
ആലപ്പുഴ: അഞ്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ മരണത്തിന് ഇടയാക്കിയ കളര്‍കോട് അപകടത്തില്‍ കാറോടിച്ച വിദ്യാര്‍ത്ഥിയെ പ്രതി ചേര്‍ക്കണമെന്ന് പോലീസ്. കോടതിയില്‍ നല്കിയ റിപ്പോര്‍ട്ടിലാണ് പോലീസ് വാഹനം ഓടിച്ച വിദ്യാര്‍ത്ഥി ഗൗരി ശങ്കറിനെ ഒന്നാം പ്രതിയാക്കിയത്. അശ്രദ്ധമായി വാഹനം ഓടിച്ച് അപകടം വരുത്തിയതിന് ഭാരതീയ ന്യായസംഹിത 106 പ്രകാരമാണ് കേസ്.
സിസിടിവി ദൃശ്യങ്ങളുടെയും ദൃക്സാക്ഷി മൊഴികളുടെയും അടിസ്ഥാനത്തില്‍ വാഹനം ഓടിച്ച വിദ്യാര്‍ത്ഥിയുടെ വീഴ്ചയാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് പോലീസ് നല്‍കിയിരിക്കുന്ന റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത്. നേരത്തേ പ്രാഥമികാന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ കെ.എസ്.ആര്.ടി.സി. ഡ്രൈവര്‍ക്കെതിരേ കേസെടുത്തിരുന്നു. പിന്നീട് ഡ്രൈവറുടെ ഭാഗത്ത് വീഴ്ച്ചയില്ലെന്ന് കണ്ടെത്തി.
അന്വേഷണത്തില്‍ വിദ്യാര്‍ത്ഥിയുടെ ലൈസന്‍സ് റദ്ദാക്കിയേക്കാനും സാധ്യതയുണ്ട്. കാര്‍ വാടകയ്ക്ക് എടുത്തതാണെന്ന വിവരവും പുറത്തുവരുന്നുണ്ട്. വാഹനം ഓടിച്ച ഗൗരീശങ്കര്‍ വാഹനയുടമ ഷാമില്ഖാന് 1000 രൂപ ഗൂഗിള്‍പേ ചെയ്തിരുന്നു. വാഹന ഉടമയ്ക്ക് എതിരേ മോട്ടോര്‍ വാഹന വകുപ്പ് നടപടിയെടുത്തേക്കും. നേരത്തേ ഇയാള്‍ വാഹനം വാടകയ്ക്കല്ല പരിചയത്തിന്റെ പുറത്താണ് നല്‍കിയതെന്നായിരുന്നു ആദ്യം ഇയാള്‍ നല്കിയ മൊഴി. അതുപോലെ തന്നെ വാഹന ഉടമയ്ക്ക് വാഹനം വാടകയ്ക്ക് നല്‍കാനുള്ള ലൈസന്‍സ് ഇല്ലായിരുന്നു എന്നും വിവരമുണ്ട്.
തിങ്കളാഴ്ച്ചയാണ് വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ടവേര കാര്‍ കെഎസ്ആര്‍ടിസി ബസുമായി കൂട്ടിയിടിച്ചത്. അപകടത്തില്‍ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ചിരുന്ന കാര്‍ പൂര്‍ണമായും തകര്‍ന്നു. പതിനൊന്ന് പേരാണ് കാറിലുണ്ടായിരുന്നത്. രണ്ട് പേര് ബൈക്കിലും ഇവര്‍ക്കൊപ്പം എത്തിയിരുന്നു. സിനിമയ്ക്ക് പോകാന്‍ വേണ്ടിയായിരുന്നു ഇവര്‍ കാറുമായി ഹോസ്റ്റലില്‍ നിന്നിറങ്ങിയത്.






