
കണ്ണൂര്‍: സി.പി.എം പാപ്പിനിശേരി ഏരിയാ സമ്മേളനത്തില്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ പങ്കെടുത്തില്ല. പാര്‍ട്ടി ജില്ലാ കമ്മിറ്റിയില്‍നിന്നു തരംതാഴ്ത്തിയതിനാലാണ് ദിവ്യയ്ക്ക് സ്വന്തം നാട്ടിലെ ഏരിയാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്നത്. നിലവില്‍ ഇരിണാവ് ബ്രാഞ്ച് അംഗം മാത്രമാണ് ദിവ്യ.
ഏരിയാ സമ്മേളന പ്രതിനിധിയായി ലോക്കല്‍ സമ്മേളനത്തില്‍നിന്നും തെരഞ്ഞെടുത്തില്ലെങ്കിലും ദിവ്യയ്ക്ക് സമ്മേളനത്തില്‍ ജില്ലാ കമ്മിറ്റിയംഗമെന്ന നിലയില്‍ മേല്‍ കമ്മിറ്റി പ്രതിനിധിയായി പങ്കെടുക്കാമായിരുന്നു. എന്നാല്‍, എ.ഡി.എം: നവീന്‍ ബാബു ജീവനൊടുക്കിയ കേസില്‍ ആത്മഹത്യ പ്രേരണാ കുറ്റത്തിന് ഒന്നാം പ്രതിയായി റിമാന്‍ഡ് ചെയîപ്പെട്ട സാഹചര്യത്തിലാണ് ദിവ്യയെ കണ്ണൂര്‍ ജില്ലാ കമ്മിറ്റിയില്‍ നിന്നും തരംതാഴ്ത്തിയത്.
ദിവ്യയ്ക്കെതിരെയുള്ള അച്ചടക്ക നടപടിക്കെതിരെ പാര്‍ട്ടി സമ്മേളനത്തില്‍ വിമര്‍ശനം ഉയര്‍ന്നു. ദിവ്യയുടെ ഭാഗം കേള്‍ക്കാതെയാണ് അച്ചടക്ക നടപടി സ്വീകരിച്ചതെന്നായിരുന്നു ചില പ്രതിനിധികള്‍ ചൂണ്ടിക്കാണിച്ചത്. എന്നാല്‍, സമ്മേളനത്തില്‍ മുഴുനീളെ പങ്കെടുത്ത ഇ.പി ജയരാജനെതിരെ കാര്യമായ വിമര്‍ശനം ഉണ്ടായിട്ടില്ലെന്നാണ് വിവരം. സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം കൂടിയായ ഇ.പി ജയരാജനാണ് സമ്മേളനം ഉദ്ഘാടനം ചെയ്തത്. കഴിഞ്ഞതവണ പാപ്പിനിശ്ശേരി ഏരിയ സമ്മേളനത്തിന്റെ പ്രധാന പങ്ക് വഹിച്ചത് ദിവ്യയായിരുന്നു.
എന്നാല്‍, നവീന്‍ ബാബുവിന്റെ കേസ് നിലവിലുള്ളതിനാല്‍ നടപടി നേരിടുകയും ചെയ്തതിനാല്‍ ദിവ്യ പാര്‍ട്ടി പരിപാടിയില്‍ നിന്നും പൂര്‍ണമായും മാറിനില്‍ക്കുകയാണ്. ദിവ്യക്കെതിരേ നടപടി സ്വീകരിച്ചതില്‍ ജില്ലയിലെ ഒരു വിഭാഗം പാര്‍ട്ടി പ്രവര്‍ത്തകരില്‍ നിന്നും പ്രതിഷേധവും ഉയര്‍ന്നിട്ടുണ്ട്. കേസിന്റെ കാര്യത്തില്‍ കൃത്യമായ തീരുമാനമുണ്ടായശേഷം പാര്‍ട്ടി പരിപാടികളുമായി സഹകരിക്കാമെന്ന നിലപാടിലാണ് ദിവ്യയെന്ന് അവരോട് അടുത്ത വൃത്തങ്ങള്‍ പറയുന്നു.






