന്റെ സേവനങ്ങൾ പൊതുജനങ്ങളെ അറിയിക്കുന്നതിനും ബോധവൽക്കരണത്തിനുമായി മാത്രമേ റീൽസ് ചിത്രീകരണം അനുവദിക്കൂവെന്നും നിർദേശത്തിൽ പറയുന്നു.
യൂണിഫോം ധരിച്ച് ജീവനക്കാർ റീൽസ് ചിത്രീകരിക്കുന്നതുമായി ബന്ധപ്പെട്ട് പരാതികൾ ലഭിച്ചതിനെ തുടർന്നാണ് നടപടി. വകുപ്പിന്റെ വാഹനങ്ങളും ഉപകരണങ്ങളും ഉപയോഗിച്ച് സേവനവുമായി ബന്ധമില്ലാത്തതോ സേനയുടെ സൽപ്പേരിന് കളങ്കം വരുത്തുന്നതോ ആയ ഉള്ളടക്കം ചിത്രീകരിക്കുന്നത് അനുവദനീയമല്ലെന്നും ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു.
ഇത്തരം പ്രവർത്തനങ്ങൾ കർശനമായി വിലക്കുന്നതായും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.






