
ജയില്‍മോചിതരായ സുഹൃദ് സംഘം ട്രക്കിംഗ് നടത്താന്‍ പണമില്ലാത്തതിനെ തുടര്‍ന്ന് ഡല്‍ഹിയിലെ കടയുടമയെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി പണം കവര്‍ന്നു. 50000 രൂപയാണ് ഇവര്‍ തട്ടിയെടുത്തത്. വിനോദയാത്രയുടെ ഭാഗമായി ട്രക്കിംഗ് നടത്താന്‍ പണം കണ്ടെത്താനാണത്രെ കവര്‍ച്ച നടത്തിയത്. ഡല്‍ഹിയിലെ ദ്വാരക പ്രദേശത്ത് കവര്‍ച്ച പരമ്പര തന്നെ നടത്താനായിരുന്നു ഇവരുടെ ഉദ്ദേശം. എന്നാല്‍, ഈ മോഷണത്തിന് തൊട്ടുപിന്നാലെ തന്നെ കൊള്ളസംഘത്തെ പോലീസ് പിടികൂടി.
ബിന്ദാപൂരിലെ ജെജെ കോളനി നിവാസികളായ അക്രമി സംഘമാണ് നവംബര്‍ 12 -ന് വൈകുന്നേരം തോക്ക് ചൂണ്ടി ഡല്‍ഹിയിലെ കടയുടമയെ കൊള്ളയടിച്ചത്. പലചരക്ക് കടയുടമയായ മുകേഷ് തന്റെ സ്കൂട്ടറില്‍ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് ബിന്ദാപൂരിലെ ഡിഡി ഫ്ളാറ്റുകള്‍ക്ക് സമീപം ഇയാളെ തടഞ്ഞുവെച്ച് തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി കൊള്ളയടിച്ചത്. ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ (ദ്വാരക) അങ്കിത് സിംഗ് വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞതനുസരിച്ച് മോട്ടോര്‍സൈക്കിളില്‍ എത്തിയ മൂന്നുപേരായിരുന്നു കൊള്ളസംഘത്തില്‍ ഉണ്ടായിരുന്നത്.
പ്രദേശത്തെ അഞ്ഞൂറില്‍ അധികം സിസിടിവി ക്യാമറകളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പരിശോധിച്ച പോലീസ് പ്രതികളെ തിരിച്ചറിഞ്ഞു. പ്രതികളായ മുഹമ്മദ് സാസിദ് (23), മുഹമ്മദ് ഷൂബ് (19), മുഹമ്മദ് റാഷിദ് (22) എന്നിവരെ നവംബര്‍ 17 -ന് അറസ്റ്റ് ചെയ്യുകയും ചെയ്തു. ചോദ്യം ചെയ്യലില്‍, ഇവര്‍ കുറ്റം സമ്മതിക്കുകയും ഇവരുടെ മൂന്ന് കൂട്ടാളികളായ മുഹമ്മദ് അയാന് (19), മുഹമ്മദ് അഫ്താബ് (22), മുഹമ്മദ് അല്‍താബ് (24) എന്നിവരെ കൂടി അറസ്റ്റ് ചെയ്യാന്‍ പോലീസിനെ സഹായിക്കുകയും ചെയ്തു. പ്രതികളെല്ലാം വിവിധ കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷ കഴിഞ്ഞ് അടുത്തിടെ ജയിലില്‍ നിന്ന് പുറത്തിറങ്ങിയവരാണ്. ഒരു ഹില്‍ സ്റ്റേഷനില്‍ മഞ്ഞുവീഴ്ച കാണാന്‍ പോകാന്‍ പദ്ധതിയിട്ടിരുന്ന ഇവര്‍ അതിനുള്ള പണത്തിനായാണ് കവര്‍ച്ച നടത്താന്‍ തീരുമാനിച്ചത്.






