
വളര്‍ത്തു മൃഗങ്ങളുടെ കടിയും മാന്തുമൊക്കെ ഏല്‍ക്കുന്നത് അല്പം അപകടകരമായ പ്രവണതകള്‍ തന്നെയാണ്. അതുകൊണ്ട് തന്നെ ഇവയുമായി അകലം പാലിക്കേണ്ടത് അത്യാവശ്യമാണ്. ഇപ്പോഴിതാ അങ്ങ് റഷ്യയില്‍ നിന്നുള്ള ഒരു 55 കാരന് പൂച്ചയുടെ മാന്തലേറ്റ് ദാരുണമായി മരണപ്പെട്ട വാര്‍ത്തയാണ് സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. ഇയാള്‍ പ്രമേഹ രോഗബാധിതനും രക്തം കട്ട പിടിക്കാത്ത പ്രശ്നങ്ങള്‍ നേരിടുന്ന ഒരാളായിരുന്നെന്ന് ഡെയിലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നവംബര്‍ 22 -ന് റഷ്യയിലെ ലെനിന്‍ഗ്രാഡ് മേഖലയിലെ കിരിഷി ജില്ലയിലാണ് സംഭവം. പൂച്ചയുടെ ഉടമയായ ദിമിത്രി ഉഖിനാണ് ദാരുണമായി മരണത്തിന് കീഴടങ്ങിയത്.
രണ്ട് ദിവസം മുമ്പ് കാണാതായ തന്റെ പൂച്ച സ്റ്റയോപ്കയെ തെരഞ്ഞു കണ്ടുപിടിച്ച് വീട്ടിലെത്തിച്ചതിന് ശേഷമാണ് ഈ ദാരുണമായ സംഭവം നടന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. തെരുവില്‍ നിന്നും കണ്ടെത്തിയ പൂച്ചയെ ദിമിത്രി വീട്ടിലെത്തിച്ചു ശുശ്രൂഷിക്കുന്നതിനിടയില്‍ പൂച്ചയുടെ നഖം കൊണ്ട് അദ്ദേഹത്തിന്റെ കാലില്‍ മുറിവുണ്ടാക്കുകായയിരുന്നു. വളരെ ചെറിയൊരു മുറിവാണ് കാലില്‍ ഉണ്ടായതെങ്കിലും ദിമിത്രിയുടെ ആരോഗ്യപ്രശ്നങ്ങള്‍ കാര്യങ്ങള്‍ വഷളാക്കുകയായിരുന്നെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും പ്രമേഹവും ശരീരത്തില്‍ രക്തം കട്ട പിടിക്കാത്ത അവസ്ഥയും ഉണ്ടായിരുന്ന അദ്ദേഹം തന്റെ രോഗാവസ്ഥയുടെ ഗൗരവം മനസ്സിലാക്കി സഹായത്തിനായി അയല്‍ക്കാരനെ വിളിച്ചു.
അയല്ക്കാരന് അടിയന്തര വൈദ്യസഹായം നല്‍കിയെങ്കിലും ആശുപത്രിയില്‍ എത്തിക്കും മുമ്പേ ദിമിത്രി മരണത്തിന് കീഴടങ്ങി. സംഭവ ദിവസം രാത്രി 11 മണിയോടെയാണ് ഒരു വ്യക്തി തന്റെ സുഹൃത്തിന്റെ കാലില്‍ മുറിവേറ്റുവെന്നും അടിയന്തരമായി വൈദ്യസഹായം വേണമെന്നും ആവശ്യപ്പെട്ടുകൊണ്ട് എമര്‍ജന്‍സി സര്‍വീസില്‍ വിളിക്കുന്നത്. എന്നാല്‍ അടിയന്തരസഹായം ലഭിക്കും മുന്‍പേ അദ്ദേഹം മുറിവില്‍ നിന്ന് രക്തം വാര്‍ന്ന് മരണപ്പെടുകയായിരുന്നെന്ന് പോലീസ് വൃത്തങ്ങള്‍ പറയുന്നു. അതേസമയം മെഡിക്കല്‍ സംഘം എത്താന്‍ ഏറെ സമയമെടുത്തതായാണ് മരണത്തിനിടയാക്കിയതെന്ന് അയല്‍വാസി ആരോപിച്ചു. സംഭവ സമയത്ത് ദിമിത്രിയുടെ ഭാര്യ നതാലിയ വീട്ടില്‍ ഉണ്ടായിരുന്നില്ല. ഫോറന്‍സിക് വിദഗ്ധര്‍ ഇതുവരെ മരണത്തിന്റെ ഔദ്യോഗിക കാരണം സ്ഥിരീകരിച്ചിട്ടില്ല, എന്നാല്‍, ദിമിത്രിയുടെ ആരോഗ്യപ്രശ്നങ്ങളും വൈദ്യസഹായം കിട്ടാന്‍ വൈകിയതുമാണ് മരണം കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍.






