
തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തില്‍ തൃപ്തികരമായ അന്വേഷണം നടന്നിട്ടില്ലെന്നും ബാലഭാസ്ക്കറിന്റെ ഡ്രൈവറായിരുന്ന അര്ജുന് സ്വര്‍ണ്ണക്കടത്ത് കേസില്‍ അറസ്റ്റിലായതോടെ സംശയം ബലപ്പെടുകയാണെന്നും പിതാവ് ഉണ്ണി. ബാലഭാസ്ക്കറിന്റെ മരണം കൊലപാതകമാണെന്ന് സംശയിക്കുന്നതായി ഉണ്ണി മാധ്യമങ്ങളോട് സംസാരിക്കവേ ചൂണ്ടിക്കാട്ടി.
സിബിഐ യും സ്വാധീനങ്ങള്‍ക്ക് വഴങ്ങിയാണ് അന്വേഷണം അവസാനിപ്പിച്ചതെന്നും ഉണ്ണി ആരോപിച്ചു. ബാലഭാസ്കറിന്റെ ഡ്രൈവറായിരുന്ന അര്ജുന് മുമ്പും പല കേസുകളിലെ പ്രതിയായിരുന്നു. അപകടത്തിന് ശേഷമാണ് ഈ കേസുകളെ കുറിച്ച് അറിയുന്നത്. പെരിന്തല്‍മണ്ണയില്‍ വ്യാപാരിയെ ആക്രമിച്ച് സ്വര്‍ണ്ണം കവര്‍ന്ന കേസില്‍ പിടിയിലായവരില്‍ ബാലഭാസ്കറിന്റെ ഡ്രൈവറും ഉള്‍പ്പെട്ടിരുന്നു.
ബാലഭാസ്കര്‍ അപകടത്തില്‍ മരിച്ച സന്ദര്‍ഭത്തില്‍ കാറിലുണ്ടായിരുന്നത് അര്ജുന് ആയിരുന്നു. പ്രതികളെ ചോദ്യംചെയ്തപ്പോഴാണ് ബാലഭാസ്കറുടെ ഡ്രൈവറായിരുന്നു അര്‍ജുനെന്നു വ്യക്തമായത്. ബാലഭാസ്കറുടെ മരണത്തിന് ഇടയാക്കിയ അപകടം 2018 സെപ്റ്റംബര്‍ 25നായിരുന്നു. സ്വര്‍ണക്കടത്തു സംഘങ്ങളുമായുള്ള ബന്ധത്തെപ്പറ്റി അന്ന് ആരോപണമുയര്‍ന്നിരുന്നു. എന്നാല്‍, കാര്‍ ഓടിച്ചതു താനല്ലെന്നും അപകടസമയത്ത് കാറിന്റെ പിന്‍സീറ്റിലായിരുന്നു താനെന്നുമാണ് അര്ജുന് അന്നു പോലീസിന് നല്കിയ മൊഴിയില്‍ പറഞ്ഞിട്ടുള്ളത്.
ഈ കേസിനു ബാലഭാസ്കറുടെ മരണവുമായി ബന്ധമില്ലെന്നും അതിനാല്‍ കൂടുതല്‍ അന്വേഷണം ആവശ്യമില്ലെന്നും പെരിന്തല്‍മണ്ണ ഡിവൈ.എസ്.പി: ടി.കെ. ഷൈജു പറഞ്ഞു. പെരിന്തല്‍മണ്ണയില്‍ ജൂവലറി ഉടമകളെ ആക്രമിച്ചു മൂന്നരക്കിലോ സ്വര്‍ണവും പണവും കവര്‍ന്നെന്നാണ് കേസ്.






